ബീജിംഗ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമല്ലാത്ത കൊവിഡ് വാക്സിൻ ചൈനയുടെ സിനോഫാമാണെന്ന് ചൈനീസ് വാക്സിന് വിദഗ്ദ്ധൻ ഡോ.തായോ ലിന. വാക്സിന് 73 പാർശ്വഫലങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സമൂഹ മാദ്ധ്യമമായ വെയ്ബോയിലൂടെയായിരുന്നു ലിനയുടെ വെളിപ്പെടുത്തൽ.
എന്നാൽ, ലിനയുടെ വെളിപ്പെടുത്തൽ വിദേശമാദ്ധ്യമങ്ങൾ ഉൾപ്പടെ റിപ്പോർട്ട് ചെയ്തതോടെ തന്റെ വാക്കുകൾ വിദേശ മാദ്ധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നെന്ന് വിശദീകരിച്ച് ഡോക്ടർ രംഗത്തെത്തി.
താൻ ആക്ഷേപഹാസ്യമെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ സംസാരിക്കുകയായിരുന്നെുവെന്നും ചൈനയുടെ ചികിത്സാരീതികൾ വളരെയധികം സുരക്ഷിതമാണെന്നും ഡോക്ടർ വിശദീകരിച്ചു. ഔചിത്യമില്ലാതെ സംസാരിച്ചതിന് അദ്ദേഹം ജനങ്ങളോട് മാപ്പുചോദിക്കുകയും ചെയ്തു.
ലോകത്ത് ഒരു വാക്സിനും സിനോഫാമിന്റെ അത്ര പാർശ്വഫലങ്ങളില്ലെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. കുത്തിവെയ്പ്പെടുത്ത ഭാഗത്തിന് ചുറ്റും വേദന, കാഴ്ചക്കുറവ്, രുചിയില്ലായ്മ, മൂത്രാശയസംബന്ധമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടേക്കാം.
2020 ഡിസംബർ 31നാണ് ചൈന സിനോഫാം വാക്സിന്റെ വിതരണം ആരംഭിച്ചത്. എന്നാൽ, വാക്സിന്റെ കാര്യക്ഷമതയെ കുറിച്ചുളള ഡേറ്റകളൊന്നും വാക്സിൻ വികസിപ്പിച്ചവർ പരസ്യമാക്കിയിട്ടില്ല.വാക്സിൻ 79.34 ശതമാനം സുരക്ഷിതമാണെന്നാണ് നിർമ്മാതാക്കളുടെ വാദം. ഫെബ്രുവരിക്കുള്ളിൽ മുൻഗണനാടിസ്ഥാനത്തിൽ 50 ദശലക്ഷം ആളുകൾക്ക് വാക്സിൻ നൽകുമെന്ന് ചൈന പ്രഖ്യാപിച്ചിരുന്നു.