ന്യൂഡൽഹി: കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ടു. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ ഇന്ന് ചേർന്ന ചർച്ചയിലും ഇരുപക്ഷവും വിട്ടുവീഴ്‌ച ചെയ്‌തില്ല. അടുത്ത വട്ട ചർച്ച ഈ മാസം 15ന് നടത്തും. എന്നാൽ ആ ചർച്ചയിൽ പങ്കെടുക്കണോ എന്ന് 11ന് നടക്കുന്ന കർഷക യോഗത്തിൽ തീരുമാനിക്കുമെന്ന് കർഷക നേതാവ് ഹനൻ മൊല്ല അറിയിച്ചു.
രാജ്യത്തെ മുഴുവൻ കർഷകർക്കും ഗുണം ചെയ്യുന്നതാണ് പുതിയ കാർഷിക നിയമങ്ങൾ എന്ന് കേന്ദ്ര സർക്കാർ യോഗത്തിൽ അറിയിച്ചു. പഞ്ചാബിലും ഹരിയാനയിലുമുളള കർഷകർക്കുളള നിയമമല്ല. കാർഷിക നിയമം സ്വീകാര്യമല്ലെങ്കിൽ കോടതിയിൽ പോകാനാണ് കേന്ദ്ര കൃഷിമന്ത്രി യോഗത്തിൽ കർഷകരോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതിയിൽ പോകില്ലെന്നും സമരത്തിനെതിരെ കോടതി വിധി വന്നാലും അംഗീകരിക്കില്ലെന്നും കർഷക നേതാക്കൾ അറിയിച്ചു.
ചർച്ചയ്‌ക്കിടയിൽ ചൂടേറിയ വാഗ്വാദവും കർഷക നേതാക്കൾ മൗനവ്രതം ആചരിച്ചതും പ്രതിസന്ധിയുണ്ടാക്കി. നിയമം പിൻവലിച്ചാൽ മാത്രം തിരികെ പോകാമെന്ന് യോഗത്തിൽ കർഷകർ പ്ളക്കാഡുയർത്തി. അതേ സമയം സുപ്രീംകോടതി പറയുന്നതെന്തും കേന്ദ്രസർക്കാർ അംഗീകരിക്കുമെന്നും നിയമം പരിശോധിക്കാൻ സുപ്രീംകോടതിയ്‌ക്ക് മാത്രമേ അധികാരമുളളൂ എന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.
എന്നാൽ കാർഷിക നിയമങ്ങൾ സംസ്ഥാനങ്ങൾ തന്നെ കൊണ്ടുവരണമെന്നാണ് കർഷകർ ആവശ്യപ്പെട്ടത്. നിയമം തിരികെയെടുത്താൽ തങ്ങൾ തിരികെ വീടുകളിലേക്ക് പോകാമെന്ന് കർഷക നേതാക്കൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയമാണ് കൃഷി എന്നതിനാൽ കേന്ദ്രം അനാവശ്യമായി അക്കാര്യങ്ങളിൽ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ വിവിധ ഉത്തരവുകൾ ചൂണ്ടിക്കാട്ടി ഒരു വിഭാഗം കർഷകർ കേന്ദ്ര നീക്കത്തെ എതിർത്തു. നിയമങ്ങൾ തിരിച്ചെടുക്കാനാകില്ലെന്നും തിരിച്ചെടുക്കില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായി അഖിലേന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി അംഗം കവിത കുരുഗന്ദി പറഞ്ഞു.
2020 സെപ്‌തംബർ മാസത്തിൽ കേന്ദ്രം നടപ്പിലാക്കിയ മൂന്ന് കാർഷിക ബില്ലുകൾ നവംബർ മാസം മുതൽ രാജ്യതലസ്ഥാനത്ത് വലിയ സമര വേലിയേറ്രങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്. നിയമം പിൻവലിക്കില്ലെങ്കിൽ റിപബ്ളിക് ദിന റാലിയിലേക്ക് ട്രാക്‌ടർ ഓടിച്ചുകയറ്റുമെന്ന് സമരം ചെയ്യുന്ന കർഷകർ ഇപ്പോൾ ഭീഷണി മുഴക്കിയിരിക്കുകയാണ്.
നാൽപതോളം കർഷക സംഘടനാ നേതാക്കളാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കേന്ദ്രമന്ത്രിസഭയെ പ്രതിനിധീകരിച്ച് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ, റെയിൽവെ-കൊമേഴ്സ്-ഭക്ഷ്യമന്ത്രിയായ പീയൂഷ് ഗോയൽ, വാണിജ്യകാര്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് പങ്കെടുത്തത്.
സർക്കാർ നിയമം പിൻവലിക്കില്ലെന്ന് നിർബന്ധ ബുദ്ധിയോടെ നിൽക്കുകയാണെന്നും നിയമത്തെ കർഷകരും കർഷകസംഘടനകളും പിന്തുണയ്‌ക്കുന്നുണ്ടെന്ന് പറയുകയും ചെയ്യുകയാണ് കർഷക നേതാവ് സർവർ സിംഗ് പന്ധേര അഭിപ്രായപ്പെട്ടു. ഇന്നലെ ഡൽഹി അതിർത്തിയിൽ കർഷകർ ഒരു ട്രാക്‌ടർ റാലി സംഘടിപ്പിച്ചിരുന്നു. ജനുവരി 26ന് റിപബ്ളിക് ദിന പരേഡിലേക്ക് നടത്തുന്ന ട്രാക്ടർ റാലിയുടെ റിഹേഴ്‌സാലാണ് ഇതെന്നാണ് കർഷക നേതാക്കൾ അറിയിച്ചത്.