പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിനെക്കുറിച്ച്ഗായകൻ ജി. വേണുഗോപാൽ എഴുതുന്നു
സംഗീതലോകത്തെ അപൂർവരാഗമാണ് ഡോ. കെ.ജെ. യേശുദാസ്. മലയാളിയുടെ ഹൃദയതാളത്തിനൊപ്പമുള്ള മധുരസംഗീതം. മഴയും വെയിലും പോലെ നിത്യസാന്നിദ്ധ്യം. യേശുദാസ് എന്ന മഹാനായ ഗായകനെ, ഗുരുവിനെ, വഴികാട്ടിയെ അടുത്തറിയാൻ കഴിഞ്ഞത് ദൈവാനുഗ്രഹം. ആദ്യ കാഴ്ചയുടെ ഓർമയും അദ്ഭുതവും അന്നത്തെ ഏഴാം ക്ളാസുകാരന്റെ കണ്ണിലൂടെ ഇന്നും എനിക്ക് അനുഭവിക്കാനാവും.
എന്റെ അടുത്ത ബന്ധുവാണ് ഞങ്ങൾ സുജുവെന്ന് വിളിക്കുന്ന ഗായിക സുജാത. സുജു അന്ന് ദാസേട്ടന്റെ ഗാനമേളകളിൽ സ്ഥിരമായി പാടും. നാഗർകോവിൽ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഗാനമേളയുണ്ടെങ്കിൽ സുജു വഴുതക്കാടുള്ള ഞങ്ങളുടെ കുടുംബവീട്ടിലാണ് താമസം. അങ്ങനെയൊരു ദിവസമാണ് ദാസേട്ടനെ ആദ്യമായി കാണാനവസരം ഒരുങ്ങുന്നത്. തിരുവനന്തപുരത്ത് ഗാനമേളയുള്ളപ്പോൾ ദാസേട്ടൻ ജഗതിയിൽ പ്രഭച്ചേച്ചിയുടെ വീട്ടിലാണ് താമസിക്കാറ്. ആ വീട് ഇപ്പോഴില്ല. ആദ്യമായി സുജുവിനൊപ്പം ദാസേട്ടനെ കാണാൻ ചെല്ലുമ്പോൾ ഞാൻ ഏഴാം ക്ളാസിൽ പഠിക്കുകയാണ്. അവശത അനുഭവിക്കുന്ന ഗായകൻ കെ.എസ്. ജോർജിന്റെ കാൻസർ ചികിത്സയ്ക്ക് ഫണ്ടുണ്ടാക്കാൻ സംഘടിപ്പിച്ചതാണ് അന്നത്തെ ഗാനമേള. ജയചന്ദ്രൻ, എസ്. ജാനകി, ലത തുടങ്ങി വേറെയും ഒരുപാട് പാട്ടുകാരുണ്ട്. ദാസേട്ടനെ കാണാനുള്ള ആകാംക്ഷ അടക്കാനാവാതെ പ്രഭച്ചേച്ചിയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹം അവിടെയില്ല. ടെന്നിസ് ക്ളബിൽ കളിക്കാൻ പോയിരിക്കുകയാണ്. അധികം വൈകാതെ തിരിച്ചെത്തി. ഉമ്മറത്ത് തന്നെയിരുന്നു. ഞാൻ അടുത്തുചെന്ന് പരിചയപ്പെട്ടു. വർത്തമാനമൊക്കെ പറഞ്ഞു. വളരെ വാത്സല്യത്തോടെയായിരുന്നു സംസാരം. ആ സ്വാതന്ത്ര്യത്തിൽ ജേർണലിസ്റ്റിന്റെ രീതിയിൽ ദാസേട്ടനോട് ചില ചോദ്യങ്ങളൊക്കെ ചോദിച്ചു. അവസാനമായി പാടിയ സിനിമ ഏതാണ്? ദാസേട്ടൻ പറഞ്ഞു പിക് നിക്ക്. ആരാണ് സംഗീതസംവിധായകൻ? അർജുനൻ മാസ്റ്റർ. എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയാണ് എന്നൊക്കെ. അങ്ങനെ ആദ്യകാഴ്ചയിൽ തന്നെ എനിക്ക് വല്യ ഇഷ്ടമായി.
പിന്നീട് പിക് നിക്ക് റിലീസാവുകയും പാട്ടുകളൊക്കെ ഹിറ്റാവുകയും ചെയ്തപ്പോൾ അതൊക്കെ ഞാൻ പാടിയ പോലൊരു സന്തോഷമായിരുന്നു. പിന്നീടുള്ള ദാസേട്ടനുമായുള്ള ഓർമകളിലധികവും സംഗീതജീവിതവുമായി ബന്ധപ്പെട്ടതാണ്.
