തിരുവനന്തപുരം: വിഷാദ രോഗത്തെപ്പറ്റി അറിഞ്ഞതിനെക്കാൾ കൂടുതൽ അറിയാത്തതാണ്. അത് ഈ നിമിഷവും അങ്ങനെ തന്നെയാണ്. 'വിഷാദ കേരളം' പരമ്പരയിലൂടെ വായനക്കാർക്ക് വിഷാദരോഗത്തിന്റെ സർവതലങ്ങളെയും പരിചയപ്പെടുത്തുകയും അതുവഴി വിഷാദ രോഗികൾ ഒറ്റപ്പെട്ട് പോകേണ്ടവരല്ല എന്ന് മനസിലാക്കി കൊടുക്കുകയുമായിരുന്നു 'ഫ്ളാഷി'ന്റെ ലക്ഷ്യം. ഈ പരമ്പര അവസാനിക്കുമ്പോൾ കൊവിഡിനേക്കാൾ വലിയ മഹാമാരിയാണ് വിഷാദരോഗം എന്ന നിഗമനത്തിലാണ് ഞങ്ങൾ എത്തിച്ചേരുന്നത്. പരമ്പര അപൂർണമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇനിയും ഈ രോഗത്തെപ്പറ്റി ഒരുപാട് അറിയേണ്ടതും പഠിക്കേണ്ടതുമുണ്ട്. അക്കാര്യത്തിൽ നിതാന്ത ജാഗ്രത 'ഫ്ളാഷ്' തുടരും എന്നാണ് ഞങ്ങൾ നൽകുന്ന ഉറപ്പ്.
സഹായം എവിടെ ലഭിക്കും ?
കൃത്യമായ പരിശീലനം ലഭിച്ച മാനസികാരോഗ്യ വിദഗ്ദ്ധരെ സമീപിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിലവിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അടക്കമുളള സ്ഥലങ്ങളിൽ വിഷാദരോഗം കണ്ടെത്താനുളള പരിശീലനം ലഭിച്ചിട്ടുളള ആരോഗ്യപ്രവർത്തകരും ഡോക്‌ടർമാരും ഉണ്ട്. അവർ വിദഗ്ദ്ധ സേവനങ്ങൾക്കും പരിശോധനക്കുമായി മാനസിക ആരോഗ്യ വിദഗ്ദ്ധരുടെ അടുത്തേക്ക് അയയ്ക്കാറുണ്ട് . ആദ്യ പരിശോധനകളും രോഗ നിർണയവും ഒരു സൈക്യാട്രിസ്റ്റ് നടത്തുന്നത് ആണ് ഉത്തമം. കാരണം മുമ്പ് പറഞ്ഞത് പോലെ പല ശാരീരിക രോഗാവസ്ഥകളും വിഷാദ ലക്ഷണങ്ങളോട് കൂടിയും പ്രത്യക്ഷപ്പെടാം. അത് ആദ്യമേ തന്നെ തിരിച്ചറിയേണ്ടതുണ്ട്. സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം ആവശ്യമെങ്കിൽ മനഃശാസ്ത്ര ചികിത്സകരുടെ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) സഹായവും തേടാം.
എന്തൊക്കെ ചികിത്സകൾ?
ആന്റി ഡിപ്രസന്റ് ഗണത്തിൽപ്പെടുന്ന മരുന്നുകളാണ് പ്രധാന ചികിത്സാ മാർഗം. ഈ വിഭാഗത്തിൽപ്പെടുന്ന പുതിയ മരുന്നുകൾ ആളുകൾക്ക് വളരെ സുരക്ഷിതവും അതുപോലെതന്നെ പ്രയോജനകരവുമാണ്. ഓരോ വ്യക്തിയുടെയും രോഗലക്ഷണങ്ങൾക്കും ആവശ്യങ്ങൾക്കുമനുസരിച്ച് ഈ ഗണത്തിൽ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്. എല്ലാ അന്തർദ്ദേശീയ മാർഗ്ഗനിർദ്ദേശങ്ങളും 'മോഡറേറ്റ് റ്റു സിവിയർ' വിഷാദത്തിന് മരുന്ന് ചികിത്സയാണ് നിർദ്ദേശിച്ചിട്ടുളളത്. ഏകദേശം ഒമ്പത് മാസം മുതൽ ഒരു വർഷം വരെ മരുന്നുകൾ തുടരേണ്ടിവരും. വീണ്ടും വിഷാദം വരാതിരിക്കാൻ ഇത് സഹായിക്കും. ഇവയ്ക്കൊപ്പം കുറഞ്ഞ കാലത്തേക്ക് ഉറക്കത്തിന് വേണ്ട മരുന്നുകളും നൽകാറുണ്ട്.
