elon-musk

ന്യൂയോർക്ക്: ഭൂമിയിലെ ഏറ്റവും വലിയ ധനാഢ്യനായി ടെസ്‌ല- സ്പേസ്എക്‌സ് സിഇഒ ഇലോൺ മസ്‌ക് മാറിക്കഴിഞ്ഞു. ബ്ളൂംബെർഗ് പുറത്തുവിട്ട പട്ടികയിലാണ് ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ ജെഫ് ബസോസിനെ പിന്തള്ളി നാൽപ്പത്തിയൊമ്പതുകാരനായ മസ്‌ക് സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. 195 ബില്യൺ ഡോളർ അഥവാ 14,23,500 കോടിയാണ് ഇലോൺ മസ്‌കിന്റെ ആകെ സമ്പത്ത്. ബസോസിനിത് 185 ബില്യൺ ഡോളറാണ്.

കഴിഞ്ഞ ദിവസം ടെസ്‌ല സ്‌റ്റോക്ക് 7.94 ശതമാനം ഉയർന്നതാണ് ബെസോസിനെ കടത്തിവെട്ടി ലോകസമ്പന്നരിൽ സമ്പന്നനാകാൻ മസ്‌കിനെ സഹായിച്ചത്. ഇക്കഴിഞ്ഞ ഒരുവർഷം കൊണ്ട് 150 ബില്യൺ ഡോളറിന്റെ വർദ്ധനവാണ് മസ്‌കിന്റെ ആസ്ഥിയിലുണ്ടായത്. അതായത് ഓരോമണിക്കൂറിലും കുമിഞ്ഞുകൂടിയത് 127 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ആസ്ഥി വർദ്ധനവായാണ് ഇലോൺ മസ്‌കിന്റെ കുതിപ്പിനെ സാമ്പത്തിക വിദഗ്‌ദ്ധർ വിലയിരുത്തുന്നത്.

ഒരുവർഷത്തിലധികമായി സ്ഥിരതയാർന്ന പ്രകടനമാണ് ഓഹരി വിപണിയിൽ ടെസ്‌ല കാഴ്‌ചവയ‌്ക്കുന്നത്. ഇത്തരത്തിൽ മുന്നോട്ടുപോവുകയാണെങ്കിൽ ലോകത്തിലെ ആദ്യ ട്രില്യണയർ ആയി ഇലോൺ മസ്‌ക് മാറുമെന്നാണ് ചില സാമ്പത്തിക ശാസ്‌ത്ര‌ജ്ഞരുടെ പ്രവചനം. നിലവിലെ അവസ്ഥയിൽ വിപണിവിലയുടെ മൂന്നിരിട്ടി മൂല്യം ടെസ്‌ലയുടെ ഓഹരികൾക്കുണ്ടെന്ന് പ്രമുഖ നിക്ഷേപൻ ഷാമത്ത് പലിഹാപിത്തിയ പറയുന്നത്. ടെസ്‌ല നിക്ഷേപകരോട് ഒരുകാരണവശാലും ഇപ്പോൾ ഓഹരികൾ വിറ്റഴിക്കരുതെന്നും, മസ്‌കിന് പിന്തുണ നൽകണമെന്നുമാണ് ഷാമത്തിന്റെ ഉപദേശം.