sports-council

താത്കാലിക ജീവനക്കാരന്റെ അഴിഞ്ഞാട്ടം പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിൽ

തിരുവനന്തപുരം : സംസ്ഥാന സ്പോർട്സ് കൗൺസിൽ ഓഫീസിനുള്ളിൽ വച്ച് താത്കാലിക ജീവനക്കാരൻ വനിതാജീവനക്കാരിയെ തെറിയഭിഷേകം നടത്തിയതായി പരാതി. സംഭവസമയത്ത് സെക്രട്ടറിയും വനിതയായ കൗൺസിൽ പ്രസിഡന്റും ഓഫീസിലുണ്ടായിരുന്നിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. മറ്റുള്ളവരുടെ മുന്നിൽ വച്ച് അസഭ്യവർഷം നേരിടേണ്ടിവന്ന സ്ഥിരജീവനക്കാരി കായിക മന്ത്രിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

അന്വേഷണം നേരിടുന്ന ഒരു ജീവനക്കാരന്റെ ഫയലുകൾ വിജിലൻസ് ഹിയറിംഗിന് കൊടുത്തുവിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു താത്കാലിക ജീവനക്കാരന്റെ വിളയാട്ടം. വിജിലൻസ് അന്വേഷണം അട്ടിമറിക്കാൻ കൗൺസിലിന്റെ തലപ്പത്തുള്ളവർതന്നെ ശ്രമിക്കുന്നതായി നേരത്തേ ആരോപണം ഉയർന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ജീവനക്കാരി ഹിയറിംഗിന് കൈമാറിയതാണ് തെറിയഭിഷേകത്തിന് വഴിയൊരുക്കിയതത്രേ. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ കൗൺസിൽ സെക്രട്ടറി തയ്യാറായിട്ടില്ല.