2019 ന്റെ അവസാനത്തിൽ ചൈനയിലെ ഹുബെയ് പ്രവശ്യയിൽ വുഹാൻ നഗരത്തിൽ പടർന്നു പിടിച്ച ന്യൂമോണിയയ്ക്കു കാരണമായ കൊവിഡ് വൈറസ് പിന്നീട് ലോകമെമ്പാടും പടരുകയും, കഴിഞ്ഞ വർഷം മാർച്ചോടെ ലോകാരോഗ്യസംഘടന അത് ഒരു പാൻഡെമിക് ആയി പ്രഖ്യാപിക്കുകയും ചെയ്തു. പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഒരു വൈറസ് ആണ് കൊവിഡ് . പുതിയ ഒരു വൈറസ് ആയതിനാൽ ഇതിനെ പറ്റിയുള്ള പഠനങ്ങൾ നടന്നു വരുന്നതേ ഉള്ളു. എങ്കിലും ലഭ്യമായ വിവരങ്ങൾ വെച്ച് ഇതു ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ മറ്റു അവയവങ്ങളെയും ബാധിക്കുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് തലച്ചോറിനെയും നാഡീഞരമ്പുകളെയും ഏതൊക്കെ തരത്തിൽ ബാധിക്കാം എന്നതിനെ കുറിച്ചാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
കോവിഡ് വൈറസ് ഞരമ്പുകളെ എങ്ങനെ ബാധിക്കുന്നു?
ഈ വൈറസ് നാഡീവ്യൂഹത്തിൽ ആഘാതം ഏൽപ്പിക്കുന്നത് പല വിധത്തിൽ ആണ്. ശ്വാസകോശത്തെ ബാധിക്കുന്നത് കാരണം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാം. ഇങ്ങനെ വരുമ്പോൾ തലച്ചോറിന്റെ പ്രവർത്തനത്തെ അത് സാരമായി ബാധിക്കും. രണ്ടാമതായി ഈ വൈറസ് രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത പലമടങ്ങു വർദ്ധിപ്പിക്കുന്നു . ഇത്തരത്തിൽ രക്തം കട്ടപിടിക്കുന്ന പ്രശ്‌നം തലച്ചോറിനുള്ളിലെ രക്തധമനികളിലും ഉണ്ടാകാം. അത് സ്‌ട്രോക്കിനു കാരണമാകാം. കൂടാതെ കോവിഡ് തലച്ചോറിനുള്ളിലെ രക്തസ്രാവത്തിനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു . നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധവ്യവസ്ഥയെ ഈ വൈറസ് അമിതമായി ഉത്തേജിപ്പിക്കുന്നു. അത് മൂലം ഉണ്ടാകുന്ന ആന്റിബോഡികൾ സ്വന്തം ഞരമ്പുകളെ തന്നെ ആക്രമിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. ഇതു കൈകാലുകളുടെ തളർച്ചയ്‌ക്കോ തലച്ചോറിന്റെ പ്രവർത്തനത്തെയോ സാരമായി ബാധിക്കാം.
കോവിഡ് സംബന്ധമായ ന്യൂറോപ്രശ്‌നങ്ങൾ ഏതൊക്കെ ?
കൊവിഡ് നാഡീവ്യവസ്ഥയിലുണ്ടാക്കുന്ന കുഴപ്പങ്ങളിൽ ഏറ്റവും സാധാരണയായി കാണുന്നത് സ്വാദോ ഗന്ധമോ തിരിച്ചറിയുന്നതിനുള്ള കുറവാണ്. ഇത് കൊവിഡിന്റെ പ്രാഥമിക ലക്ഷണങ്ങളിൽ പെടുന്നു. ഭൂരിപക്ഷം പേരിലും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഇതു മാറുന്നതായി കാണുന്നു.
