ചെയ്ത് തീർക്കേണ്ട സമയത്ത് ജോലികൾ തീർന്നില്ലെന്നുകരുതി ടെൻഷനടിക്കേണ്ട കാര്യമേ ഇല്ല. ടെൻഷൻ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുക മാത്രമേ ഉള്ളൂ, അല്ലാതെ ജോലിഭാരം കുറക്കില്ല. കൃത്യസമയത്തുതന്നെ തീർക്കാൻ പരമാവധി ശ്രമിക്കുക. കയ്യിൽ നിൽക്കുന്നതിലും കൂടുതലാണെങ്കിൽ വിട്ടേക്കൂ. അതോർത്ത് വെറുതേ ടെൻഷനടിക്കേണ്ട. നമ്മളെ കൊണ്ട് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുക. എന്നിട്ട്, അത് ഭംഗിയായി ചെയ്ത് ടെൻഷൻ ഒഴിവാക്കൂ, മനസിലെ ചിന്തകൾ താനേ പോസിറ്റീവ് ആയിക്കോളും. സങ്കടങ്ങളിലെന്നും തുണയാകുന്നത് കൂട്ടുകാർ തന്നെയാകും. വീട്ടുകാരുമായി പങ്കുവയ്ക്കാൻ കഴിയുന്നതാവില്ല എല്ലാ പ്രശ്നങ്ങളും. കൂട്ടുകാരുമായുള്ള ബന്ധം എന്നും നിലനിർത്തണം. ആവശ്യത്തിനുമാത്രമാകരുത് കൂട്ടുകാരെ ആശ്രയിക്കുന്നത്. ജോലി മാത്രം എന്നും സന്തോഷം നൽകില്ല. അതിനോടൊപ്പം സുഹൃത്തുക്കളും കുടുംബവും എല്ലാം വേണം. അവർക്കൊപ്പമുള്ള കറക്കവും ഒരുമിച്ചുള്ള സൊറപറച്ചിലും തരുന്ന സന്തോഷം വളരെ വലുതാണ്. ഒഴിവുദിവസങ്ങളിൽ അല്പസമയം അവർക്കുവേണ്ടിയും ചെലവിടൂ. ജീവിതത്തിൽ സൗഹൃദങ്ങൾക്ക് സ്ഥാനം നൽകാൻ മറക്കരുത്.