
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, അനധികൃത വിദേശയാത്ര തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് സി.പി.എം സസ്‌പെൻഡ് ചെയ്‌ത കളമശേരി മുൻ ഏരിയാ സെക്രട്ടറി വി.എ. സക്കീർ ഹുസൈനെ പാർട്ടി തിരിച്ചെടുത്തു. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം. ആറു മാസത്തെ പുറത്താക്കൽ കാലാവധി കഴിഞ്ഞതിനാലാണ് തീരുമാനം. സക്കീർ ഇനി ബ്രാഞ്ചിൽ പ്രവർത്തിക്കും. ഘടകമേതാണെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് കളമശേരി ഏരിയാ കമ്മിറ്റി തീരുമാനിക്കും.
സക്കീറിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിശ്ചയിച്ചിരുന്നു. അന്നത്തെ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി സക്കീറിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനായിരുന്നു തീരുമാനം. എന്നാൽ വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിടാണമെന്നായിരുന്നു കോടിയേരിയുടെ നിലപാട്. പൊലീസിനെ ഭീഷണിപ്പെടുത്തിയത് സംസ്ഥാന ഘടകം ഗൗരവമായെടുത്തു. തുടർന്നാണ് ആറുമാസത്തേക്ക് പുറത്താക്കിയത്.
ഏറണാകുളം ജില്ലാ കമ്മിറ്റി നേതൃത്വത്തിന് അനഭിമതനാണ് സക്കീർ ഹുസൈൻ. എന്നാൽ അച്ചടക്കനടപടിയുടെ കാലത്ത് പാർട്ടിക്ക് വിധേയനായിനിന്നത് സക്കീറിന്റെ തിരിച്ചുവരവിന് സഹായമായി. നിയമസഭാതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അണികളിൽ സ്വാധീനമുള്ള സക്കീറിനെ പുറത്തുനിറുത്തുന്നത് ഗുണകരമാകില്ലെന്ന് സംസ്ഥാന നേതൃത്വം കരുതുന്നു.