തരംഗിണിയിൽ പാടി
അതിൽ ഏറ്റവും വലിയ ഭാഗ്യം തരംഗിണിയിൽ പാടാനവസരം ലഭിച്ചതാണ്. ഞാൻ പാടിത്തുടങ്ങിയ സമയമായിരുന്നു. തരംഗിണിയുടെ വാർഷികത്തിന് കൂടെ പാടാൻ അദ്ദേഹം വിളിച്ചു. അങ്ങനെ ദാസേട്ടനൊപ്പം ആദ്യമായി ഗാനമേളയിൽ പങ്കെടുത്തു.പിന്നെ എന്നെ തേടിയെത്തുന്നത് തരംഗിണിയുടെ വിളിയാണ്. രണ്ട് കാസറ്റുകൾക്കു വേണ്ടി പാടാൻ. ആലപ്പി രംഗനാഥാണ് സംഗീതം . അസർമുല്ല, ഖൽബിലെ ഗീതങ്ങൾ എന്നീ കാസറ്റുകൾ. മാപ്പിളപ്പാട്ടുകളായിരുന്നു. പുതിയ ഗായകന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമായിരുന്നു അത്. അന്നുമുതൽ ദാസേട്ടൻ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. എത്രയോ സ്റ്റേജുകളിൽ അദ്ദേഹത്തോടൊപ്പം പാടി. എങ്ങനെ പാടണമെന്നൊക്കെ ദാസേട്ടൻ പറഞ്ഞു തരുമായിരുന്നു. ജൂനിയേഴ്സിനോടെല്ലാം വളരെ പ്രോത്സാഹജനകമായ സമീപനമായിരുന്നു. അഭിനന്ദിക്കാൻ ഒരിക്കലും പിശുക്ക് കാട്ടിയിട്ടില്ല.
ദാസേട്ടൻ തന്ന അംഗീകാരം
മാളൂട്ടി എന്ന സിനിമയുടെ റെ ക്കാഡിംഗ് തരംഗിണിയിൽ നടക്കുന്ന സമയം. അതിന്റെ സംഗീതം നിർവഹിച്ചത് ജോൺസനാണ്. ഞാനും സുജാതയും റെക്കാഡിംഗ് കഴിഞ്ഞിറങ്ങുമ്പോൾ ദാസേട്ടൻ നിന്നു പാട്ട് കേൾക്കുന്നു. നല്ല റേഞ്ചാണ്, നിങ്ങൾ നന്നായി പാടിയിട്ടുണ്ട് എന്നു പറഞ്ഞ് അഭിനന്ദിച്ചപ്പോൾ വലിയൊരു അവാർഡ് കിട്ടിയതിന് തുല്യമായി. അതുപോലെ പല പ്രാവശ്യം സ്റ്റേജിൽ വച്ചും അഭിനന്ദിച്ചിട്ടുണ്ട്. ഒരിക്കൽ ബാബുരാജ് അക്കാഡമിക്ക് വേണ്ടി കോഴിക്കോട് മാക്ട സംഗമത്തിൽ പാടിയപ്പോൾ മൂകാംബികാദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കട്ടേയെന്ന് പറഞ്ഞ് അനുഗ്രഹിച്ചു.
ദാസേട്ടന്റെ 60 വർഷങ്ങൾ തിരുവനന്തപുരത്ത് ആഘോഷിച്ചപ്പോഴും ഗാനമേളയ്ക്ക് ഞാനുണ്ടായിരുന്നു. എന്റെ സംഗീതയാത്രയിലെ പ്രധാനപ്പെട്ട എല്ലാ പരിപാടികൾക്കും ദാസേട്ടന്റെ സാന്നിദ്ധ്യവും അനുഗ്രഹവും ഉണ്ടായിട്ടുണ്ട്.
