കൊൽക്കത്ത: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ കൊൽക്കത്തയിലെ സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. 26-ാമത് കൊൽക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മമത.
തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം പിൻവലിക്കാൻ കേന്ദ്രം നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് പൂർണതോതിൽ തീയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിച്ചുള്ള മമതയുടെ നീക്കം. ഇതോടെ കേന്ദ്രവും മമത സർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
കേന്ദ്ര നിർദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്നാട് സർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് ജനുവരി നാലിന് പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച വൈകിട്ടോടെ തമിഴ്നാട് സർക്കാർ പിൻവലിച്ചിരുന്നു.
തിയേറ്ററുകളിൽ 50 ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ മാർഗനിർദേശം. ഒരുതരത്തിലും കേന്ദ്ര മാർഗനിർദ്ദേശത്തിൽ മാറ്റംവരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്നാട് സർക്കാരിന് അയച്ച് കത്തിൽ വ്യക്തമാക്കിയിരുന്നു.