capitol-attack

വാ​ഷിംഗ്ടൺ: കാപ്പിറ്റോൾ കലാപത്തിൽ മരണം അഞ്ചായി. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പൊലീസുകാരനാണ് മരിച്ചത്. രണ്ട് സ്ത്രീകളടക്കം നാലുപേർ ഇന്നലെ മരിച്ചിരുന്നു.​ ഒ​രു സ്​​ത്രീ പൊ​ലീ​സ്​ വെടിവയ്പ്പിലും മൂ​ന്നു​പേ​ർ ആ​രോ​ഗ്യ ​പ്ര​ശ്​​ന​ങ്ങ​ളെ തു​ട​ർ​ന്നു​മാ​ണ്​ മ​രി​ച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഭവുമായി ബന്ധപ്പെട്ട് നൂറോളം പേരെ പൊലീസ് കോടതിയിൽ ഹാജരാക്കി. കുപ്രസിദ്ധ തീവ്രവലതുപക്ഷ സംഘടനകളായ പ്രൗഡ് ബോയിസ് ക്യുവനോനിന്റെ അംഗങ്ങളാണ് ഇവരിൽ ഭൂരിഭാഗവും. കൂടുതൽ അക്രമികളെ കണ്ടെത്താൻ എഫ്.ബി.ഐ തിരച്ചിൽ ഊർജിതമാക്കി. അക്രമികളെ പിടികൂടുന്നതിന് സഹായകമാകുന്ന ഡിജിറ്റൽ വിവരങ്ങൾ കൈമാറാൻ ജനങ്ങളോട് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടു.

 പൊലീസ് മേധാവി രാജി വച്ചു:

 ട്രംപിന് പ്രസി‌ഡന്റ് പദവിയിലിരിക്കാൻ അർഹതയില്ലെന്ന് നാൻസി പെലോസി

സുരക്ഷാവീഴ്ച സംഭവിച്ചെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിൽ കാ​പി​റ്റ​ൽ ഹി​ൽ പൊലീസ് മേധാവി രാജിവച്ചു. അതേസമയം, പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിൽ തുടരാൻ അർഹതയില്ലെന്ന് സ്പീക്കർ നാൻസി പെലോസി പറഞ്ഞു. ട്രംപിനെ അമേരിക്കൻ ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം നീക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനോട് സ്പീക്കർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ട്രംപിനെ ഇംപീച്ച് ചെയ്യാൻ ജനപ്രതിനിധി സഭ തയാറാണെന്ന് നാൻസി വ്യക്തമാക്കി. സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമറും മുതിർന്ന റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

 പ്രസിഡന്റിന് സ്വയം മാപ്പ് നൽകാമെന്ന് ട്രംപ്

കാപ്പി​റ്റോൾ കലാപവുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ നീക്കമാരംഭിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വയം മാപ്പു നൽകാൻ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന വാദം ഉയർത്തിയാണ് ട്രംപിന്റെ പുതിയ നീക്കം. ഈ വിഷയത്തിൽ ട്രംപ് നിയമവിദഗ്ദ്ധരുടെ ഉപദേശം തേടിയതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ട്രംപ് സ്വയം മാപ്പുനൽകിയാൽ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കുമെന്നാണ് വിവരം അതേസമയം, സ്വയം മാപ്പു നൽകാൻ പ്രസിഡന്റിന് അധികാരമുണ്ടോ എന്ന കാര്യത്തിൽ ഭരണഘടന വിദഗ്ദ്ധർക്കും സമാന അഭിപ്രായമില്ല. പ്രസിഡന്റിന് സ്വയം മാപ്പുനൽകാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ നിയമ കുറിപ്പിൽ പറയുന്നു. എന്നാൽ, അദ്ദേഹത്തിന് സ്ഥാനമൊഴിയാൻ സാധിക്കും. കൂടാതെ, വൈസ് പ്രസിഡന്റിനോട് ചുമതലയേൽക്കാനും മാപ്പ് നൽകാനും ആവശ്യപ്പെടാവുന്നതാണ്. എന്നിരുന്നാലും, നിയമ കുറിപ്പുമായി ഇത് ബന്ധിപ്പിച്ചിട്ടില്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്​ ജ​ന​വി​ധി മ​റി​ക​ട​ക്കാ​ൻ പ്ര​സി​ഡ​ന്റ് പ്ര​ത്യ​ക്ഷ അ​ക്ര​മ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. ജോ ​ബൈ​ഡന്റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​തെ, നി​ര​ന്ത​രം ആ​ക്ഷേ​പം ഉ​ന്ന​യി​ച്ചി​രു​ന്ന ട്രം​പ്​ വൈ​റ്റ്​​ഹൗ​സി​ന്​ സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ അ​നു​യാ​യി​ക​ളോ​ട്​ കാപിറ്റോളിലേക്ക് നീ​ങ്ങാ​ൻ അനുയായികളോട് ആവശ്യപ്പെടുന്ന വീഡിയോ പുറത്ത് വന്നിരുന്നു.

അക്രമികളെ സമരക്കാർ എന്ന് വിളിക്കരുത്. അവർ സമരക്കാരായിരുന്നില്ല. അവർ കലാപകാരികളായിരുന്നു, ആഭ്യന്തര ഭീകരരാണ് അവർ. കലാപത്തിന്റെ ഉത്തരവാദിത്വം ട്രംപിനാണ്. നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡൻ