donald-trump-

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു സ്ഥാനമൊഴിയാൻ നിർബന്ധിതനായതിന് പിന്നാലെ കാപിറ്റോൾ മന്ദിരത്തിലെ കലാപത്തിന്റെ പേരിലും പ്രതിക്കൂട്ടിലായിരിക്കുകയാണ് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് . അധികാരം ഒഴിയുന്നതിന് മുൻപ് തന്നെ ട്രംപിനെ പുറത്താക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഈ സംഭവങ്ങൾക്കിടയിലും ശ്രദ്ധ നേടുകയാണ് ട്രംപുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത. ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്‌സ് ഫാന്റം കാർ വിൽപനയ്ക്ക് എന്ന വാർത്തയാണ് ചർച്ചയായത് . അമേരിക്കയുടെ 45–ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം മെകം ഓക്ഷൻസിന്റെ വെബ്‌സൈറ്റിലാണു ലേലത്തിനെത്തുന്നത്. നിലവിൽ ഈ കാറിന്റെ ഉടമസ്ഥൻ ട്രംപ് അല്ല.

ആഡംബരത്തിന്റെ അവസാനവാക്കായി വാഴ്ത്തപ്പെടുന്ന, ദശാബ്ദത്തിലേറെ പഴക്കമുള്ള കാറിന് മൂന്നു മുതൽ നാലു ലക്ഷം ഡോളർ ( 2.20 മുതൽ 2.90 കോടി രൂപ വരെ) ആണു വില പ്രതീക്ഷിക്കുന്നത്. റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന, തിയേറ്റർ പാക്കേജും സ്റ്റാർ ലൈറ്റ് ഹെഡ്‌ലൈനറും ഇലക്ട്രോണിക് കർട്ടനുമെല്ലാം ഉൾപ്പെടുന്നതാണ് കാർ. ഇതുവരെ 56,700 മൈൽ (91,249 കിലോമീറ്റർ) ഓടിയിട്ടിട്ടുണ്ട്. 2010ൽ ആകെ 537 ഫാന്റം കാറുകളാണു റോൾസ് റോയ്സ് നിർമിച്ചിരുന്നത്.

റോൾസ് റോയ്സ് നൽകിയ ഓണേഴ്സ് മാനുവലിൽ ട്രംപിന്റെ ഓട്ടോഗ്രാഫുണ്ട്. കാറിനു കരുത്തേകുന്നത് 6.75 ലീറ്റർ, വി 12 എൻജിനാണ്; 453 ബി എച്ച് പിയോളം കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. പവർ സ്റ്റീയറിങ്ങും പവർ ഡിസ്‌ക് ബ്രേക്കും സഹിതമെത്തുന്ന കാറിന്റെ ട്രാൻസ്മിഷൻ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗീയർബോക്സാണ്. മികച്ച സുരക്ഷ ഉറപ്പാക്കാൻ മുൻസീറ്റ് യാത്രികർക്കു പുറമെ സൈഡ് എയർ ബാഗുകളും കർട്ടൻ എയർബാഗുകളും കാറിലുണ്ട്. ഏഴു സ്‌പോക്ക് അലോയ് വീൽ സഹിതമെത്തുന്ന കാറിലെ ഹെഡ്രെസ്റ്റിൽ റോൾസ് റോയ്സ് ചിഹ്നവും തുന്നിച്ചേർത്തിട്ടുണ്ട്‌