ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടികാഴ്‌ച നടത്തും. രാജ്യത്തെ കൊവിഡ് വാക്‌സിൻ വിതരണം സംബന്ധിച്ച് നിർണായക ചർച്ചകൾക്കായാണ് കൂടികാഴ്‌ച നടത്തുക. വെെകിട്ട് നാല് മണിയോടെ പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച നടത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ് വാക്‌സിൻ ഭാരത് ബയോടെക്ക് നിർമ്മിച്ച കൊവാക്‌സിൻ എന്നിവയ്‌ക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട നിർണായക കൂടികാഴ്‌ച.
ഏതാനും ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഇന്ത്യയിലെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. വാക്‌സിൻ കുത്തിവയ്‌പ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ദേശീയ തലത്തിൽ നിന്നും സാധാരണ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.