pastha

കൊവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത കുറെ അനുഭവങ്ങളാണ്. നമ്മളിൽ പലരും പരമാവധി സമയവും വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാൻ നിർബന്ധിതരായി. സിനിമ കണ്ടും കളികളിൽ ഏർപ്പെട്ടും സമയം തള്ളിനീക്കിയപ്പോൾ നിരവധി പേരാണ് നൂതന പാചക പരീക്ഷണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ, ഭക്ഷണപ്രിയർ ഏറ്റവും കൂടുതൽ ഏറ്റെടുത്തത് ഫ്യൂഷൻ വിഭവങ്ങളാണ്. അതായത് ഒരിക്കലും ചേരില്ല എന്ന് നമ്മൾ ധരിച്ചിരുന്ന വിഭവങ്ങൾ ചേർത്ത് തയ്യാറാക്കുന്നൊരു പുതിയ വിഭവം. അലുവയും മത്തിക്കറിയും പോലെ.

ന്യുട്ടെല്ല ബിരിയാണി, ഓറിയോ ബജി, ച്യവനപ്രാശം ഫ്ളേവറിലുള്ള ഐസ്‌ക്രീം, പാസ്ത ദോശ, പരിപ്പ് ബിരിയാണി, ഐസ്‌ക്രീം വട പാവ്, മാഗ്ഗി നൂഡിൽസും തൈരും എന്നിങ്ങനെ പോകുന്നു 2020ലെ വെറൈ​റ്റി ഭക്ഷണങ്ങൾ. 2020ഓടെ ഈ ഫ്യൂഷൻ വിഭവങ്ങളുടെ പരീക്ഷണം അവസാനിച്ചു എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ,​ തെറ്റി. 2021 തുടക്കത്തിൽ തന്നെ ഒരു സ്‌പെഷ്യൽ സംഭവം എത്തിയിട്ടുണ്ട്, എനർജിഡ്രിങ്കും പാസ്തയും സ്‌പോർട്സ് താരങ്ങളും മ​റ്റും പെട്ടെന്ന് ഊർജ്ജം ലഭിക്കുന്നതിന് കുടിക്കുന്ന പാനീയങ്ങളിൽ ഒന്നാണ് എനർജി ഡ്രിങ്കുകൾ. റെഡ്ബുൾ, മോൺസ്​റ്റർ, കിക്ക് സ്​റ്റാർട്ട് തുടങ്ങിയ ബ്രാൻഡുകളുടെ എനർജി ഡ്രിങ്കുകൾ ഇപ്പോൾ സാധാരാണക്കാർക്കും പരിചിതമാണല്ലോ?​ വിദേശിയാണെങ്കിലും ഇന്ത്യയിലും സുലഭമായി കിട്ടുന്ന ഗേ​റ്റോറെയ്ഡ് ബ്രാന്റിന്റെ എനർജി ഡ്രിങ്കും പാസ്​തയും ചേർത്ത് ഒരു ഫ്യൂഷൻ ഫുഡ് തയ്യാറാക്കുന്നതിനെ പറ്റി കേൾക്കുമ്പോൾ തന്നെ ഓക്കാനം വന്നേക്കാം. എന്നാൽ സംഗതി സത്യമാണ്.

ജസ്​റ്റിൻ ഫ്‌ളോം എന്ന അമേരിക്കൻ മജീഷ്യനാണ് ഈ പുതിയ വിഭവത്തിനു പിന്നിൽ. ഒരു സോസ് പാനിൽ ഒരു കുപ്പി മുഴുവൻ ഗേ​റ്റോറെയ്ഡ് എനർജി ഡ്രിങ്ക് ഒഴിച്ചതിന് ശേഷം മാക്കറോണി പാസ്ത അതിലേയ്ക്ക് ചേർത്തു. ഇത് നന്നായി പാകം ചെയ്ത ശേഷം മാക്കറോണി ഒരു പാത്രത്തിലേക്ക് മാ​റ്റി. ഗേ​റ്റോറെയ്ഡ് എനർജി ഡ്രിങ്കും കോൺഫ്ളവറും ചേർത്താണ് സോസ് തയ്യാറാക്കുന്നത്. ശേഷം ഈ സോസും പാകം ചെയ്ത് വച്ച മാക്രോണിയും യോജിപ്പിച്ചാണ് പുതിയ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഗേ​റ്റോറെയ്ഡ് എനർജി ഡ്രിങ്കിന്റെ നീല നിറത്തിലേക്ക് മാക്ക്റോണി മാറിയതു മാത്രമാണ് പ്രകടമായ മാ​റ്റം. ഗാർണിഷ് ചെയ്യാനായി ഒരു മുസംബി കഷ്ണം കൂടെ വച്ചതോടെ ഫ്യൂഷൻ ഫുഡ് റെഡി.

"നിങ്ങൾ ഇതുവരെ പാസ്ത കഴിച്ചതുപോലെയാവില്ല ഇനി കഴിക്കുക" എന്ന അടിക്കുറിപ്പോടെയാണ് ഫ്‌ളോം വീഡിയോ പങ്കിട്ടത്. എന്നാൽ, സത്യാവസ്ഥ എന്തെന്നാൽ ഈ വീഡിയോ കണ്ടുകഴിയുന്നതോടെ സാധാരണ പാസ്താവിഭവങ്ങൾ പോലും കഴിക്കാൻ കഴിയില്ല എന്നതാണ്.