congress

തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ കാറ്റുവീഴ്ച സംഘടനയിൽ കൊടുങ്കാറ്റായി മാറുകയാണ്. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്‌ത നേതാക്കളെ ചൊല്ലിയാണ് ഇപ്പോൾ കണ്ണൂർ ജില്ലയിലെ മലയോരത്തെ കോൺഗ്രസിൽ കൂട്ടപ്പൊരിച്ചൽ നടക്കുന്നത്. ജില്ലയിൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലാണ് കാറ്റുവീഴ്‌ച പടർന്നു പിടിച്ചിരിക്കുന്നത്. തൊലിപ്പുറത്തെ ചികിത്സ കൊണ്ടൊന്നും രോഗം മാറില്ലെന്ന് അറിയാവുന്ന നേതൃത്വം ചെറിയ ചൊട്ടുവിദ്യയ്‌ക്ക് പോലും തയ്യാറാകുന്നില്ലെന്ന പരാതിയും അണികൾക്കിടയിലുണ്ട്. എന്നാൽ ഏത് ചികിത്സയാണ് ഫലപ്രദമാകുമെന്നതിനെ കുറിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പൊന്നാപുരം കോട്ടകളാണ് മലയോരത്ത് തകർന്നടിഞ്ഞത്. പത്തും നാൽപതും വർഷം കുത്തകയായി വച്ചിരുന്ന പഞ്ചായത്തുകളാണ് കടപുഴകിയത്. കഞ്ഞിപ്പശ മുക്കി ഇസ്തിരിയിട്ട് വടിപോലെ വച്ച ഖദർധാരികൾ സാധാരണക്കാരന്റെ വിഷമം തെല്ലുപോലും അറിയുന്നില്ലെന്ന ആക്ഷേപമാണ് അണികൾക്ക് പറയാനുള്ളത്. തിരഞ്ഞെടുപ്പിൽ കോട്ടകളെല്ലാം തകരുമ്പോഴും പാർട്ടിയുടെ അടിത്തറയ്‌ക്കു കോട്ടമൊന്നുമില്ലെന്നാണ് സാധാരണ എല്ലാ പാർട്ടി നേതാക്കളും പറയാറുള്ളത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയമുണ്ടായപ്പോൾ സി.പി. എം നേതാക്കൾക്കും ഇതുതന്നെയായിരുന്നു പല്ലവി. ഇതേ പല്ലവി ഇപ്പോൾ കോൺഗ്രസ് നേതാക്കളും ആവർത്തിക്കുന്നുവെന്നു മാത്രം. എന്നാൽ സി.പി. എമ്മിന് മലയോരം നഷ്ടപ്പെടുന്നതു പോലെയല്ല കോൺഗ്രസിന് ഇവിടുത്തെ പഞ്ചായത്തുകളുമായുള്ള ആത്മബന്ധം. തെക്കൻ ജില്ലകളിൽ നിന്നു കണ്ണൂരിന്റെ മലയോരത്തെത്തി കാട്ടുമൃഗങ്ങളോടും മലമ്പനിയോടും രാവും പകലുമില്ലാതെ പൊരുതി പടുത്തുയർത്തിയ തങ്ങളുടെ നാട്ടിൽ കോൺഗ്രസിന്റെ കൊടിയല്ലാതെ മറ്റൊന്നും ഉയർന്നു പറക്കില്ലെന്ന വാശിയാണ് അവർ എക്കാലവും വച്ചുപുലർത്തിയിരുന്നത്.

'ഓ ...ഇതൊക്കെ എന്നാ. അതാ ജോസും കൂട്ടരും മാറിയപ്പോഴുണ്ടായ താത്കാലിക പ്രതിഭാസമല്ലെ' എന്നൊക്കെ പറഞ്ഞ് കൈകഴുകാനാണ് നേതൃത്വം ശ്രമിക്കുന്നത്. എന്നാൽ ഇപ്പോൾ അടിയും തടയും മലയോരത്ത് തുടങ്ങി. കാറ്റുവീഴ്ചയ്‌ക്കും കൂമ്പുചീയലിനും ചികിത്സ കണ്ടെത്തിയില്ലെങ്കിൽ മലയോരത്തെ കോൺഗ്രസിനെ ഉടൻ വെന്റിലേറ്ററിൽ കിടത്തേണ്ടി വരുമെന്നാണ് അവരുടെ വാദം.

ഏഴ് തവണ എം. എൽ. എയായ കെ.സി. ജോസഫിനെതിരെയാണ് ഇപ്പോൾ ഇരിക്കൂറിൽ അപസ്വരങ്ങളുയരുന്നത്.

