trump

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് ട്വിറ്റർ. പ്രകോപനപരമായ ട്വീറ്റുകൾ പ്രത്യക്ഷപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുന്നുവെന്ന് ട്വിറ്റർ അറിയിച്ചു. നേരത്തേ 12 മണിക്കൂർ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു.

അതേസമയം യു.എസ് കാപ്പിറ്റോള്‍ കലാപത്തിന് പ്രോത്സാഹനം നല്‍കിയെന്ന് ആരോപിച്ച് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചു.

ട്രംപ് പ്രസിഡന്റ്‌ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും, ഇംപീച്ച്മെന്റിനെ അനുകൂലിക്കുന്നുവെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡ‍ന്‍ പറഞ്ഞു. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വരുന്നത്. 2019ല്‍ അധികാര ദുര്‍വിനിയോഗം ആരോപിച്ച് ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും സെനറ്റ് അത് തള്ളിയിരുന്നു.

ജനുവരി 20-നാണ് ജോ ബെയ്ഡന്റെ സത്യപ്രതിജ്ഞ നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ട്രംപ് അറിയിച്ചു "ജനുവരി 20ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ഞാൻ പോകില്ല.”-അദ്ദേഹം ട്വീറ്റ് ചെയ്തു.