vijay-

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ.ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രതീക്ഷയാണ് സിനിമ ലോകം നൽകുന്നത്. ജനുവരി 13ന് ചിത്രം തിയേറ്ററുകളിൽ എത്തിയേക്കും. മാളവിക മോഹനാണ് ചിത്രത്തിലെ നായിക.വിജയ് സേതുപതി, ആൻഡ്രിയ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇതിനിടെ, സാലിഗ്രാം പ്രദേശത്ത് വിജയ്‌യുടെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റ് ഉപേക്ഷിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രവി രാജ്, എ.സി കുമാർ എന്നിവർക്കെതിരെ വിജയ്‌യുടെ അഭിഭാഷകൻ പൊലീസിൽ പരാതി നൽകി.വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ മുൻ പ്രവർത്തകരായിരുന്നു ഇവർ.എന്നാൽ വിജയ്‌യുടെ പിതാവ് എസ്.എൻ.ചന്ദ്രശേഖറുമായി ചേർന്ന് നടന്റെ പേരിൽ രാഷ്‌ട്രിയ പാർട്ടി ആരംഭിക്കാൻ തയ്യാറെടുപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇവരെ ഫാൻസ് ക്ലബിന്റെ അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. വർഷങ്ങളായി അപ്പാർട്ട്മെന്റിൽ താമസിച്ചുവരുന്നതിനിടെയാണ് ഇവർക്കെതിരെ നടൻ പരാതി നൽകുന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വിജയ് മക്കൾ ഇയക്കത്തിലെ മുൻ അം​ഗങ്ങളെ ചേർത്ത് പാർട്ടി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ചന്ദ്രശേഖറെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ അച്ഛൻ പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച് തനിക്ക് അറിവില്ലെന്നും അതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വിജയ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു തന്റെ പേരോ ഫോട്ടോയോ ‘വിജയ്‌ മക്കള്‍ ഇയക്കം’ എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ല എന്നും വിജയ്‌ പറഞ്ഞിരുന്നു.