കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് പൗരസമിതി സംഘടിപ്പിക്കുന്ന ബഹുജന മഹാറാലി 10ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നാരംഭിച്ച് മുഹമ്മദലി കടപ്പുറം, സൗത്ത് ബീച്ച്, ആകാശവാണി വഴി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിക്കും. കർഷക സംഘടനാ സമര നേതാവ് പി. ടി ജോൺ സമാപന സംഗമം ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി. പി മുസാഫിർ അഹമ്മദ് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ പൗരസമിതി ചെയർമാൻ ഇ.വി ഉസ്മാൻ കോയ, ജനറൽ കൺവീനർ ആദം കാതിരിയകത്ത്, ട്രഷറർ എസ്. വി കരീം, കൺവീനർമാരായ വി.എസ് അബൂബക്കർ, സി കെ കോയ, ബി വി അഷ്റഫ്, ഫൈസൽ പള്ളിക്കണ്ടി, സി. എ സലിം എന്നിവർ പങ്കെടുത്തു.