ban

വാഷിംഗ്ടൺ: അധികാര കൈമാറ്റം സമാധാനപരമായി പൂർത്തിയാകുന്നത് വരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് അനിശ്ചിതകാലത്തേയ്ക്ക് നീട്ടി ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. കുറഞ്ഞത് രണ്ടാഴ്ചത്തേയ്ക്കെങ്കിലും വിലക്ക് നീട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങൾക്ക്​ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കു​വയ്ക്കുന്നു എന്ന്​ ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ട്വിറ്റർ അടക്കമുള്ള സമൂഹമാദ്ധ്യമ അക്കൗണ്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ട്രംപ്​ പോസ്റ്റ്​ ചെയ്യാറുള്ള ഉള്ളടക്കങ്ങൾ തങ്ങളുടെ പോളിസിക്ക്​ വിരുദ്ധമാണെന്ന്​ കണ്ടെത്തിയാൽ മുമ്പ്​ അവ തെറ്റാണെന്ന്​ ലേബൽ ചെയ്യുകയോ, അല്ലെങ്കിൽ നീക്കം ചെയ്യുകയോ ചെയ്​തിരുന്നുവെന്ന്​ സക്കർബർഗ്​ പറഞ്ഞു. "ഞങ്ങളുടെ സ്വന്തം നിയമങ്ങൾക്ക് അനുസൃതമായി ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ അദ്ദേഹത്തെ ഇതുവരെ അനുവദിച്ചിരുന്നു. എന്നാൽ, ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ അക്രമാസക്തമായ കലാപത്തിന് പ്രേരിപ്പിക്കാൻ ഞങ്ങളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ചതിനാൽ ഇപ്പോൾ അതിൽ മാറ്റം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികാരമൊഴിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കാനുള്ള തീരുമാനം, ട്രംപിനോടുള്ള ഫേസ്ബുക്കിന്റെ ദീർഘകാല മനോഭാവത്തിൽ നിന്നുള്ള ഞെട്ടിക്കുന്ന മാറ്റമാണ് കാണിക്കുന്നത്​​. ട്രംപ്​ ജനുവരി 20ന്​ സ്ഥാനമൊഴിയുന്നതോടെ തങ്ങളുടെ ബിസിനസിൽ ഇടപെട്ട്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വളരെയധികം താൽപര്യം കാണിച്ചേക്കാവുന്ന ജോ ബൈഡനെയും പരിവാരങ്ങളെയുമാണ്​​ ​ ഇനി ഫേസ്​ബുക്കി​ന്​ നേരിടേണ്ടി വരിക​ എന്നതും ശ്രദ്ധേയമാണെന്ന് നീരിക്ഷകർ വിലയിരുത്തുന്നു.