കുഞ്ഞുങ്ങളെ ചെറു പ്രായത്തിൽ തന്നെ ചിട്ടയായ ജീവിതം പരിശീലിപ്പിക്കുന്നതാണ് അഭികാമ്യം. കുട്ടികളോട് സമയനിഷ്ഠ പാലിക്കാൻ നിർദേശിക്കണം. കളിക്കാനും പഠിക്കാനും വിനോദകാര്യങ്ങൾക്കും സമയം ശരിയായ രീതിയിൽ വിനിയോഗിക്കാൻ ശ്രദ്ധിക്കണം. പ്രായോഗികമായ കാര്യങ്ങൾ ചെയ്തുകാണിക്കാൻ ശ്രമിക്കണം. ലളിതമായ രീതിയിൽ വിവരം നൽകുകയും ഭക്ഷണം, വ്യായാമം, ഉറക്കം, വിശ്രമം എന്നിവ കൃത്യമായി ശ്രദ്ധിക്കുകയും ചെയ്യണം. വീട്ടിലെ കാര്യങ്ങളിൽ അവരെ കൂടി ഉൾപ്പെടുത്താൻ മറക്കരുത്. എല്ലാവരും ഒരുമിച്ച് ഭക്ഷണം പാകം ചെയ്യുകയും കളിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യണം. കുഞ്ഞുങ്ങൾ ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്യുമ്പോൾ പ്രശംസിക്കാൻ മടിക്കരുത്.അവരെ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും സഹായത്തിന് വിളിക്കാം. കുട്ടികളുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. കളികളിൽ കൂടെ, കഥകളിൽ കൂടെ, ചിത്രങ്ങളിൽ കൂടെ അവരുടെ വൈകാരികമായ വിഷമതകൾ പ്രകടിപ്പിക്കുവാനുള്ള അവസരവും നൽകണം. അവർ സുരക്ഷിതരാണെന്ന് വ്യക്തമാക്കുന്ന രീതിയിൽ മാത്രമേ അവരോട് ഇടപെടാവൂ. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം തന്നെ നിറുത്തുന്നതാണ് നല്ലത്.