ദിവസവും എത്രയെത്ര മോഷണ വാർത്തകളാണ് നമ്മൾ ടി.വിയിലൂടെയും പത്രത്തിലൂടെയും അറിയുന്നത്. നിങ്ങളുടെ ഓർമ്മയിലുള്ള ഏറ്റവും വലിയ മോഷണം ഏതാണ്? മോഷണ വസ്തുവിന്റെ മൂല്യമല്ല മറിച്ച് വലിപ്പമാണ് ഉദ്ദേശിച്ചത്. എന്തായാലും നിങ്ങൾ ഒരു വിമാന മോഷണത്തെക്കുറിച്ച് കേൾക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. എന്നാൽ, അങ്ങനെയും സംഭവിച്ചു. പുതുവത്സരത്തലേന്ന് ഒരു വിമാനത്താവളത്തിൽ നിന്ന് മോഷണം പോയത് ഒരു വിമാനമാണ്.
അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ കോട്ടൻവുഡ് എന്ന സ്ഥലത്താണ് ഈ അത്യപൂർവ്വമായ മോഷണം നടന്നത്. പുതുവത്സരത്തലേന്ന് നടന്ന മോഷണം ആയതിനാൽ തന്നെ മദ്യലഹരിയിലോ മറ്റോ ഒരാൾക്ക് തോന്നിയ ആവേശത്തിൽ ചെയ്തുപോയതാകാം എന്നാണ് കരുതുന്നത്. എന്തായാലും വിമാനം ഇപ്പോൾ വിമാനത്താവളത്തിലില്ല. മാത്രവുമല്ല വിമാനം മോഷ്ടിച്ചവരെപ്പറ്റി എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻ വിവരം കൈമാറണം എന്ന് കോട്ടൻവുഡ് അരിസോണ പോലീസ് വിഭാഗം ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിട്ടുണ്ട്.
കോട്ടൻവുഡ് സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള ഒരൊറ്റ റൺവേയും 10 ചെറുവിമാനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന ബേയുമുള്ള വിമാനത്താവളത്തിലാണ് മോഷണം നടന്നത്. വൈകിട്ട് 5 വരെയാണ് വിമാനത്താവളത്തിന്റെ പ്രവൃത്തി സമയം. പ്രധാന ഗേറ്റിന്റെ സുരക്ഷാ സംവിധാനങ്ങൾ നിർവീര്യമാക്കി അകത്തുകടന്ന മോഷ്ടാവ് N153PR എന്ന ടെയിൽ നമ്പറുള്ള വിമാനമാണ് അടിച്ചു മാറ്റിയത്. ഒപ്പം മറ്റൊരു വിമാനത്തിന്റെ ചില പാർട്സും മോഷണം പോയിട്ടുണ്ട്. 70,000-80,000 ഡോളറിന്റെ നഷ്ടം ( ഏകദേശം 51-58 ലക്ഷം രൂപ) ആണ് ഈ മോഷണം മൂലമുണ്ടായിരിക്കുന്നത് എന്നാണ് പോലീസ് റിപ്പോർട്ട്.
നഷ്‌ടമായ വിമാനത്തിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കോട്ടൻവുഡ് അരിസോണ പോലീസ് വിഭാഗം, പേര് വെളിപ്പെടുത്താതെ വിവരങ്ങൾ കൈമാറാൻ യാവെപൈ സൈലന്റ് വിറ്റ്നസ് എന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മോഷ്ടാവിന്റെ വിവരം നൽകുന്നവർക്ക് 450 ഡോളറാണ് (33,000 രൂപ) പാരിതോഷികമായി ലഭിക്കുക എന്നും കോട്ടൻവുഡ് അരിസോണ പൊലീസിന്റെ ഔദ്യോഗിക വൃത്തങ്ങൾ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.