ലങ്കയിൽ നിന്നും സീതയുമായി അയോദ്ധ്യയിലെത്തിയ ശ്രീരാമൻ രാജാവായി ചുമതലയേറ്റു. ജനക്ഷേമകരമായ ഭരണത്തിൽ ജനങ്ങൾ സംതൃപ്‌തിയോടെ ജീവിച്ചു. ഐശ്വര്യപൂർണമായ ഭരണനാളിൽ ഒരലക്കുകാരൻ സീതയെക്കുറിച്ച് പറഞ്ഞ അപവാദം കർണ - കർണാ ശ്രീരാമനും അറിഞ്ഞു. രാജ്യം ഭരിക്കുന്ന താൻ അപവാദങ്ങൾക്കതീതനായിരിക്കണം എന്നു നിഷ്ക്കർഷയുണ്ടായിരുന്ന രാമൻ ഗർഭിണിയായ സീതയെ ഉപേക്ഷിക്കാൻ നിർബന്ധിതനായി. ലക്ഷ്‌മണനാൽ കാട്ടിൽ കൊണ്ടുവിടപ്പെട്ട സീത വാല്‌മീകിയുടെ ആശ്രമത്തിൽ അഭയം തേടി. ഗർഭിണിയായിരിക്കുമ്പോൾ ഭർതൃവിരഹം അനുഭവിക്കാനിടയായത് കുട്ടിയായിരിക്കുമ്പോൾ സീതയ്‌ക്ക് ഒരു പക്ഷിയിൽ നിന്നുണ്ടായ ശാപമാണ്. പക്ഷിയുടെ ശാപകാരണമാണ് ഈ കഥയിലെ പ്രതിപാദ്യം.
മിഥിലാപതിയായ ജനക മഹാരാജാവ് ഒരിക്കൽ അതിവിപുലമായ ഒരുഹോമം നടത്താൻ തീരുമാനിച്ചു. അനേകം ഋത്വിക്കുകൾ പങ്കെടുക്കാനുള്ള യാഗമായതിനാൽ അതിവിശാലമായ യാഗശാല വേണ്ടിവന്നു. ജനവാസമില്ലാതെ ഒഴിഞ്ഞു കിടന്ന മിഥിലയിലെ ഒരു നദിക്കരയാണ് ജനകൻ യാഗശാലക്കായി കണ്ടെത്തിയത്. യാഗശാല നിർമ്മിക്കാനായി നിലം ഉഴുതു നിരപ്പാക്കുന്നതിനിടയിൽ മണ്ണിനടിയിൽ നിന്നും ഒരു പെട്ടി പണിക്കാർക്ക് കിട്ടി. പണിക്കാർ പെട്ടി രാജധാനിയിൽ എത്തിച്ചു. പെട്ടി തുറന്നു നോക്കിയപ്പോൾ ഐശ്വര്യമുള്ള ഒരു കൊച്ചുപെൺകുട്ടിയായിരുന്നു അതിനുള്ളിലുണ്ടായിരുന്നത്. പുത്രിമാരില്ലാത്ത തനിക്ക് ദൈവം തന്ന നിധിയാണിതെന്നു ചിന്തിച്ച ജനകൻ കുട്ടിക്ക് സീത എന്ന പേരു നൽകി സ്വന്തം പുത്രിയായി പരിഗണിച്ച് രാജകുമാരിയായി വളർത്തി. സീതത്തിൽ (ഉഴവുചാലിൽ) നിന്നും കിട്ടിയതുകൊണ്ടാണ് സീത എന്നു പേരിടാനായത്. കൊട്ടാരത്തിലെ സർവവിധ പരിലാളനകളുമേറ്റ് ചെല്ലക്കുട്ടിയായി അവൾ വളർന്നു. കൊട്ടാരത്തിലെ പൂന്തോട്ടത്തിലെ പൂക്കളോടും ചെടികളോടും ചിത്രശലഭങ്ങളോടും ഇണങ്ങിയും പിണങ്ങിയും കഥ പറഞ്ഞും പാട്ടുപാടിയും ചാഞ്ചാടിയും അവൾ വളർന്നു.
ഒരുദിവസം സീത ചെടികളുമായി സല്ലപിച്ചു നടക്കവേ പൂന്തോട്ടത്തിനരുകിലെ ഒരു കൊച്ചുമരത്തിൽ രണ്ടുതത്തകൾ ഇരിക്കുന്നതവൾ കണ്ടു. തത്തകൾ തമ്മിൽ എന്തൊക്കെയോ പറയുന്നതായി അവൾക്ക് തോന്നി. കൗതുകം കൊണ്ട് അവൾ മരത്തിനരികിലേക്ക് പോയി തത്തകളെ നോക്കി നിന്നു, തത്തകളുടെ സംഭാഷണം അവൾ ശ്രദ്ധിക്കാൻ തുടങ്ങി. ഒരു തത്ത; " ഈ സീത ഒരു ഭാഗ്യവതി തന്നെ. അയോദ്ധ്യാരാജകുമാരനായ ശ്രീരാമനല്ലേ അവൾക്ക് ഭർത്താവായി വരാൻ പോകുന്നത്."
തത്ത പറയുന്നത് വ്യക്തമായി അവൾ കേട്ടു. സീത എന്ന പേരും ഭർത്താവായി വരുന്ന ശ്രീരാമൻ എന്ന പേരും കേൾക്കാനിടയായ സീത ആശ്ചര്യത്തോടെ തത്തകളെ തന്നെ നോക്കി നിന്നു. ബാലിശമായ കൗതുകത്താൽ ഈ തത്തകളിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസിലാക്കണം എന്നവൾക്ക് തോന്നി. അവൾ പിതാവിനടുത്തേക്ക് ഓടിയെത്തി. പൂന്തോട്ടത്തിലിരിക്കുന്ന തത്തകളെ അവൾക്ക് വളർത്താനായി പിടിച്ചു നൽകണമെന്നാവശ്യപ്പെട്ടു. മകളുടെ ആവശ്യം കേട്ട ജനകൻ ഉടനെ തത്തകളെ പിടിക്കാനുള്ള ഏർപ്പാടുകൾ ചെയ്‌തു. കുറച്ചു സമയത്തിനുള്ളിൽ കൊട്ടാരം ജോലിക്കാർ തത്തകളെ പിടികൂടി ഒരു കൂട്ടിലടച്ച് രാജാവിന് മുന്നിലെത്തിച്ചു. ജനകൻ തത്തകളെ കൂടോടുകൂടി സീതയ്‌ക്ക് നൽകി. സന്തോഷത്തോടെ സീത തത്തകളെയും കൊണ്ട് അവളുടെ സ്വകാര്യ കളി സ്ഥലത്തെത്തി. തത്തകളുടെ ചുണ്ടിന്റെ ഭംഗിയും കഴുത്തിലെ വളയവും ഒരു കാലിൽ ഭക്ഷണമെടുത്തു പിടിച്ചു തിന്നുന്നതും മറ്റും നോക്കി നോക്കി അവൾക്ക് നല്ല കൗതുകമായി. തത്തകൾ ഏതു സമയവും കൂടിനു പുറത്തേക്ക് പോകാൻ ശ്രമിച്ചുകൊണ്ടിരുന്നു. സീത തന്നെ തത്തകൾക്ക് ഭക്ഷണവും വെള്ളവും കൊടുത്തപ്പോൾ ഒരാഴ്‌ച കൊണ്ട് തത്തകൾ കുറേശ്ശെ സീതയോട് ഇണങ്ങി.