നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ എത്തുന്ന 'ആറാട്ടി'ന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുൾ സ്ലീവ് ഷർട്ടും കറുത്ത കരയുള്ള ഡബിൾ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹൻലാൽ ആണ് പോസ്റ്ററിൽ. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്.
ബി. ഉണ്ണിക്കൃഷ്മൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 'നെയ്യാറ്റിൻകര ഗോപൻ' എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്‌കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.