രണ്ടാമതായി കൂടുതൽ കാണപ്പെടുന്നത് മസ്‌തിഷ്‌ക വീക്കം എന്ന അവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ രോഗം ബാധിക്കുന്ന കാരണം സ്വബോധത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളെ ആണ് മസ്‌തിഷ്‌ക വീക്കം എന്ന് പറയുന്നത്. ചിലപ്പോൾ ഓർമ്മ കുറഞ്ഞ് മയക്കത്തിലോ അല്ലെങ്കിൽ പരിസരബോധം നഷ്ടമായി ബഹളം ഉണ്ടാകുന്ന അവസ്ഥയിലോ മസ്‌തിഷ്‌ക വീക്കം പ്രകടമാകാം. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നത് (ഹൈപോക്‌സിയ) ഒരു കാരണം ആണ്. വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നത്, കോവിഡ് മൂലമുണ്ടാകുന്ന സ്‌ട്രോക്ക്, മരുന്നുകളുടെ പാർശ്വഫലമായി ഒക്കെ മസ്‌തിഷ്‌ക വീക്കം ഉണ്ടാകാം. പുരുഷന്മാർ, പ്രായാധിക്യം, തീവ്രത കൂടിയ കൊവിഡ് അസുഖം, നേരത്തെ സ്‌ട്രോക്ക് അല്ലെങ്കിൽ മറ്റു ന്യൂറോളജിക്കൽ അസുഖം ഉള്ളവർ, ഹൃദയ വൃക്ക സംബന്ധമായ അസുഖം ഉള്ളവർ, പുകവലിക്കാർ എന്നിവരിലൊക്കെ മസ്‌തിഷ്‌ക വീക്കം വരാനുള്ള സാധ്യത കൂടുതൽ ആണ്. മസ്‌തിഷ്‌ക വീക്കം മരണ സാധ്യത കൂട്ടുകയും ചെയ്യുന്നു. ഭേദമാകുന്നരിലും ഡിസ്ചാർജ് ചെയ്യുന്ന സമയത്തു ചെറിയ ഓർമ്മക്കുറവോ, സംസാരത്തിലെ ബുദ്ധിമുട്ടുകളോ ഒക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സമയമെടുത്ത് കാലക്രമേണ ഇത് മാറുകയും ചെയ്യും.
കൊവിഡ് രോഗികളിൽ സ്‌ട്രോക്ക് വരാനുള്ള സാധ്യത ഒന്ന് മുതൽ 6 ശതമാനം വരെ ആണ്. ഇതിൽ കൂടുതലും രക്തതയോട്ടകുറവു മൂലമുള്ള സ്‌ട്രോക്ക് ആണ്. കൂടാതെ തലേച്ചോറിനുള്ളിലെ രക്തസ്രാവവും (ഹീമോറാഗിക് സ്‌ട്രോക്ക്), സെറിബ്രൽ വെയിൻ ത്രോംബോസിസ് എന്നിവയും കാണപ്പെടുന്നു. കൊവിഡ് ലക്ഷണങ്ങൾ തുടങ്ങി ഒന്നുമുതൽ 3 ആഴ്ചകൾ കഴിയുമ്പോഴാണ് സ്‌ട്രോക്ക് വരാനുള്ള സാദ്ധ്യത കൂടുതൽ. സാധാരണ സ്‌ട്രോക്കുകളെ അപേക്ഷിച്ചു ഈ സ്‌ട്രോക്കിന്റെ തീവ്രത കൂടുതൽ ആയിരിക്കും. സാധാരണ പക്ഷാഘാതം തലച്ചോറിന്റെ ഒരു ഭാഗം മാത്രമാണ് ബാധിക്കുന്നതെങ്കിൽ കൊവിഡ് മൂലമുള്ള സ്‌ട്രോക്കിൽ തലച്ചോറിന്റെ ഇരുവശങ്ങളെയും പലഭാഗത്തായി രക്തയോട്ടകുറവ് ഉണ്ടാകാം. തലച്ചോറിലെ പ്രധാന രക്തതധമനികളിൽ രക്തയോട്ട കുറവ് ഉണ്ടാകുനുള്ള സാദ്ധ്യത വളരെ കൂടുതൽ ആണ്.
കൊവിഡ് ഭീതി മൂലം ആശുപത്രിയിൽ പോകാതെ സ്‌ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നതും, ഐസെലേഷനിൽ മറ്റും കഴിയുന്നവരിൽ സ്‌ട്രോക്ക് തിരിച്ചറിയപ്പെടാതെ പോകുന്നതും സ്‌ട്രോക്കിന്റെ തീവ്രത കൂട്ടുന്ന ഘടകങ്ങളാണ്. രക്തപരിശോധനയിൽ
D-dimeriteന്റെ അളവ് കൂടുതൽ ആണെങ്കിൽ പക്ഷാഘാതം ഉണ്ടാകുനുള്ള സാധ്യത കൂടുതലാണ്. അത്തരം രോഗികളിൽ രക്തം കട്ടപിടിച്ചത് അലിയിക്കുന്നതിനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിച്ചാൽ സ്‌ട്രോക്ക്, ഹൃദയാഘാതം എന്നിവ തടയാൻ കഴിയും.
