അടിപൊളി ലുക്കിലുള്ള നടി രാജിനി ചാണ്ടിയുടെ പുതിയ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധ നേടുകയാണ്. 68 വയസുള്ള നടി ഈ പ്രായത്തിലും തന്റെ ശരീരസൗന്ദര്യം മികച്ച രീതിയിൽ കാത്തുസൂക്ഷിക്കുന്നതിൽ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. വസ്ത്രധാരണം മികച്ചതാണെന്നും നല്ല ഭംഗിയുണ്ടെന്നുമാണ് ഇവർ കമന്റുകളിലൂടെയും മറ്റും അറിയിച്ചത്. എന്നാൽ കുറച്ചുപേർ നടിയുടെ പ്രായം പറഞ്ഞുകൊണ്ട് അവരെ പരിഹസിക്കാനും വിമർശിക്കാനുമാണ് തുനിഞ്ഞത്.
'വയസാംകാലത്ത് ഇതൊക്കെ വേണോ' എന്നും 'പ്രായത്തിന്റെ ഇളക്കം' എന്നും മറ്റുമാണ് ഇവരുടെ കമന്റുകൾ. ഈ കാലത്തും സ്ത്രീയുടെ തീരുമാനങ്ങളെ സെൻസർ ചെയ്യാൻ ശ്രമിക്കുന്ന ഇക്കൂട്ടർക്കെതിരെ ഇപ്പോൾ രാജിനിയുടെ ഈ ചിത്രങ്ങൾ പകർത്തിയ ആതിര ജോയ് രംഗത്തുവന്നിരിക്കുകയാണ്. ഈ പരിഹസിക്കുന്നവർ ജനിക്കും മുൻപ് തന്നെ തന്റെ '36ആം വയസിൽ സ്വിംസ്യൂട്ടിട്ട് വിലസിയ ആളാണ് രാജിനി ആന്റി'യെന്നും എൺപതുകളിൽ. മറ്റുള്ളവർ മടിച്ചുനിന്നപ്പോൾ, ജീൻസ് ഉൾപ്പടെയുള്ള അടിപൊളി വസ്ത്രങ്ങൾ അവർ ധരിച്ചിരുന്നുവെന്നും ഫോട്ടോഗ്രാഫർ ആതിര പറയുന്നു.
ഇത്തരം കുറ്റപ്പെടുത്തലുകളൊന്നും രാജിനിയിൽ ഏൽക്കില്ലെന്നും ഇത്തരക്കാരെ ആതിര ഓർമിപ്പിക്കുന്നുണ്ട്. ഫോട്ടോഷൂട്ടിന്റെ ഒടുവിൽ സ്വിംസ്യൂട്ട് ധരിക്കാൻ രാജിനിയെ തങ്ങൾ നിർബന്ധിച്ചുവെന്നും എന്നാൽ അവർ അത് സ്നേഹപൂർവ്വം നിരസിക്കുകയാണ് ഉണ്ടായതെന്നും ഫോട്ടോഗ്രാഫർ പറയുന്നുണ്ട്. ബിഗ് ബോസ് പരിപാടിയിലൂടെ തനിക്ക് ഒരുപാട് ഹേറ്റേഴ്സിനെ കിട്ടിയിട്ടുണ്ടെന്നും അവർ തന്റെ ഫോട്ടോകൾ എങ്ങനെ സ്വീകരിക്കുമെന്നുമാണ് അവർ ആശങ്ക പ്രകടിപ്പിച്ചത്.
ബിഗ് ബോസിൽ നിന്നും പുറത്തായിരുന്നില്ലെങ്കിൽ സ്വിംസ്യൂട്ട് ഇടുമായിരുന്നു എന്ന് രാജിനി പറഞ്ഞതിനെ കുറിച്ചതും ആതിര ഓർമിക്കുന്നു. രാജിനിയുടെ ഫോട്ടോഷൂട്ടിന് ഭർത്താവ് വർഗീസ് ചാണ്ടിയുടെ ഫുൾ സപ്പോർട്ടുമുണ്ട്. 'അവൾക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവൾ അവളായി ജീവിക്കട്ടെ, രാജിനിയായി അവൾ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവർ ഞാൻ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമർശകർ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങൾ ഭർത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.’-അദ്ദേഹം പറഞ്ഞു.