തിരുവനന്തപുരം: സി പി എമ്മിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് പരിഗണന നൽകാൻ തയ്യാറെടുത്ത് സി പി ഐ. തദ്ദേശ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് വിജയിച്ച ഫോർമുല നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാണ് പാർട്ടി നീക്കം. ഇതുസംബന്ധിച്ചുളള അനൗദ്യോഗിക ചർച്ചകൾ സി പി ഐയിൽ തുടങ്ങി.
മൂന്ന് തവണ തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിർത്തുമെന്നാണ് സി.പി.ഐ നേതാക്കൾ നൽകുന്ന സൂചന. സി പി ഐയുടെ നിയമസഭയിലെ പ്രമുഖ നേതാക്കളായ സി ദിവാകരൻ, മുല്ലക്കര രത്നാകരൻ, വി എസ് സുനിൽകുമാർ, ബിജിമോൾ, തിലോത്തമൻ, കെ രാജു തുടങ്ങിയവരൊക്കെ മൂന്ന് ടേം പൂർത്തിയാക്കുന്നവരാണ്. ഇതോടെ ഭൂരിപക്ഷം സിറ്റിംഗ് സീറ്റുകളിലും പുതുമുഖങ്ങൾ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
പുതിയ നയം നടപ്പായാൽ നിലവിലെ മന്ത്രിസഭയിലെ ഇ ചന്ദ്രശേഖരൻ ഒഴിച്ച് ബാക്കി മൂന്ന് സി പി ഐ മന്ത്രിമാർക്കും മത്സരിക്കാനാകില്ല. തൃശൂരിൽ സുനിൽകുമാറിനെ മാറ്റി പരീക്ഷിച്ചാൽ വിജയിക്കുമോയെന്ന സംശയം പാർട്ടിക്കുണ്ട്. നെടുമങ്ങാട്ട് സി ദിവാകരനെ മാറ്റി പരീക്ഷിക്കുന്നതും തിരിച്ചടിയാകുമോയെന്നാണ് ഭയം. അതേസമയം, പൊതുനയം വന്നാൽ ഇവരുടെ കാര്യത്തിലും വേർതിരിവുണ്ടാകില്ലെന്നാണ് സി പി ഐ വൃത്തങ്ങൾ പറയുന്നത്.
ഇ ചന്ദ്രശേഖരൻ അടക്കം രണ്ട് ടേം പൂർത്തിയാക്കുന്ന ഭൂരിപക്ഷം എം എൽ എമാരും ഇത്തവണ മത്സരിക്കുമോയെന്ന കാര്യത്തിലും ഉറപ്പ് പറയാൻ സി പി ഐ തയ്യാറായിട്ടില്ല. ശുഭേഷ് സുധാകർ, ജിസ്‌മോൻ, സജിലാൽ, മഹേഷ് കക്കത്ത് തുടങ്ങി വലിയൊരു പുതുനിര പാർട്ടിയെ നയിക്കാൻ സജ്ജമായി നിൽക്കുകയാണ്.
പി.വസന്തം, ദേവിക തുടങ്ങിയ വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ചർച്ചകളിൽ സജീവമായി ഉയർന്നിട്ടുണ്ട്. പി. പ്രസാദ്, ചിഞ്ചുറാണി അടക്കമുളള നേതാക്കൾക്കും സീറ്റ് നൽകുന്ന കാര്യം പാർട്ടിയുടെ പരിഗണനയിലുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കാനാണ് സി പി ഐ നേതൃത്വത്തിന്റെ തീരുമാനം.