ind-aus

സിഡ്നി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റിൽ രണ്ടാം ദിനം മികച്ച സ്‌കോറിലേക്ക് കുതിച്ച ഓസ്‌ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യൻ ബോളർമാർ. സെഞ്ച്വറി നേടിയ സ്‌റ്റീവ് സ്‌മിത്തിന്റെയും ( 226 പന്തിൽ 131) 91 റൺസ് നേടിയ ലാബുഷെയ്‌ന്റെയും മികവിൽ ഓസ്‌ട്രേലിയ 105.4 ഓവറിൽ 338ന് എല്ലാവരും പുറത്തായി. മറുപടി ബാ‌റ്റിംഗിനിറങ്ങിയ ഇന്ത്യ ചായ സമയത്തിന് ശേഷം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 18 ഓവറിൽ വിക്ക‌റ്റ് നഷ്‌ടം കൂടാതെ 50 റൺസ് നേടിയിട്ടുണ്ട്.

നേരത്തെ 2 വിക്ക‌റ്റ് നഷ്‌ടത്തിൽ 166 എന്ന നിലയിൽ രണ്ടാം ദിനം ബാ‌റ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയയ്‌ക്ക് സ്‌കോർ 206ൽ നിൽക്കുമ്പോൾ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു മാർനസ് ലാബുഷെയ്‌നെ നഷ്‌ടമായി 196 പന്തിൽ 11 ബൗണ്ടറികളടക്കം 91 റൺസാണ് ലാബുഷെയ്ൻ നേടിയത്. ജഡേജയുടെ പന്തിൽ നായകൻ റഹാനെയ്‌ക്ക് ക്യാച്ച് നൽകിയാണ് ലാബുഷെയ്ൻ മടങ്ങിയത്. തുടർന്ന് മാത്യു വെയ്ഡ്(13), റൺസൊന്നും നേടാതെ കാമറൂൺ ഗ്രീൻ, ഒരു റൺ മാത്രം നേടി നായകൻ ടിം പയ്ൻ, റണ്ണൊന്നുമെടുക്കാതെ പാ‌റ്റ് കുമ്മിൻസ് എന്നിവർ വേഗം പുറത്തായി. തുടർന്ന് വന്ന മിച്ചൽ സ്‌റ്റാർക്ക് രണ്ട് ബൗണ്ടറികളും ഒരു സിക്‌സും പായിച്ച് സ്‌മിത്തിനൊപ്പം പിടിച്ചു നിന്നെങ്കിലും 30 പന്തിൽ 24 നേടിയ സ്‌റ്റാർക്കിനെ തുടക്കക്കാരൻ നവ്ദീപ് സെയ്‌നി ഔട്ടാക്കി. തുടർന്ന് നഥാൻ ലിയോൺ പൂജ്യത്തിന് പുറത്തായി. അവസാനമായി സ്‌കോർ 338ൽ നിൽക്കെ സ്‌മിത്തും പുറത്തായതോടെ ഓസ്‌ട്രേലിയൻ പോരാട്ടം അവസാനിച്ചു.

മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ പേസർമാരും സ്‌പിന്നർമാരും രണ്ടാം ദിനം ഓസ്‌ട്രേലിയയെ പിടിച്ചു കെട്ടി. 18 ഓവറിൽ 62 റൺസ് വഴങ്ങി 4 വിക്ക‌റ്റ് വീഴ്‌ത്തിയ സ്‌പിന്നർ രവീന്ദ്ര ജഡേജയാണ് തിളങ്ങിയത്. നവ്ദീ‌പ് സെയ്‌നിയും ജസ്‌പ്രീത് ബുംറയും രണ്ട് വിക്ക‌റ്റുകളും മുഹമ്മദ് സിറാജ് ഒരുവിക്കറ്റും വീഴ്ത്തി.

ഇന്ത്യയ്‌ക്കായി ഓപ്പണർമാർ രോഹിത്ത് ശർമ്മയും (22) ശുഭ്മാൻ ഗില്ലും(27) ആണ് ഇപ്പോൾ ക്രീസിൽ.