ring

പന്ത്റണ്ടായിരത്തിലധികം വജ്രക്കല്ലുകൾ കൊണ്ട് മോതിരം തീർത്ത് ഗിന്നസ് റെക്കാഡിൽ ഇടം നേടി ജ്വല്ലറി ഉടമ. ഉത്തർ പ്രദേശിലെ മീറ​റ്റിലെ ഒരു ജുവലറി ഉടമയാണ് ഈ നേട്ടത്തിന് അർഹനായത്. റെനാനി ജുവൽസിന്റെ സ്ഥാപകനായ ഹർഷിദ് ബൻസാൽ 12,638 വജ്രക്കല്ലുകൾ ഉപയോഗിച്ചാണ് മോതിരം നിർമ്മിച്ചത്. സൂറത്തിൽ ജുവലറി ഡിസൈൻ കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ 2018 ലാണ് 25 കാരനായ ഹർഷിദ് ഗിന്നസ് റെക്കോഡിനായുള്ള ആദ്യം ശ്രമം നടത്തിയത്.

ഹർഷിദിന്റെ ജുവലറി സ്‌​റ്റോറിൽ നിർമ്മിച്ച ഈ മോതിരം 'ദ മാരിഗോൾഡ്, ദ റിംഗ് ഒഫ് പ്രോസ്‌പെരി​റ്റി് എന്നാണറിയപ്പെടുന്നത്. ഒരു ജമന്തിപ്പൂവിന്റെ ആകൃതിയിലാണ് മോതിരം നിർമ്മിച്ചിട്ടുള്ളത്. ഇത് സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും ചിഹ്നമായിട്ടാണ് അറിയപ്പെടുന്നത്. 165 ഗ്രാമിൽ കൂടുതലാണ് മോതിരത്തിന്റെ ഭാരം. എട്ട് പാളികളുള്ള ജമന്തി പൂവിന്റെ ഓരോ ദളത്തിനും സവിശേഷമായ രൂപകൽപനയുണ്ട്. 38.08 കാര​റ്റിന്റെ ആയിരക്കണക്കിന് വജ്രങ്ങളും ഈ മോതിരത്തിൽ ഘടിപ്പിച്ചിട്ടുണ്ട് . 2018 ൽ 18 കാര​റ്റ് മോതിരം നിർമ്മിച്ച് തുടങ്ങിയ ഹർഷിദ്,​ കഴിഞ്ഞ വർഷാവസാനമാണ് ഗിന്നസ് റെക്കോഡെന്ന സ്വപ്ന സാക്ഷാത്കാരം നേടിയത്.

മോതിരത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വജ്രങ്ങളും ഇ.എഫ് നിറവും വി.വി.എസ് വ്യക്തതയും ഉള്ളതാണ്. 'എല്ലായ്പ്പോഴും പതിനായിരത്തിലധികം വജ്രങ്ങൾ ഉപയോഗിച്ചുള്ള ഡിസൈൻ തയ്യാറാക്കുക എന്നതാണ് തന്റെ ലക്ഷ്യം" എന്ന് ഹർഷിദ് പറയുന്നു. പൂന്തോട്ടത്തിൽ പൂപറിക്കുന്ന സമയത്താണ് ജമന്തിപ്പൂവിൽ ഹർഷിദിന്റെ കണ്ണുടക്കുന്നത്. ആ പൂവിന്റെ ഘടന നന്നായി മനസ്സിലാക്കിയ ശേഷമാണ് തന്റെ വജ്ര മോതിരത്തിന് ജമന്തി പൂവിന്റെ ഡിസൈൻ മതിയെന്ന് ഹർഷിദ് തീരുമാനിച്ചത്. 7,801 വജ്ര കല്ലുകളുമായി മോതിരം ഉണ്ടാക്കിയ ഹൈദരാബാദിലെ ചന്തുഭായ് ഡയമണ്ട് സ്‌​റ്റോറിലെ കോട്ടി ശ്രീകാന്താണ് മുമ്പത്തെ റെക്കാഡ് നേടിയത്. 'ദ ഡിവൈൻ 7801 ബ്രഹ്മ വജ്ര കമലം' എന്നാണ് ആ മോതിരം അറിയപ്പെടുന്നത്.