തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നു വിഭാഗങ്ങൾക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യം ലഭിക്കും. കൊവിഡ് രോഗികൾക്ഭികും ഭിന്നശേഷിക്കാർക്കും 80 വയസുകഴിഞ്ഞവർക്കുമാണ് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് ഇത് സംബന്ധിച്ച മാർഗനിർദേശം നൽകി. വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിലായിരിക്കും കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ സാധിക്കുക.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇന്ന് ആരോഗ്യ വകുപ്പ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ആരോഗ്യവകുപ്പിനോട് കർമ്മപദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
പോസ്റ്റൽ വോട്ട് സൗകര്യം ആഗ്രഹിക്കുന്നവർ വിജ്ഞാപനം വന്ന് അഞ്ചുദിവസത്തിനുള്ളിൽ റിട്ടേണിംഗ് ഓഫീസർക്ക് രേഖാമൂലം അപേക്ഷ നൽകണം. സംസ്ഥാനതലം മുതൽ ബൂത്തുതലം വരെ ഹെൽത്ത് നോഡൽ ഓഫീസർമാരെ നിയോഗിക്കാനും നിർദേശമുണ്ട്. മാസ്‌ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ് തുടങ്ങിയവയെല്ലാം മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്ന് ആരോഗ്യവകുപ്പ് വാങ്ങണം. ഇതിന് ചെലവാകുന്ന തുക തിരഞ്ഞെടുപ്പ് കമ്മിഷൻ ആരോഗ്യവകുപ്പിന് നൽകും.