pic

കൊൽക്കത്ത:സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. 50 ശതമാനം സീറ്റുകളിൽ മാത്രമെ ആളെ അനുവദിക്കാവു എന്ന കേന്ദ്ര ഉത്തരവ് നിലനിൽക്കുന്നതിനിടെയാണ് മമതയുടെ പുതിയ നീക്കം. കൊൽക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

"നിലവിൽ മഹാമാരി കാരണം, സിനിമാ ഹാളുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശന അനുമതിയുള്ളൂ. 100% സീറ്റുകൾ കൈവരിക്കുന്നതിനായി ഒരു അറിയിപ്പ് കൊണ്ടുവരാൻ ഞാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടും." മമതാ ബാനർജി പറഞ്ഞു.

ആളുകൾ മാസ്കുകൾ ധരിക്കുകയും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന്
തിയേറ്റർ ഉടമകൾ ഉറപ്പുവരുത്തണം. ഓരോ ഷോയ്ക്കും ശേഷവും തിയേറ്റർ ശുചീകരിക്കണം.
ഓരോ ആളുകളും സ്വന്തമായി സാനിറ്റൈസർ കൊണ്ട് വരണമെന്നും മമതാ ബാനർജി ആവശ്യപ്പെട്ടു.

തിയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം പിൻവലിക്കാൻ കേന്ദ്രം നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് തിയേറ്ററുകളിൽ കൂടുതൽ ആളെ കയറ്റാനുള്ള മമതയുടെ നീക്കം. ഇത് കേന്ദ്രവും മമതാ സർക്കാരും തമ്മിൽ കൂടുതൽ തർക്കങ്ങൾക്ക് കാരണമായേക്കും.

ലോക്‌ഡൗൺ ഇളവുകളുടെ ഭാഗമായി 50 ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിച്ച് തിയേറ്ററുകൾക്ക് പ്രവർത്തിക്കാമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കിയിരുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാന സർക്കാരുകളും ഒരുതരത്തിലും ഇതിൽ മാറ്റം വരുത്തരുതെന്നും നിർദ്ദേശിച്ചിരുന്നു.