gold

കോഴിക്കോട്: രാജ്യത്ത് വൻതോതിലുള്ള സ്വർണക്കള്ളക്കടത്ത് തടയാനും സ്വർണ വ്യാപാര മേഖലയുടെ പുരോഗതിക്കുമായി സ്വർണത്തിന്റെ മൊത്തം നികുതി ഏഴ് ശതമാനമായി കുറയ്ക്കണമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് ആവശ്യപ്പെട്ടു. ഉപഭോക്താവിന് ജി.എസ്.ടിയുടെ അധികബാദ്ധ്യത പ്രത്യക്ഷത്തിൽ ഇല്ലാത്തവിധം സ്വർണത്തിന് നികുതി ഉൾപ്പെടെയുള്ള വില നിശ്‌ചയിക്കണം.

ഇത് നികുതിയോടുള്ള വിമുഖത ഒഴിവാക്കുകയും ഉപഭോക്താവ് ബില്ല് ചോദിച്ച് വാങ്ങുന്നതിലൂടെ സർക്കാരിന് ആദായനികുതിയിനത്തിൽ വലിയ വരുമാനം കിട്ടുകയും ചെയ്യും. കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുന്ന ബഡ്‌ജറ്റിൽ ഇക്കാര്യം പരിഗണിക്കുകയും നടപ്പാക്കാൻ സംവിധാനം ഒരുക്കുകയും വേണം.

നിലവിൽ 12.5 ശതമാനം ഇറക്കുമതി തീരുവയും മൂന്നു ശതമാനം ജി.എസ്.ടിയുമാണ് സ്വർണത്തിനുള്ളത്. ഉയർന്ന നികുതിയാണ് വൻതോതിലുള്ള കള്ളക്കടത്തിനും നികുതിവെട്ടിപ്പിനും കാരണം. ഇതു തടയാൻ കാര്യക്ഷമമായ നടപടി വേണം.

ഖനനം ചെയ്യുന്ന രാജ്യത്തിന്റെ റോയൽറ്റി കൂടിചേരുമ്പോൾ സ്വർണത്തിന് മൊത്തം നികുതി 20 ശതമാനത്തോളമാണ്. ഇതാണ് നികുതിവെട്ടിച്ച് വൻതോതിൽ സ്വർണം ഇന്ത്യയിലേക്ക് കള്ളക്കടത്തായി എത്താൻ കാരണം. ഒട്ടുമിക്ക രാജ്യങ്ങളും സ്വർണത്തിന്റെ ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കിയോ നാമമാത്രമാക്കിയോ ആണ് കള്ളക്കടത്ത് തടയുന്നത്. അമേരിക്ക, ചൈന, സിംഗപ്പൂർ, ന്യൂസിലൻഡ്, മലേഷ്യ, സൗദി, യു.എ.ഇ., ഒമാൻ ഖത്തർ, ബഹ്‌റിൻ, കുവൈത്ത് എന്നിവയൊന്നും ഇറക്കുമതി തീരുവ ഈടാക്കുന്നില്ല.

കള്ളക്കടത്ത് ലോബിയിൽ നിന്ന് സ്വർണം വാങ്ങി, നികുതിവെട്ടിച്ച് ബില്ലൊന്നുമില്ലാതെ ഉപഭോക്താക്കൾക്ക് സ്വർണം വിൽക്കുന്ന നിരവധി അനധികൃത സ്വർണവില്പനശാലകൾ കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമുണ്ട്. പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര കള്ളക്കടത്ത് ലോബിയാണിതിന് പിന്നിൽ. വിമാന, കടൽ മാ‌ർഗങ്ങളിലൂടെയാണ് വലിയ തോതിൽ കള്ളക്കടത്ത് സ്വർണം വരുന്നത്.

ചെറിയൊരു അംശം മാത്രമാണ് പിടിക്കപ്പെടുന്നത്. കള്ളക്കടത്ത് തടയാൻ വേണ്ടത്ര ജാഗ്രത സർക്കാരിന്റെ ഭാഗത്തില്ല. സ്വർണനികുതി എഴ് ശതമാനമായി കുറച്ച്, വില്പനവില നിശ്ചയിക്കുകയും ബോർഡ് റേറ്റ് നിർണയിക്കാൻ സർക്കാരും സ്വർണ വ്യാപാരികളുടെ സംഘടനകളും ഉൾപ്പെട്ട സമിതിയെയും രൂപീകരിച്ചാൽ മാത്രമേ കള്ളക്കടത്ത് തടയാനാകൂ.

ചെറുകിട സ്വർണ വ്യാപാരികൾക്കും ആഭരണനിർമ്മാതാക്കൾക്കും എളുപ്പത്തിലും സുതാര്യമായും സ്വർണം ലഭിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. ഓരോരുത്തരും നൽകുന്ന നികുതി രാജ്യപുരോഗതിക്കാണ് ഉപയോഗിക്കുന്നതെന്ന ചിന്ത ഉപഭോക്താക്കളിൽ വളർത്താൻ സർക്കാരും വിതരണക്കാരും സംഘടനകളും ഉദ്യോഗസ്ഥരും മാദ്ധ്യമങ്ങളും കൂട്ടായ ബോധവത്കരണം നടത്തണം.

സ്വർണത്തിന് പി.എം.എൽ.എ:

അനധികൃത ഇടപാട് തടയും

സ്വർണവ്യാപാര മേഖലയെയും പണം തിരിമറി തടയൽ (പി.എം.എൽ.എ) നിയമത്തിന് കീഴിലാക്കിയ കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്ന് എം.പി. അഹമ്മദ് പറഞ്ഞു. സ്വർണ മേഖലയിലെ അനധികൃത ഇടപാടുകൾ ഒരുപരിധി വരെ തടയുന്ന ശുദ്ധീകരണ നടപടിയായി ഇതിനെ കാണാം.

ബഡ്‌ജറ്റ് പ്രതീക്ഷ

രാജ്യത്തിന്റെ ജി.ഡി.പിയുടെ 7.5 ശതമാനം സംഭാവന ചെയ്യുന്ന സ്വർണ, വജ്രമേഖല മൊത്തം കയറ്റുമതിയുടെ 14 ശതമാനം പങ്കുവഹിക്കുന്നു. 60 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന ഈ മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള നടപടികളാണ് ബഡ്‌ജറ്റിൽ പ്രതീക്ഷിക്കുന്നതെന്നും എം.പി. അഹമ്മദ് പറഞ്ഞു.