കെ.സി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിലെ ഗ്രൂപ്പുകളി കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇരിക്കൂറിൽ സംഘടനയെ ദുർബലപ്പെടുത്തിയെന്ന ആക്ഷേപവുമായി ഒരു വിഭാഗം രംഗത്തെത്തിയതോടെ തമ്മിലടി രൂക്ഷമായത്. ഐ വിഭാഗത്തിനൊപ്പം എ ഗ്രൂപ്പിലെ ചില പ്രമുഖരും ചേർന്നാണ് എം.എൽ.എക്കെതിരെ ഇരിക്കൂറിൽ പടയൊരുക്കം ശക്തമാക്കുന്നത്.

ഗ്രൂപ്പുകളി പാരമ്യത്തിലെത്തിയതിനെ തുടർന്ന് കാലങ്ങളായി യു.ഡി.എഫ് ഭരിച്ച മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകൾ ഇത്തവണ തമ്മിലടിച്ച് നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിൽ കോൺഗ്രസ് അണികളും യു.ഡി.എഫ് ഘടകകക്ഷികളും പരസ്യപ്രതിഷേധവുമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. കെ.സി. ജോസഫിനെ ഇനിയും മത്സരിപ്പിക്കരുതെന്നും യുവാക്കളെ കൊണ്ടുവരണമെന്നുമാണ് വലിയൊരു വിഭാഗത്തിന്റെ ആവശ്യം. യു.ഡി.എഫിന്റെ അടിത്തറ തകർത്തവർക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇവർ പറയുന്നു. നടുവിലെ പരാജയം കോൺഗ്രസിന്റെ മാത്രം പിടിപ്പുകേടെന്നാരോപിച്ച് യു.ഡി.എഫിലെ മുഖ്യകക്ഷിയായ മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. ഇരിക്കൂറിലെ യു.ഡി.എഫ് കോട്ടകൾ കടപുഴകിയത് കെ.സി ജോസഫിന്റെ പിടിപ്പുകേട് മൂലമാണെന്നാണ് വിലയിരുത്തൽ.


നടുവിൽ ഇഫക്ടിൽ നടുവൊടിഞ്ഞ്
നടുവിൽ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും അധികാരം നഷ്ടപ്പെട്ടത് യു.ഡി.എഫിനെ ഞെട്ടിച്ചു. 40 വർഷത്തെ തുടർഭരണം നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം കോൺഗ്രസിന് മാത്രമാണെന്നാരോപിച്ച് മുസ്ലിംലീഗ് നേതൃത്വവും രംഗത്തെത്തി. ഡി.സി.സി സെക്രട്ടറിയായ ഐ വിഭാഗത്തിലെ ബേബി ഓടംപള്ളിയെ തഴഞ്ഞ് പ്രാദേശിക നേതാവായ അലക്‌സ് ചുനയംമാക്കലിനെ പ്രസിഡന്റാക്കാൻ എ ഗ്രൂപ്പ് നടത്തിയ കളിയാണ് നടുവിലിൽ പ്രശ്‌നങ്ങൾക്കിടയാക്കിയത്. ഒടുവിൽ ബേബി എൽ.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റാവുകയും ചെയ്‌തു.

മലയോരത്തെ കെ.സുധാകര പക്ഷത്തിന്റെ കോട്ടകൾ അടക്കമാണ് ഇത്തവണ തകർന്നടിഞ്ഞത്. സുധാകരനെ തർക്കുകയെന്ന ലക്ഷ്യം സഫലമായതിന്റെ ആശ്വാസത്തിലാണ് എ ഗ്രൂപ്പ്. വിപ്പ് ലംഘനവും അയോഗ്യതയുമെല്ലാം വരുമെന്നറിഞ്ഞിട്ടും ബേബിയും കൂട്ടരും ഇത്തരമൊരു നീക്കത്തിന് മുതിർന്നത് കോൺഗ്രസിൽ തമ്മിലടി തീവ്രമാണെന്നതിന്റെ തെളിവാണ്. ബേബി കേരള കോൺഗ്രസ് എമ്മിൽ ചേർന്നതും കോൺഗ്രസിന് തിരിച്ചടിയാണ്.
പയ്യാവൂരിൽ തിരഞ്ഞെടുപ്പിനു മുൻപേ തുടങ്ങിയ എ,ഐ തമ്മിലടി 22 വർഷത്തെ യു.ഡി.എഫ് കുത്തകയാണ് തകർത്തത്. കെ.പി.സി.സി സ്ഥാനാർത്ഥിക്കെതിരെ ഡി.സി.സി നോമിനി മത്സരിക്കാനിറങ്ങി. മണ്ഡലം പ്രസിഡന്റിനെ തോല്‌പിച്ച് കെ.പി.സി.സി സ്ഥാനാർത്ഥി ടി.പി.അഷ്റഫ് വിജയിക്കുകയായിരുന്നു. ഉദയഗിരിയിൽ 35 വർഷത്തിനു ശേഷം ഇടതുപക്ഷം അധികാരത്തിലേറി. ഇതിനെല്ലാം കാരണക്കാരൻ കെ.സി. ജോസഫാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം കരുതുന്നു.