വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപത്തിനിടെ ഇന്ത്യൻ പതാക വീശിയത് മലയാളി. എറണാകുളം സ്വദേശിയായ വിൻസന്റ് സേവ്യർ പാലത്തിങ്കലാണ് പതാക വീശിയത്. എക്‌സ്‌പോട്ട് കൗൺസിൽ അംഗമായി ട്രംപ് ഇദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തിരുന്നു. വിർജീനിയയിലെ മക് ലീനിലാണ് വിൻസെന്റും കുടുംബവും താമസിക്കുന്നത്. ടെക്‌നോളജി സംരംഭകനായ വിൻസെന്റ് അമരം ടെക്‌നോളജിയുടെ സ്ഥാപകനും ഇന്തോ-അമേരിക്കൻ സെന്ററിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറുമാണ്. 2013ൽ സ്‌മോൾ ബിസിനസ് എക്‌സ്‌പോട്ടർ ഒഫ് ദ ഇയർ പുരസ്‌കാരം കരസ്ഥമാക്കിയിട്ടുണ്ട്. .
50ഓളം പേർ മാത്രമാണ് ആക്രമണം നടത്തിയതെന്നും അവരാണ് സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം പേരാണ് പ്രക്ഷോഭത്തിൽ പങ്കെടുത്തതെന്നും വിൻസന്റ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ നടന്ന കൃത്രിമത്തിനെതിരെയാണ് സമരം നടത്തിയതെന്നും അത് തെളിയിക്കാൻ സമയം വേണമെന്നും വിൻസെന്റ് പറഞ്ഞു. അമേരിക്കയിൽ ട്രംപ് അനുകൂലികളായ വിവിധ രാജ്യക്കാർ അവരുടെ രാജ്യത്തിന്റെ പതാക കൈയ്യിലേന്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നിരവധി പേർ അവരുടെ ദേശീയ പതാകയുമായി സമരത്തിൽ പങ്കെടുത്തിരുന്നുവെന്നും സേവ്യർ കൂട്ടിച്ചേർത്തു.
പതാക കൈയ്യിലേന്തി നിൽക്കുന്ന വീഡിയോകളും ചിത്രങ്ങളും തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ വിൻസന്റ് പങ്കുവച്ചിട്ടുണ്ട്.
ഒരു വിദേശ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയെ തടസപ്പെടുത്താൻ ഒരു വിഭാഗം ആളുകൾ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ പതാക പ്രത്യക്ഷപ്പെട്ടത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
കോൺഗ്രസ് എം.പി ശശി തരൂർ, ബി.ജെ.പി എം.പി വരുൺ ഗാന്ധി, ശിവസേന എം.പി പ്രിയങ്ക ചതുർവേദി എന്നിവരടക്കം നിരവധി രാഷ്ട്രീയപ്രവർത്തകർ സംഭവത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.