ഒറ്റനോട്ടത്തിൽ ഒരു യൂറോപ്യൻ തെരുവെന്ന് തോന്നാം, എന്നാൽ നമ്മുടെ കൊച്ചുകേരളത്തിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. കോഴിക്കോട് ജില്ലയിൽ വടകരയ്ക്കു സമീപം കാരക്കാട് നിർമിച്ച വാഗ്ഭടാനന്ദ പാർക്കിന്റെ ചിത്രങ്ങളാണിത്. ഒഞ്ചിയം പഞ്ചായത്തിലെ കാരക്കാട് ഗ്രാമത്തിൽ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നിർമിച്ച പാർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.
യൂറോപ്യൻ മാതൃകയിൽ നിർമിച്ച പാർക്കിൽ ആധുനിക ഡിസൈനുകളാണുളളത്. പാർക്കിൽ മനോഹരമായ പ്രതിമകളും കലാപരിപാടികൾ സംഘടിപ്പിക്കാനായി തുറന്ന വേദിയും ഒഴിവുസമയങ്ങള്‍ ചിലവിടാൻ ബാഡ്മിന്‍റൺ കോർട്ടുകളുമുണ്ട്. ഇതിനു പുറമെ ജിംനേഷ്യവും കുട്ടികൾക്കുളള പാർക്കും ഇവിടെയുണ്ട്.
ഉദ്ഘാടനത്തിന് പിറകെ തന്നെ പാർക്കിന്റെ ചിത്രങ്ങ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'യൂറോപ്യൻ നഗരം ഒന്നും അല്ല, വടകരക്കും മാഹിക്കും ഇടയിലെ ഞങ്ങളുടെ കൊച്ചു ഗ്രാമം,' എന്ന അടിക്കുറിപ്പോടെയാണ് കാരക്കാട് സ്വദേശികളായ പലരും ചിത്രങ്ങൾ പങ്കുവച്ചത്..
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 2.80 കോടി രൂപ ചെലവിലാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. പാർക്ക് നവീകരണത്തിനു മുൻപും പിൻപുമുളള ചിത്രങ്ങൾ ഫേസ്ബുക്കിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ പങ്കുവെച്ചു.
പ്രാദേശികവാസികളുടെ കൂട്ടായ്മയും സഹകരണവും കൊണ്ടാണ് പാർക്കിന് പുതിയ മുഖം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വിവേചനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ നവോത്ഥാന നായകൻ ശ്രീ വാഗ്ഭടാനന്ദ ഗുരുവിനോടുളള ആദരസൂചകമായാണ് പാർക്ക് നിർമിച്ചതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലും നിരവധി പേർ പാർക്കിന്റെ നിർമാണത്തെ പ്രശംസിച്ചു.
ഒഞ്ചിയത്തെ നാദാപുരം റോഡ് റെയിൽവേ സ്‌റേഷൻ മുതൽ ദേശീയപാത വരെയുള്ള റോഡാണ് മുഖച്ഛായ മാറ്റി വാഗ്ഭടാനന്ദ പാർക്ക് എന്ന് നാമകരണം ചെയ്തതെന്ന് ടൂറിസം മന്ത്രി അറിയിച്ചു. പാർക്കിനെക്കുറിച്ച് നല്ല അഭിപ്രായം ഉയരുന്നതിനിടെ പാർക്ക് നിർമിച്ച പ്രദേശത്തിന്റെ മുൻപുണ്ടായിരുന്ന അവസ്ഥയും ഇപ്പോഴത്തെ അവസ്ഥയും താരതമ്യം ചെയ്യുന്ന ചിത്രങ്ങളും ടൂറിസം മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.
ആധുനിക കേരളത്തെ വാർത്തെടുക്കുന്നതില്‍ വലിയ പങ്കു വഹിച്ച നവോത്ഥാന നായകന്മാരില്‍ ഒരാളായ ശ്രീ വാഗ്ഭടാനന്ദ ഗുരുവിന്റെ...
Posted by Kadakampally Surendran on Tuesday, 5 January 2021