വാഷിംഗ്‌ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടെ ജോ ബെെഡന്റ് സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ ട്വീറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
"ചോദിച്ച എല്ലാവരോടും, ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ഞാൻ പോകില്ല.” ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്‌തു. എന്നാൽ വെെറ്റ് ഹൗസിലെ അവസാന ദിനങ്ങൾ ട്രംപ് എങ്ങനെ ചിലവഴിക്കുമെന്നത് സംബന്ധിച്ച് യാതൊരു സൂചനയും ലഭ്യമല്ല.
കാലാവധി പൂർത്തിയാകാൻ 12 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ട്രംപിന്റെ ഈ പ്രസ്താവന. ബെെഡന്റെ ഉദ്ഘാടന ചടങ്ങളിൽ പങ്കെടുക്കാതെ വന്നാൽ ആൻഡ്രൂ ജോൺസണിനു ശേഷം പിൻഗാമികളുടെ ഉദ്ഘാടനം ഒഴിവാക്കുന്ന ആദ്യ പ്രസിഡന്റായിരിക്കും ഡൊണാൾഡ് ട്രംപ്. കാപിറ്റോളിൽ തന്റെ പേരിൽ നടത്തിയ അക്രമത്തെ അപലപിച്ച് ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് വ്യാഴാഴ്ച ഒരു വീഡിയോ അയച്ചു. വീഡിയോയിൽ ആദ്യമായി പ്രസിഡന്റ് പദവി താൻ ഒഴിയുമെന്ന സൂചന ട്രംപ് നൽകിയിരുന്നു.