കുപ്‌വാര: കടുത്ത മഞ്ഞുവീഴ്‌ച സാധാരണജീവിതം ദുർഘടമാക്കിയ കാശ്‌മീരിൽ ഒരു ഗർഭിണിയ്‌ക്ക് സഹായമായത് ഇന്ത്യൻ സൈന്യം. കുപ്‌വാരയിൽ കാരൽപുരയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്‌ച രാത്രി 11.30ന് കരസേനയുടെ കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ (സിഒബി) സഹായമഭ്യർത്ഥിച്ച് ഒരു ഫോൺവിളി വന്നു. ഫാർക്കിയൻ ഗ്രാമത്തിലെ മൻസൂർ അഹമ്മദ് ഷെയ്‌ഖിന്റെതായിരുന്നു അത്. പ്രസവ വേദന അനുഭവപ്പെടുന്ന തന്റെ ഭാര്യയെ ആശുപത്രിയിലെത്താൻ സഹായിക്കണമെന്നായിരുന്നു മൻസൂറിന്റെ ആവശ്യം.
മൻസൂർ ഷെയ്‌ഖ് വിളിക്കുമ്പോൾ കുപ്‌വാരയിലെ ഗ്രാമങ്ങളിൽ 24 മണിക്കൂറിലേറെയായി മഞ്ഞുവീഴ്‌ചയായിരുന്നു. സാധാരണ ആശുപത്രി വാഹനങ്ങൾക്ക് പുറത്തിറങ്ങാനാകാത്തവിധം വഴിയാകെ മഞ്ഞുമൂടി. സഹായത്തിനെത്തിയ സൈനികർ യുദ്ധക്കളത്തിൽ ജോലി നോക്കാറുളള വിദഗ്ദ്ധ പരിശീലനം നേടിയ നഴ്‌സിംഗ് അസിസ്‌റ്റന്റിനെയും അത്യാവശ്യം വേണ്ട മെഡിക്കൽ ഉപകരണങ്ങളും കരുതി.
Heavy snow in Kashmir brings unprecedented challenges for citizens, especially in higher reaches. Watch the Soldier & Awam fighting it out together by evacuating a patient to the nearest PHC for medical treatment. #ArmyForAwam#AmanHaiMuqam pic.twitter.com/DBXPhhh0RP
— PRO Udhampur, Ministry of Defence (@proudhampur) January 7, 2021
കാൽമുട്ട് വരെ മഞ്ഞുമൂടിയ ദുർഘട വഴിയിലൂടെ സൈനികർ രണ്ട് കിലോമീറ്റർ ദൂരം ഗർഭിണിയെ ചുമന്ന് കാരൽപുരയിലെ ആശുപത്രിയിലെത്തിച്ചു. ഉടനെ ലേബർറൂമിലേക്ക് പ്രവേശിപ്പിച്ച യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. സന്തോഷവാർത്ത എത്തിയതോടെ വിവിധ ഭാഗത്ത് നിന്നും ഇന്ത്യൻ കരസേനയെ അഭിനന്ദിച്ച് സന്ദേശങ്ങളെത്തി. ഷെയ്‌ഖ് പിന്നീട് കമ്പനി ഓപ്പറേഷൻ ബേസിലെത്തി സൈനികർക്ക് മധുരം നൽകി തന്റെ സന്തോഷം പങ്കുവച്ചു.