urumbu-chammanthi

കേട്ടിട്ട് നെറ്റി ചുളിയ്ക്കണ്ട. കൊവിഡ് പ്രതിരോധത്തിന് ചോണനുറുമ്പ് ചമ്മന്തി ഉപയോഗിക്കുന്ന കാര്യത്തിൽ ആയുഷ് മന്ത്രാലയം ഡയറക്ടർ ജനറലിനോട് ഒഡിഷ ഹൈക്കോടതി അഭിപ്രായം തേടി . കൊവിഡ് ചികിത്സയിൽ ചുവന്നുറുമ്പ് ചമ്മന്തി പ്രയോജനപ്പെടുത്താൻ സാധിക്കുമോയെന്ന് മൂന്നു മാസത്തിനുള്ളിൽ അറിയിക്കണമെന്നാണ് കോടതി നിർദ്ദേശം.2020 ജൂണിൽ എൻജിനീയറും ഗവേഷകനുമായ നയാധാർ പാദിയാലാണ് കൊവിഡ് ചികിത്സയിൽ ചോനനുറുമ്പ് ചമ്മന്തി ഉപയോഗിക്കാമെന്ന് അഭിപ്രായപ്പെട്ടത്. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് പൊതുതാത്പര്യ ഹർജിയുമായി അദ്ദേഹം കോടതിയെ സമീപിച്ചു. തുടർന്നാണ് പാദിയാലിന്റെ അഭിപ്രായത്തെ മുഖവിലയ്‌ക്കെടുത്ത് ഉറുമ്പ് ചമ്മന്തിയുടെ ഔഷധഗുണത്തെക്കുറിച്ച് പഠനം നടത്താൻ കോടതി നിർദ്ദേശിച്ചത്.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫോർമിക് ആസിഡ്, പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ബി12, സിങ്ക്, അയൺ എന്നിവയാൽ സമ്പുഷ്ടമാണ് ഉറുമ്പ് ചമ്മന്തിയെന്ന് ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിലെ ഗോത്രവർഗക്കാർക്കിടയിൽ ഈ ചമ്മന്തി പ്രചാരത്തിലുണ്ടെന്നും സ്ഥിരമായി ഉപയോഗിക്കുന്നതിനാലാവണം ഗോത്രവർഗക്കാർക്കിടയിൽ കൊവിഡ് വ്യാപനം കുറയുന്നതെന്നും ഈ മേഖലയിൽ വിശദമായ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യം ഇക്കാരണത്താലാണെന്നും പാദിയാൽ വിശദീകരിച്ചിട്ടുണ്ട്.

'ഹലാൽ' ഔട്ട്

ഹലാൽ ഉത്പന്നങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടത്തി വരുന്ന വിദ്വേഷ പ്രചരണങ്ങൾക്കിടെ മാംസകയറ്റുമതി മാന്വലിൽ നിന്ന് 'ഹലാൽ" എന്ന വാക്ക് അഗ്രികൾചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോർട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) നീക്കം ചെയ്തു. ഹലാൽ മാംസം സംബന്ധിച്ച് കേന്ദ്ര സർക്കാർ ചട്ടങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ് മീറ്റ് മാന്വലിൽ നിന്ന് ഈ വാക്ക് നീക്കം ചെയ്തത്.

'ഇസ്‌ലാമിക രാജ്യങ്ങളുടെ മാനദണ്ഡം അനുസരിച്ച് മൃഗങ്ങളെ ഹലാൽ രീതിയിൽ അറുത്തതായിരിക്കണം' എന്ന പരാമർശം പുതിയ മാന്വലിൽ നിന്ന് നീക്കി.

'ഇറക്കുമതി രാജ്യങ്ങളുടെ മാനദണ്ഡങ്ങൾ അനുസരിച്ച് അറുത്തവയായിരിക്കണം' എന്നാണ് പുതിയ മാന്വൽ പറയുന്നത്. ഇസ്‌ലാമിക രാജ്യങ്ങൾ അനുശാസിക്കുന്ന ഹലാൽ രീതി സംബന്ധിച്ച വിശദീകരണവും മാന്വലിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക കയറ്റുമതികൾക്ക് മേൽനോട്ടം നൽകുന്ന ഏജൻസിയാണ് എ.പി.ഇ.ഡി.എ.

