dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചു. പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. വി.എൻ. അനിൽകുമാർ ഇന്നലെ ഹാജരായി നടപടിക്രമങ്ങൾ പൂർത്തിയാക്കി. കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയടക്കമുള്ളവ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കേസിന്റെ വിചാരണച്ചുമതലയുള്ള എറണാകുളം സി.ബി.ഐ കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നാരോപിച്ച് കോടതിമാറ്റത്തിന് നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശൻ രാജിവെച്ചിരുന്നു.

കോടതിമാറ്റം വേണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതിയും നിരസിച്ചതോടെ സർക്കാർ മുൻ സി.ബി.ഐ പ്രോസിക്യൂട്ടറായ അഡ്വ. വി.എൻ. അനിൽകുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിക്കുകയായിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജിയെത്തുടർന്ന് ഒരുമാസത്തിലേറെയായി കേസിന്റെ വിചാരണ സ്തംഭിച്ചിരുന്നു. ഫെബ്രുവരി നാലിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതിയുടെ നിർദ്ദേശമുള്ള സാഹചര്യത്തിൽ വിചാരണ നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്. ചലച്ചിത്രനടിയും നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ ഉൾപ്പടെയുള്ളവരെ കേസിൽ ഇനിയും വിസ്തരിക്കാനുണ്ട്.