കോട്ടയം: ഫേസ് ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയെ ഹണി ട്രാപ്പിൽപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ, പൊലീസിന് സൈബർ സുരക്ഷാ ക്ലാസെടുക്കുന്ന യുവാവടക്കം നാലു പേർ പിടിയിൽ.
കോടിമത ബോട്ട് ജെട്ടി റോഡിൽ ഫിലാൻ സാ സെക്യൂരിറ്റീസ് എന്ന സൈബർ സുരക്ഷാ സ്ഥാപനം നടത്തുകയും പൊലീസ് ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും സൈബർ സുരക്ഷാ ക്ലാസ് നൽകുകയും ചെയ്യുന്ന തിരുവാതുക്കൽ വേളൂർ തൈപ്പറമ്പിൽ ടി.എസ്. അരുൺ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻ പുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്.
ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയെയാണ് പ്രതികൾ ഫേസ്ബുക്ക് മെസഞ്ചറിലൂടെ കുടുക്കിയത്. ആദ്യം ഫേസ്ബുക്കിൽ ഒരു പെൺകുട്ടി ഇയാളുമായി ചങ്ങാത്തത്തിലായി. പിന്നീട്, മെസഞ്ചറിലൂടെ ചാറ്റിംഗ് തുടങ്ങി. ഇതിനിടെ യുവാവ് പെൺകുട്ടിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. പെൺകുട്ടി വീഡിയോ കാളിൽ മുഖം കാണിക്കാതെ നഗ്നയായി പ്രത്യക്ഷപ്പെട്ട് സംസാരിച്ചു. തൊട്ടടുത്ത ദിവസം തട്ടിപ്പുസംഘം യുവാവിനെ ഫോണിൽ വിളിച്ച് പെൺകുട്ടിയോട് അശ്ലീലം സംസാരിച്ചതിന് അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ഭീഷണി തുടർന്നതോടെ യുവാവ് പൊലീസിൽ പരാതി നൽകി.
പൊലീസിന്റെ നിർദേശാനുസരണം യുവാവ് പണം നൽകാമെന്ന് അറിയിച്ചു. ഇന്നലെ ഉച്ചയോടെ പണം വാങ്ങാനെത്തിയ പ്രതികളെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെയും ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെയും നേതൃത്വത്തിൽ വലയിലാക്കുകയായിരുന്നു.
. പൊലീസ് ബന്ധങ്ങളുള്ളതിനാൽ പിടിക്കപ്പെടില്ലെന്ന ഉറപ്പിലാണ് അരുൺ തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.