വീട്ടമ്മയുടെ ജോലിക്കും മൂല്യം

സ്ത്രീകളുടെ വീട്ടുജോലിക്ക് പുരുഷന്റെ ഓഫീസ് ജോലിയേക്കാൾ മൂല്യം കുറവല്ലെന്ന് സുപ്രീം കോടതി. വീട്ടമ്മമാർ ജോലി ചെയ്യുന്നില്ല അല്ലെങ്കിൽ കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയർത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്നും അത് തിരുത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

2014ൽ ഡൽഹിയിൽ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾ അപകടത്തിൽ മരിച്ച സംഭവത്തിൽ വീട്ടമ്മയുടെ നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

'പ്രതിഫലമില്ലാത്ത ജോലിയാണ് സ്ത്രീകൾ ചെയ്യുന്നത്. വീട്ടമ്മമാർ ചെയ്യുന്ന ജോലികളുടെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും മൂല്യം കണക്കാക്കിയാകണം കോടതികൾ അവരുടെ വരുമാനം നിശ്ചയിക്കേണ്ടതെന്നും' കോടതി നിരീക്ഷിച്ചു. മരിച്ച ദമ്പതികളിൽ ഭാര്യ വീട്ടമ്മയായിരുന്നു.

ദമ്പതികളുടെ കുടുംബത്തിന് 40.71 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ട്രൈബ്യൂണൽ ഇൻഷ്വറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് അപ്പീൽ പരിഗണിച്ച ഡൽഹി ഹൈക്കോടതി നഷ്ടപരിഹാരം 22 ലക്ഷമായി ചുരുക്കി. എന്നാൽ സുപ്രീംകോടതി 33.20 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടു. ഈ തുകയ്ക്ക് മേയ് 2014 മുതലുള്ള 9 ശതമാനം പലിശയും നൽകണം.

എലോൺ മസ്ക് ലോകത്തെ ഏറ്റവും സമ്പന്നൻ

ആമസോൺ തലവൻ ജെഫ്​ ബെസോസിനെ പിന്നിലാക്കി ടെസ്​ലയുടെ സ്ഥാപകൻ എലോൺ മസ്‌ക് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനായി.

18,850 കോടി ഡോളറാണ് മസ്‌കിന്റെ ആസ്‌തി.

2017 ഒക്‌ടോബർ മുതൽ ബെസോസ് കൈയടക്കിവച്ച പട്ടമാണ് മസ്‌ക് സ്വന്തമാക്കിയത്. ബെസോസിന്റെ ആസ്‌തി ഇപ്പോൾ 18,750 കോടി ഡോളറാണ് (13.74 ലക്ഷം കോടി രൂപ). മസ്‌കിന് 20 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടെസ്‌ല ഓഹരികളുടെ വിലക്കുതിപ്പാണ് അദ്ദേഹത്തിന് നേട്ടമായത്. കഴിഞ്ഞ 12 മാസത്തിനിടെയാണ് മസ്‌ക് ആസ്‌തിയിൽ 15,000 കോടി ഡോളറോളവും കൂട്ടിച്ചേർത്തത്.

മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനെ പിന്തള്ളിയാണ് 2020ൽ ലോകത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം എലോൺ മസ്‌ക് എന്ന 49കാരൻ സ്വന്തമാക്കിയത്. തുടർച്ചയായി വരുമാന, ലാഭ വർദ്ധന കുറിക്കുന്ന ടെസ്‌ലയുടെ ഓഹരി വിലയിലെ വർദ്ധനയാണ് മസ്‌കിന് നേട്ടമാകുന്നത്. 2020ൽ ടെസ്‌ല ഓഹരി വില 743 ശതമാനം വർദ്ധിച്ചു. നിരീക്ഷകർ വിലയിരുത്തിയ 4.81 ലക്ഷത്തെ കടത്തിവെട്ടി 4.99 ലക്ഷം കാറുകൾ കഴിഞ്ഞവർഷം ടെസ്‌ല വിറ്റഴിച്ചതും കരുത്തായി. ടെസ്‌ലയിൽ 20 ശതമാനമാണ് മസ്‌കിന്റെ ഓഹരി പങ്കാളിത്തം.