nwc-membr

ലക്‌നൗ: സ്‌ത്രീകൾ ഒരിക്കലും അസമയത്ത് തനിച്ച് പുറത്തിറങ്ങരുതെന്ന ഉപദേശവുമായി ദേശീയ വനിതാ കമ്മീഷൻ അംഗം. ഉത്തർപ്രദേശിൽ പൂജാരിയും മ‌റ്റ് രണ്ട് സഹായികളും ചേർന്ന് ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ അൻപതുകാരിയുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷമായിരുന്നു ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖീ ദേവി ഇങ്ങനെ ഒരു അഭിപ്രായപ്രകടനം നടത്തിയത്. 'ഞാൻ എപ്പോഴും സ്‌ത്രീകളോട് പറയുന്നതാണ് ആരുടെ സ്വാധീനംകൊണ്ടായാലും ശരി നേരം ഇരുട്ടിയ ശേഷം സ്‌ത്രീകൾ തനിച്ചിറങ്ങി നടക്കരുത്.'

ഞായറാഴ്‌ച വൈകുന്നേരമാണ് അൻപതുകാരിയായ വീട്ടമ്മ ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്നും പോയത്. ക്ഷേത്രത്തിലെ പൂജാരിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഇവരെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

'അവർ നേരം അധികം വൈകുന്നതിന് മുൻപ് പോയിരുന്നെങ്കിലോ, അല്ലെങ്കിൽ കുടുംബത്തിലെ ഒരു കുട്ടിയെ ഒപ്പം കൂട്ടി പോയിരുന്നെങ്കിലോ ഈ സംഭവം ഒഴിവാക്കാമായിരുന്നു. ഇതൊരു മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ട സംഭവമാണ്. കാരണം ഫോൺ വിളി വന്ന ശേഷമാണ് വീട്ടമ്മ പുറത്തേക്ക് പോയതും ഈ ദുരവസ്ഥ വന്നതും.' ചന്ദ്രമുഖീ ദേവി പറഞ്ഞു.

എന്നാൽ ചന്ദ്രമുഖീ ദേവിയുടെ അഭിപ്രായം വ്യക്തിപരമായിരുന്നെന്നും ഇത് ദേശീയ വനിതാ കമ്മീഷന്റെ അഭിപ്രായമല്ലെന്നും കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കമ്മീഷൻ അംഗം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സ്‌ത്രീകൾക്ക് എവിടെയും എങ്ങനെയും എപ്പോൾ വേണമെങ്കിലും പോകാൻ അവകാശമുണ്ടെന്നും രേഖ ശർമ്മ പറഞ്ഞു.

അൻപതുകാരിയുടെ പോസ്‌റ്റ്മോർട്ടം റിപ്പോർട്ടിൽ അമിത രക്തസ്രാവം മൂലമുള‌ള ആഘാതമാണ് മരണകാരണം. പീഡനം നടന്നിട്ടുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.' സ്ഥലത്തെ മുഖ്യ മെഡിക്കൽ ഓഫീസറായ ഡോ.യശ്‌പാൽ സിംഗ് അറിയിച്ചു. കേസിൽ അന്വേഷണത്തിന് അനാസ്ഥ കാട്ടിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി സങ്കൽപ് ശർമ്മ പറഞ്ഞു.