മാർഗ നിർദ്ദേശങ്ങൾ
2002-ൽ ഗന്ധർവസംഗീതം പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് ഞാൻ മദ്രാസിലാണ് താമസം. അക്കാലത്ത് ദാസേട്ടനും സുശീലാമ്മയ്ക്കുമുള്ള പാട്ടിന്റെ ലിസ്റ്റുകൾ ചാനലുകാർ എന്റെ കൈയിലാണ് തരുന്നത്. ഞാനാണത് കൈമാറിയിരുന്നത്. അങ്ങനെയും നല്ല അടുപ്പമാണ്. പുതിയ ഗായകർക്ക് മാർഗനിർദ്ദേശങ്ങൾ തരാൻ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഓരോ മനുഷ്യർക്കും അവരുടേതായിട്ടുള്ള ഭക്ഷണക്രമമുണ്ട്. അത് മനസിലാക്കണം. അതു മാത്രമേ കഴിക്കാവൂ. പാട്ടിൽ മാത്രമല്ല ജീവിതത്തിലും അച്ചടക്കം വേണമെന്നും എപ്പോ ഴും പറയാറുണ്ട്. പുതിയ പിന്നണി ഗായകർക്ക് നിൽക്കാനുള്ള അടിത്തറ ഒരുക്കിയത് ഈ മനുഷ്യനാണ്. ദാസേട്ടന്റെയും ജയേട്ടന്റെയും നാച്വറൽ ജീനിയസിനോളം ഒരിക്കലും ഞങ്ങളുടെ തലമുറയെത്തില്ല. അവർക്ക് പിന്നാലെ വന്നവരിൽ ഏറ്റവും സീനിയറായിട്ടുള്ളവർ ഞങ്ങളാണ്. അവരെ കണ്ടാണ് ഞങ്ങൾ പാടിത്തുടങ്ങിയത്. ഇന്നും അവരാണ് മാതൃക.
എന്റെ ചെറുപ്പത്തിലൊക്കെ നൂറു പാട്ടുകളുണ്ടെങ്കിൽ അതിൽ 85ഉം ദാസേട്ടനാണ് പാടിയിരുന്നത്. പിന്നെ ജയേട്ടന്റെ പത്ത് നല്ല പാട്ടുകൾ. ബ്രഹ്മാനന്ദൻ ചേട്ടനും ശ്രദ്ധേയമായ ചില ഗാനങ്ങൾ പാടിയിട്ടുണ്ട്. സംഗീതത്തിൽ ദാസേട്ടൻ സൃഷ്ടിച്ച പാലരുവിയുടെ തീരത്തുകൂടി നടന്നപ്പോൾ അതിലൊന്ന് മുങ്ങി നിവരണമെന്ന് പിന്നാലെ എത്തിയ ഞങ്ങൾക്കും തോന്നി. അങ്ങനെ ഞങ്ങളും പാട്ടുകാരായി. പ്രത്യേകിച്ച് ലളിതസംഗീതത്തിൽ യേശുദാസ് എന്ന ഗായകൻ സൃഷ്ടിച്ച മാതൃക ഒരിക്കലും പകരം വയ്ക്കാനാവില്ല. പിൽക്കാലത്ത് ലളിതസംഗീതം വിട്ട് അദ്ദേഹം ശാസ്ത്രീയ സംഗീതത്തിലും സ്വന്തം മുദ്ര പതിപ്പിച്ചു.
സിനിമയിൽ എങ്ങനെ ലളിതമായി പാടണമെന്നും അതേരാഗം തന്നെ സംഗീതക്കച്ചേരിയിൽ എങ്ങനെ വിശദമായി പാടണമെന്നുമുള്ള ദാസേട്ടന്റെ ശ്രദ്ധയും അറിവും അപാരമാണ്. പാടിയ ഓരോ ഗാനത്തിലും സ്വന്തം മുദ്രപതിപ്പിച്ചയാളാണ് ദാസേട്ടൻ. മറ്റൊരു ശബ്ദവും ഇതിന് യോജിക്കില്ലെന്ന രീതിയിലുള്ള ഒരുപാട് ഗാനങ്ങൾ ദാസേട്ടൻ പാടിയിട്ടുണ്ട്. ഏഴുസ്വരങ്ങളും തഴുകി വരുന്നൊരു, ഹരിമുരളീരവം, ഭരതത്തിലെയും ഹിസ്ഹൈനസ് അബ്ദുള്ളയിലെയും ഗാനങ്ങൾ അങ്ങനെ നിരവധി ഉദാഹരണങ്ങൾ. രവിയേട്ടൻ (രവീന്ദ്രൻ മാഷ്) ദാസേട്ടനെ മാത്രം മനസിൽ കണ്ട് സംഗീതം നൽകിയതാണ് അവയെല്ലാം. ദാസേട്ടന്റെ ശബ്ദത്തിന്റെ അപൂർവ സാദ്ധ്യതകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ശാസ്ത്രീയമായുള്ള അവഗാഹം
ശാസ്ത്രീയമായുള്ള അവഗാഹം, ആരോഹണത്തിലും അവരോഹണത്തിലും അനായാസമായി സഞ്ചരിക്കാൻ കഴിയുന്ന ശബ്ദം, സംഗീതസംവിധായകൻ ഉദ്ദേശിക്കുന്ന രാഗഭാവം പാട്ടിൽ കൊണ്ടുവരാനുള്ള കഴിവ് ഇതെല്ലാം ഉണ്ടെങ്കിലേ അത്തരം പാട്ടുകൾ പാടാൻ കഴിയൂ. അതിന് വേറൊരു പാട്ടുകാരനില്ലല്ലോ. ആ പാട്ടുകൾ കേൾക്കുമ്പോൾ നാം സ്വയം മറക്കുന്നു, എല്ലാം സർവവ്യാപിയായ സംഗീതം മാത്രമാകുന്നു.