സൈക്കോളജിക്കൽ മൂവ്
മനഃശാസ്ത്ര തത്വങ്ങൾ അടിസ്ഥാനപ്പെടുത്തിയിട്ടുളള ചികിത്സാരീതികൾ വിഷാദ രോഗത്തിന് പ്രധാനമാണ്. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT), ഇന്റർ പേഴ്‌സണൽ തെറാപ്പി (IPT) എന്നീ ചികിത്സാരീതികളാണ് ഏറ്റവും കൂടുതൽ ആധികാരികത. ചെറിയ തോതിലുളള വിഷാദത്തിന് ഈ ചികിത്സകൾ മാത്രം മതിയാകും. ഗുരുതരമായ വിഷാദരോഗത്തിന് മരുന്നുകൾക്കൊപ്പം ഇത്തരം ചികിത്സയും നൽകേണ്ടത് പ്രധാനമാണ്. കൃത്യമായ പരിശീലനം ലഭിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ സഹായത്തോടുകൂടി ഈ ചികിത്സ തേടാവുന്നതാണ്.
ചികിത്സകൾ ഇനിയുമുണ്ട്
ഇലക്‌ട്രോ കൺസൾസീവ് തെറാപ്പി: അനസ്‌തേഷ്യ നൽകിക്കൊണ്ട് ചെറിയ തോതിൽ വൈദ്യുതി തലച്ചോറിലേക്ക് കടത്തിവിട്ട് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്ന രീതിയാണിത്. വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ചികിത്സ ആണെങ്കിലും കടുത്ത വിഷാദ അവസ്ഥയിലും ആത്മഹത്യ സാദ്ധ്യത കൂടിയ ആളുകളിലും ഭക്ഷണം കഴിക്കുന്നത് കുറഞ്ഞവരിലും വളരെ വേഗം പ്രയോജനം നൽകുന്ന ഒരു ചികിത്സയാണിത്. പാർശ്വഫലങ്ങൾ വളരെയധികം കുറഞ്ഞ ഈ ചികിത്സ മരുന്നുകളോട് പ്രതികരിക്കാത്തവർക്കും പ്രയോജനം നല്‍കും.
Transcranial direct current stimulation (TdCS) , repetitive transcranial magnetic stimulation ( rtms) , injection ketamine തുടങ്ങിയ നൂതന ചികിത്സാ രീതികളും നിലവിൽ ലഭ്യമാണ്. കൃത്യമായ ചികിത്സ വഴി രണ്ട് ആഴ്‌ചയ്ക്കുളളിൽ രോഗലക്ഷണങ്ങൾ കുറഞ്ഞു തുടങ്ങുകയും ആറ് ആഴ്ച കഴിയുമ്പോൾ രോഗലക്ഷണങ്ങൾ പൂർണമായും കുറയുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. എന്നിരുന്നാലും തലച്ചോറിലെ മാറ്റങ്ങൾ കുറേ സമയം കൂടി എടുത്തേ മാറുകയുളളൂ. 9 മാസം മുതൽ ഒരു വർഷം വരെ തുടർ ചികിത്സ ആവശ്യമായി വരുന്നത് അതുകൊണ്ടാണ്. പാതിവഴിയിൽ ചികിത്സ നിർത്തുന്നത് രോഗം വീണ്ടും വരാനുളള സാദ്ധ്യത കൂട്ടും.
ഓർക്കുക..നാണക്കേട് വിചാരിക്കേണ്ട
വിഷാദം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. അതിന് കാരണം നിങ്ങളോ നിങ്ങൾ ചെയ്‌ത എന്തെങ്കിലും പ്രവൃത്തികളോ അല്ല. മികവുറ്റ ചികിത്സാരീതികൾ ഇന്ന് വിഷാദത്തിന് ലഭ്യമാണ്. ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന സമയത്ത് അത് നിങ്ങൾക്ക് അടുപ്പമുളളവരോട് സംസാരിക്കാൻ തയ്യാറാവുക. മനസിലെ പ്രശ്‌നങ്ങൾക്ക് സഹായം തേടുന്നതിൽ നാണക്കേട് വിചാരിക്കേണ്ട. നിങ്ങളെ പിന്തുണയ്‌ക്കാനും സഹായിക്കാനും വളരെയധികം ആളുകൾ കൂടെയുണ്ട്. ഒരുമിച്ച് നമുക്ക് ഈ ഈ അവസ്ഥയിൽ നിന്ന് കരകയറാൻ ഇന്ന് സാധിക്കും.
കാൽപനികവത്കരണത്തിന് അപ്പുറം പിന്തുണയാണ് നമുക്ക് വേണ്ടത്. കാരണം വിഷാദത്തിന്റെ വേദന അതിലൂടെ കടന്നു പോയവർക്കേ അറിയൂ, അതൊട്ടും സുഖകരമല്ല. ഒരിക്കലും തിരിച്ചു പോകാൻ ആരും ആഗ്രഹിക്കാത്ത അവസ്ഥയാണ്... മുങ്ങിത്താഴുന്നവർക്ക് പിടിച്ചു കയറാൻ നീട്ടുന്ന കൈകളാവാൻ നമുക്ക് സാധിക്കട്ടെ.