കൊല്ലം: പൂജയും മന്ത്രവാദവും ജ്യോതിഷവും നടത്തിയാണ് തിരുവല്ല നിരണം നിരണപ്പെട്ടി വീട്ടിൽ അഭിലാഷെന്ന വിഷ്ണുനാരായണൻ (40) സ്ത്രീകളുടെ മനസിൽ കയറിക്കൂടുന്നത്. കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയാണ് മിക്ക വീട്ടമ്മമാരും വിഷ്ണുനാരായണനെ കാണാനെത്തുക. പൂജ നടത്തി പരിഹാരം കാണാനെന്ന രീതിയിൽ ആദ്യം താൻ താമസിക്കുന്ന സ്ഥലത്ത് ആ വീട്ടമ്മയെ നിർത്തും. ബന്ധം ദൃഢമാകുന്നതോടെ മറ്റൊരു വാടക വീടെടുത്ത് അവിടേക്ക് മാറ്റും. ഇത്തരത്തിൽ ഒരുപാടുപേരെ വാടക വീടുകളിൽ താമസിപ്പിച്ചിട്ടുണ്ടെന്നാണ് ശൂരനാട് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ആഴ്ചയിൽ ഒരു ദിവസം 'റൗണ്ട്"
ആഴ്ചയിൽ ഒരു ദിവസമാണ് ഒരു വാടക വീട്ടിലെത്തുക. ഒരു രാത്രി തങ്ങിയാൽ അടുത്തിടത്തേക്ക് മാറും. വീടിന്റെ വാടകയും വീട്ടുസാധനങ്ങളും മറ്റ് ചെലവുകളുമെല്ലാം വിഷ്ണുനാരായണന്റെ വകയാകും. ഇത്തരത്തിൽ ഒട്ടേറെ കുടുംബ ബന്ധങ്ങൾ തകരുകയും വിഷ്ണുനാരായണനൊപ്പം പലരും താമസിച്ചുവരികയുമാണ്. കരുനാഗപ്പള്ളിയിലെ ഷോപ്പിലെ സെയിൽസ് ഗേളിനെ ലാലാജി ജംഗ്ഷന് സമീപം രണ്ടുനില വീട്ടിലാണ് താമസിപ്പിച്ചിട്ടുള്ളത്. ആറായിരം രൂപ ഷോപ്പിൽ ശമ്പളം ലഭിക്കുന്ന ഈ യുവതിയ്ക്ക് ഏഴായിരം രൂപയുടെ വാടക വീടെടുത്ത് വിഷ്ണുനാരായണൻ താമസിപ്പിച്ചിരിക്കയാണ്.
ശാസ്ത്രീയമായി പൂജാവിധികൾ പഠിച്ചിട്ടില്ല
കൊല്ലം, ആലപ്പുഴ ജില്ലകളിലായി ഇത്തരത്തിൽ പത്തിലധികം വാടക വീടുകൾ എടുത്ത് പലരെയും താമസിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ശാരീരിക ബന്ധത്തിനപ്പുറം യുവതികളെ ഉപയോഗിച്ച് മറ്റ് പലരെയും വശീകരിക്കുന്ന തന്ത്രങ്ങളും ഉണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആറാട്ടുപുഴയിലാണ് വിഷ്ണു നാരായണന്റെ സ്വന്തം വീട്. ഇവിടെ ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. വീട്ടുവളപ്പിൽ കുടുംബ ക്ഷേത്രമുണ്ട്. ശാസ്ത്രീയമായി പൂജാവിധികൾ പഠിച്ചിട്ടില്ലെങ്കിലും കുടുംബ ക്ഷേത്രത്തിൽ പൂജ നടത്തി തെളിഞ്ഞതാണ്. പിന്നീട് മറ്റ് ചെറുകിട ക്ഷേത്രങ്ങളിൽ പൂജാരിയായി പോയിട്ടുമുണ്ട്. കാഴ്ചയിൽ യോഗ്യനായതിനാൽ തട്ടിപ്പിന്റെ കഥകൾ മിക്കവർക്കും അറിയില്ല. പൂജയ്ക്കൊപ്പം മന്ത്രവാദവും കൂടോത്രവും ഫലപ്രവചനവും തുടങ്ങിയതോടെയാണ് വീട്ടമ്മമാർ അടുക്കാൻ തുടങ്ങിയത്. അത്തരം ബന്ധങ്ങളെല്ലാം കൂടുതൽ ദൃഢമാക്കി മറ്റ് വഴികൾക്കായി ഉപയോഗിച്ചുവരികയായിരുന്നു വിഷ്ണുനാരായണൻ.
