dolphin

ലക്‌നൗ: ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ സംരക്ഷിത ഇനത്തിൽപ്പെട്ട ഗാംഗെറ്റിക് ഡോൾഫിനെ ഒരുകൂട്ടം ആളുകൾ ചേർന്ന് തല്ലിക്കൊന്നു. വടിയും കോടാലിയും ഉപയോഗിച്ച് ഡോൾഫിനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിസംബർ 31നാണ് കേസിനാസ്‌പദമായ സംഭവം.

ആൾക്കൂട്ടത്തിൽ ചിലർ ഡോൾഫിനെ പിടിച്ചുവച്ച് അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. കരയിലുള്ള ചിലർ ഡോൾഫിനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും സംഘം ചെവിക്കൊണ്ടില്ല. അടിയേറ്റ് ഡോൾഫിന്റെ ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകുന്നതും വീഡിയോയിൽ കാണാം.

വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയപ്പോൾ ഡോൾഫിൻ കനാലിന് സമീപം ജീവനില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഗംഗാനദിയിൽ കാണപ്പെടുന്നതരം ഡോൾഫിനാണിത്. (സൗത്ത് ഏഷ്യൻ റിവർ ഡോൾഫിൻ) ചുറ്റുംകൂടിനിന്ന് ഗ്രാമവാസികളോട് സംഭവത്തെക്കുറിച്ച് ചോദിച്ചെങ്കിലും ആരും സത്യാവസ്ഥ തുറന്നുപറയാൻ തയ്യാറായില്ല.

കൂടുതൽ പരിശോധനയിൽ കോടാലി ഉൾപ്പെടെയുള്ളവ ഉപയോഗിച്ചുള്ള മുറിവുകൾ ഡോൾഫിന്റെ ശരീരത്തിൽ കണ്ടെത്തിയെന്നും എഫ്‌.ഐ.ആർ റിപ്പോർട്ടിൽ പറയുന്നു.