സംഗീതത്തിനു വേണ്ടി അദ്ദേഹം ചെയ്ത ത്യാഗങ്ങൾ ഒരുപാടുണ്ട്. സംഗീതം മാത്രം ശ്വസിക്കുകയും നിശ്വസിക്കുകയുമൊക്കെ ചെയ്യുന്നൊരാളാണ്. പാട്ടുകാരൻ എന്ന നിലയിലും സമൂഹവ്യക്തിയെന്ന നിലയിലും ദാസേട്ടൻപുലർത്തുന്ന മര്യാദ കണ്ടുപഠിക്കേണ്ടതാണ്.തന്റെ എല്ലാ നേട്ടങ്ങളും അദ്ദേഹം മുകളിലുള്ള ഒരു ശക്തിക്കാണ് സമർപ്പിക്കുന്നത്.
ലോകത്തിന് മുന്നിൽ കേരളത്തിൽ നിന്ന് നമുക്ക് എടുത്തുകാട്ടാവുന്ന സംഗീതത്തിന്റെ മൂർത്തീഭാവമാണ് ദാസേട്ടൻ. ഇന്നും അദ്ദേഹത്തിന്റെ പാട്ടുകൾ ഇറങ്ങുമ്പോൾ ഒരു സംഗീതവിദ്യാർത്ഥി എന്ന നിലയിൽ ശ്രദ്ധയോടെ കേൾക്കും. കച്ചേരികളും കേൾക്കാറുണ്ട്. അദ്ദേഹത്തിന്റെ തൊട്ടുതാഴെയുള്ള തലമുറയിൽ പാടി ജീവിക്കാൻ കഴിഞ്ഞു എന്നതു തന്നെ വളരെ സന്തോഷം.
ബോളിവുഡ് നീതി കാട്ടിയില്ല
എത്രയോ മനോഹരങ്ങളായ ഗാനങ്ങൾ ഹിന്ദിയിൽ ദാസേട്ടൻ പാടി. പക്ഷേ, അദ്ദേഹത്തിന്റെ പ്രതിഭയോട് ഹിന്ദി സംഗീതരംഗം നീതിപുലർത്തിയില്ല. അതവരുടെ സിനിമാസംഗീതത്തിന്റെ പ്രത്യേകതയാണ്. ഒട്ടും ആഴമില്ലാത്ത സംഗീതത്തിനു പിന്നാലെയാണ് ഹിന്ദിസിനിമാ ലോകം പോകുന്നത്. അതാവാം ദാസേട്ടനെ പോലുള്ള പ്രതിഭകളെ ഉപയോഗിക്കാൻ അവർക്ക് കഴിയാത്തത്.
അഭിനയത്തിലും ഗന്ധർവൻ
ദാസേട്ടന്റെ പാട്ടുകൾ ജനഹൃദയങ്ങൾ കീഴടക്കി തുടങ്ങിയ കാലത്തു തന്നെ അദ്ദേഹം സിനിമകളിലും പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ജനപ്രീതി സിനിമയുടെ വിജയത്തെ സ്വാധീനിക്കുമെന്ന് നിർമ്മാതാക്കൾ വിശ്വസിച്ചിരുന്നിരിക്കാം. പാടി അഭിനയിക്കാനുള്ള നിരവധി അവസരങ്ങൾ തേടിയെത്തിയപ്പോൾ അദ്ദേഹം അവ സ്വീകരിക്കുകയായിരുന്നു. എന്റെ സ്വപ്നത്തിൻ ,കുങ്കുമപ്പൂവുകൾ പൂത്തു, സുറുമ നല്ല സുറുമ തുടങ്ങി പാടി അഭിനയിച്ചവയെല്ലാം വൻ ഹിറ്റുകളുമായി.