കോവിഡ് വൈറസ് നമ്മുടെ പ്രതിരോധ സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന ആന്റിബോഡികൾ ചിലപ്പോൾ ഞരമ്പുകളെ ബാധിക്കും. ഇതിനെ ഗില്ലെയിൻ ബാർ സിൻഡ്രോം എന്ന് വിളിക്കുന്നു. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി 2 ആഴ്ച കഴിയുമ്പോഴാണ് ഇത് കാണുന്നത്. കാൽപാദങ്ങളിൽ നിന്ന് തുടങ്ങുന്ന ബലക്കുറവ് ക്രമേണ മേല്‌പോട്ടു കയറി കൈകളുടെയും കാലുകളുടെയും ബലം നശിപ്പിക്കുന്നു. കൃത്യമായ ചികിത്സാ കിട്ടാതിരുനാൽ ഇത് ശ്വസനത്തിനു സഹായിക്കുന്ന പേശികളെയും ബാധിച്ചു മരണത്തിനു വരെ കാരണമാകുന്നു. ഇത്തരം ബലക്കുറവ് ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ വിദഗ്ധ ചികിത്സാ തേടേണ്ടതാണ്. ഇത് പൂർണമായി ഭേദമാക്കാൻ കഴിയുന്ന പ്ലാസ്മ തെറാപ്പി ഇന്ന് ലഭ്യമാണ്.
കൊവിഡ് വൈറസ്ബാധയുടെ അനന്തരഫലമായി ഉണ്ടാകുന്ന മറ്റൊരു രോഗാവസ്ഥ ആണ് മയോസിറ്റീസ്. പേശികളിൽ ഉണ്ടാകുന്ന നീർക്കെട്ടും അമിത വേദനയുമാണ് ഇതിന്റെ ലക്ഷണങ്ങൾ. മതിയായ വിശ്രമവും മരുന്നുകളും കൊണ്ട് ഇതും ഭേദമാക്കാൻ കഴിയും. തലവേദന, തലകറക്കം, നടക്കുമ്പോൾ ഉള്ള ബാലൻസ് ഇല്ലായ്‌മ ഒക്കെ കോവിഡിന്റെ ഭാഗമായി സംഭവിക്കാം. ഇതിൽ ഭൂരിപക്ഷവും വളരെ നിസ്സാരമായ പ്രശ്നങ്ങൾ ആണ്. 4 മുതൽ 6 ആഴ്ചകൾക്കുള്ളിൽ തന്നെ ഇതൊക്കെ പൂർണമായും ഭേദമാകുകയും ചെയ്യും.
ഇത് കൂടാതെ കോവിഡ് ചികിത്സയുടെ ഭാഗമായും നാഡീ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. പ്രോൺ വെന്റിലേഷനിൽ വളരെ അപൂർവമായി ചിലപ്പോൾ കൈകളുടെ ഞെരമ്പുകളുടെ കേടുണ്ടാകാം. വെന്റിലേഷൻ ട്യൂബ് ഇടുമ്പോൾ ചിലപ്പോൾ തൊണ്ടയുടെയോ നാവിന്റെയോ പേശികളുടെ ഞരമ്പിനും കേടു സംഭവിക്കാം. വെന്റിലേറ്റർ ചികിത്സാ നീണ്ടു പോകുക ആണെങ്കിൽ കൈകാലുകളുടെ ചലനത്തെ ബാധിക്കുന്ന ക്രിട്ടിക്കൽ ഇൽനെസ്സ് ന്യൂറോപ്പതി ഉണ്ടാകാം. ഇതെല്ലം തന്നെ വളരെ അപൂർവമായി മാത്രമേ സംഭവിക്കാറുള്ളു.
രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ നല്ലതു ഇപ്പോഴും അത് വരാതെ നോക്കുക തന്നെയാണ്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം മൂലവും നമുക്ക് കൊവിഡിനെ തടയാൻ സാധിക്കും. നേരത്തെ തന്നെ ന്യൂറോ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പ്രായമായവർ, ഹൃദയവൃക്ക സംബന്ധമായ അസുഖം ഉള്ളവരിലൊക്കെ ആണ് കോവിഡിന്റെ നാഡീ സംബന്ധമായ കുഴപ്പമുണ്ടാകുക. ചെറിയ രോഗലക്ഷണങ്ങൾ അവഗണിക്കാതിരിക്കുകയും, ടെലിമെഡിസിന്റെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യണം. ഇതിനു മുമ്പുണ്ടായിട്ടുള്ള മഹാമാരികളെ പിടിച്ചുകെട്ടിയ പോലെ തന്നെ ജാഗ്രതയും കരുതലും കൊണ്ട് കോവിഡിനെയും നമുക്ക് കീഴടക്കാം.
ഡോ.സുശാന്ത് എം.ജെ
കൺസൾട്ടന്റ് ന്യൂറോളജിസ്‌റ്റ്,
എസ്.യു.ടി ആശുപത്രി,
പട്ടം, തിരുവനന്തപുരം