nwc-member

ലക്‌നൗ: സ്‌ത്രീകൾ ഒരിക്കലും അസമയത്ത് തനിച്ച് പുറത്തിറങ്ങരുതെന്ന ഉപദേശവുമായി ദേശീയ വനിതാ കമ്മിഷൻ അംഗം. ഉത്തർപ്രദേശിൽ പൂജാരിയും മ‌റ്റ് രണ്ട് സഹായികളും ചേർന്ന് ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ അമ്പതുകാരിയുടെ ബന്ധുക്കളെ സന്ദർശിച്ച ശേഷമായിരുന്നു ദേശീയ വനിതാ കമ്മിഷൻ അംഗം ചന്ദ്രമുഖീ ദേവിയുടെ പ്രസ്താവന.

'ഞാൻ എപ്പോഴും സ്‌ത്രീകളോട് പറയുന്നതാണ് ആരുടെ സ്വാധീനംകൊണ്ടായാലും ശരി നേരം ഇരുട്ടിയ ശേഷം സ്‌ത്രീകൾ തനിച്ചിറങ്ങി നടക്കരുത്.'

ഞായറാഴ്‌ച വൈകിട്ടാണ് 50കാരിയായ വീട്ടമ്മ ക്ഷേത്രദർശനത്തിനായി വീട്ടിൽ നിന്നു പോയത്. ക്ഷേത്രത്തിലെ പൂജാരിയും രണ്ട് സുഹൃത്തുക്കളും ചേർന്ന് ഇവരെ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

'അവർ നേരം അധികം വൈകുന്നതിന് മുമ്പ് പോയിരുന്നെങ്കിലോ, അല്ലെങ്കിൽ കുടുംബത്തിലെ ഒരു കുട്ടിയെ ഒപ്പം കൂട്ടി പോയിരുന്നെങ്കിലോ ഈ സംഭവം ഒഴിവാക്കാമായിരുന്നു. ഇതൊരു മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ട സംഭവമാണ്. കാരണം ഫോൺവിളി വന്ന ശേഷമാണ് വീട്ടമ്മ പുറത്തേക്ക് പോയതും ഈ ദുരവസ്ഥ വന്നതും.' ചന്ദ്രമുഖീ ദേവി പറഞ്ഞു.

എന്നാൽ ചന്ദ്രമുഖീ ദേവിയുടെ അഭിപ്രായം വ്യക്തിപരമായിരുന്നെന്നും ഇത് ദേശീയ വനിതാ കമ്മിഷന്റെ അഭിപ്രായമല്ലെന്നും കമ്മിഷൻ അദ്ധ്യക്ഷ രേഖശർമ്മ അറിയിച്ചു. എന്തടിസ്ഥാനത്തിലാണ് കമ്മിഷൻ അംഗം അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സ്‌ത്രീകൾക്ക് എവിടെയും എങ്ങനെയും എപ്പോൾ വേണമെങ്കിലും പോകാൻ അവകാശമുണ്ടെന്നും രേഖശർമ്മ പറഞ്ഞു.

അമ്പതുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നിട്ടുണ്ടെന്നും അമിത രക്തസ്രാവം മൂലമുള്ള ആഘാതമാണ് മരണകാരണമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.