dry-run

ന്യൂഡൽഹി: കൊവിഡ് വാക്‌സിനേഷൻ പ്രക്രിയയ്‌ക്കുള‌ള ഒരുക്കങ്ങൾ പരിശോധിക്കുന്നതിനുള‌ള രണ്ടാം ഘട്ട ഡ്രൈ റൺ ഉത്തർപ്രദേശിലും ഹരിയാനയിലും ഒഴികെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഓരോ ജില്ലകളിലും ആരംഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർദ്ധൻ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്രൈ റൺ നടക്കുന്നയിടത്ത് സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.

ഏറ്റവും താഴേക്കിടയിൽ വരെ വാക്‌സിനേഷൻ പ്രക്രിയയ്‌ക്കുള‌ള ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. 'ലക്ഷക്കണക്കിന് ആരോഗ്യപ്രവർത്തകർ പരിശീലനം പൂർ‌ത്തിയാക്കി. ഇപ്പോഴും ബാക്കി പ്രവർത്തകർ പരിശീലനം തുടരുന്നു.' ഡോ.ഹർഷ വർദ്ധൻ പറഞ്ഞു.

തമിഴ്‌നാട് സർക്കാർ കൊവിഡ് വാക്‌സിനേഷനായി നടത്തിയ ഒരുക്കങ്ങളിൽ മന്ത്രി തൃപ്‌തി അറിയിച്ചു. കുറഞ്ഞ സമയം കൊണ്ടാണ് രാജ്യത്ത് വാക്‌സിൻ വികസിപ്പിച്ചതെന്നും ഇനി ദിവസങ്ങൾക്കകം രാജ്യത്തെ ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ നൽകാനാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. 'ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിര ജീവനക്കാർക്കും ആദ്യം വാക്‌സിൻ നൽകും. തുടർന്ന് അൻപത് വയസിന് മുകളിലുള‌ളവർക്കും വാ‌ക്‌സിൻ നൽകും.' ആരോഗ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തെ 125 ജില്ലകളിലാണ് ഡ്രൈ റൺ നടത്തിയത്. ഇത്തവണ രാജ്യമാകെ നടത്തുന്നുണ്ട്. മന്ത്രി പറഞ്ഞു.

vaccination

ആരോഗ്യമേഖലയിലെ ഗവൺ‌മെന്റിതര സ്ഥാപനങ്ങളോടും കൊവിഡ് പ്രതിരോധത്തിന് മുന്നിട്ടിറങ്ങാൻ ഡോ.ഹർഷ വ‌ർദ്ധൻ അഭ്യർത്ഥിച്ചു. രാജ്യത്ത് രോഗമരണനിരക്ക് കുറവും രോഗമുക്തി നിരക്ക് കൂടുതലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. മാർച്ച് മാസത്തിൽ രോഗം തിരിച്ചറിയാൻ രാജ്യത്ത് ഒരൊറ്റ ലാബാണ് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് 2300 ലാബുകളുണ്ട്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് രാജ്യത്ത് ആദ്യ കൊവിഡ് വാക്‌സിന് അനുമതി നൽകിയത്. ഓക്‌സ്‌ഫോർഡ് സർവകലാശാലയും ആസ്‌ട്ര സെനെക്കയും ചേർന്ന് നിർമ്മിച്ച കൊവിഷീൽഡ് വാക്‌സിനാണ് ആദ്യമായി അനുമതി ലഭിച്ചത്. തുടർന്ന് അടിയന്തര ഉപയോഗത്തിന് ഭാരത് ബയോടെകിന്റെ കൊവാ‌ക്‌സിനും അനുമതി ലഭിച്ചു.