പെൺകുട്ടിയെ പീഡിപ്പിച്ചത് വാടക വീട്ടിൽ വച്ച്
പടിഞ്ഞാറെ കല്ലട സ്വദേശിനിയായ നിഷ (36) ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവഴികയായിരുന്നു. തിരുവല്ലയിൽ വച്ചാണ് ജ്യോതിഷകാര്യത്തിനായി വിഷ്ണുനാരായണന്റെ അടുത്തെത്തിയത്. പിന്നെയത് പ്രണയബന്ധമായി. രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ച് വിഷ്ണുനാരായണനൊപ്പം താമസം തുടങ്ങി. ശാസ്താംകോട്ട കുമരംചിറയിലാണ് ആദ്യം വാടക വീടെടുത്ത് നിഷയെ താമസിപ്പിച്ചത്. ആഴ്ചയിൽ രണ്ടുദിവസം ഇവിടെ വിഷ്ണുനാരായണൻ ചെല്ലാറുണ്ട്. നിഷയുടെ മകൾ അമ്മൂമ്മയ്ക്കൊപ്പമായിരുന്നു. ഒക്ടോബർ 18, 19 തീയതികളിൽ വിഷ്ണു നാരായണൻ വാടക വീട്ടിലെത്തിയപ്പോൾ നിഷയുടെ മകളും അവിടെ ഉണ്ടായിരുന്നു. രണ്ടു തവണയും ലൈംഗിക അതിക്രമംനടത്തി. പെൺകുട്ടി കരഞ്ഞുകൊണ്ട് അമ്മയോട് പരാതി പറഞ്ഞു. നമ്മളെ വീടെടുത്ത് താമസിപ്പിച്ചിരിക്കുന്നതും എല്ലാ ചെലവുകളും വഹിക്കുന്നതും അദ്ദേഹമാണ്, അതുകൊണ്ട് ആരോടും പരാതി പറയണ്ട എന്ന് അമ്മ കുട്ടിയോട് പറഞ്ഞു. വീണ്ടും കുട്ടി കരഞ്ഞതോടെയാണ് അമ്മൂമ്മയുടെ അടുത്ത് കൊണ്ടുവിട്ടത്. കുട്ടി അമ്മൂമ്മയോട് വിവരങ്ങൾ പറഞ്ഞു.
പരാതിപ്പെട്ടതോടെ ഒളിവിൽ പോയി
ശാസ്താംകോട്ട പൊലീസിലാണ് അമ്മൂമ്മ പരാതി നൽകിയത്. കേസ് പിന്നീട് ശൂരനാട് പൊലീസിന് കൈമാറി. വിഷ്ണു നാരായണനും നിഷയും ഒളിവിൽ പോയതോടെ പൊലീസ് ഇയാളെ കണ്ടെത്താനായി വലവിരിച്ചപ്പോഴാണ് വാടക വീടുകളെടുത്ത് പലരെയും താമസിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊലീസിന് വ്യക്തമായത്. തിരുവല്ലയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി പരാതി പറഞ്ഞിട്ടും കേസ് ഒളിപ്പിക്കാൻ ശ്രമിച്ച് കൂട്ടുനിന്നതിനാണ് അമ്മയ്ക്കെതിരെ കേസ്. പോക്സോ, ശിശു സംരക്ഷണ വകുപ്പുകൾ ചേർത്താണ് വിഷ്ണു നാരായണനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടത്തുമെന്ന് ശൂരനാട് പൊലീസ് അറിയിച്ചു. വാടക വീടുകളുടെ വിവരങ്ങളും പണം ഇടപാടുകളും മറ്റ് അനാശാസ്യ പ്രവർത്തനങ്ങളുമൊക്കെ അന്വേഷിച്ചുവരികയാണ്. കൂടുതൽപേർ ചൂഷണത്തിന് ഇരയായിട്ടുണ്ടാകുമെന്നാണ് പ്രാഥമിക വിവരങ്ങൾ.