novel

പുറത്തേക്കിറങ്ങിയ കവിത പെട്ടെന്ന് തിരിച്ചുകയറി.സുമിക്ക് വാതിലടക്കാൻ കഴിഞ്ഞില്ല. എന്തെങ്കിലും പറയാൻ വിട്ടുപോയതാവുമെന്ന് കരുതി. തലേദിവസത്തെ ദുരനുഭവത്തിൽ ഖേദം അറിയിക്കാനോ? പക്ഷേ, കവിതയുടെ ശ്രദ്ധ അടുക്കളപ്പുറത്ത്, അകലേയ്‌ക്ക് നോക്കിനിൽക്കുന്ന ശ്യാമളയിലായിരുന്നു. അളന്ന് കുറിക്കുന്ന ശക്തമായ കണ്ണുകൾ. തുടർന്ന് വിധിയെഴുത്തിന്റെ ബലം.

''മാജിക് ഷോയിൽ ഒരു പെൺകുട്ടിയെ വേണം. ശബരി അന്വേഷിക്കുന്നുണ്ട്. മോഡേൺ ലുക്ക് പറ്റില്ല. ഒരു നാട്ടിൻപുറത്തുകാരി...ശാലീന... ""

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ വിരൽചൂണ്ടി

'' ദേ, ഇതുപോലെ""

സുമിയുടെ ഉള്ളിൽ സ്‌ഫോടനം. കരുതിവച്ച തന്ത്രം. ഇവളെ ശബരി ഇങ്ങോട്ടയച്ചതാണെന്ന തോന്നലിനെ ശക്തിപ്പെടുത്തുന്ന നാടകം അയാളുടെ ഷോയിലെ അംഗമാവാം ഇവൾ. മുൻപും പങ്കെടുത്തിട്ടുണ്ടാവാം. ഇത് ദമ്പതികളുടെ ഒത്തുകളി. ഇതുപോലെയുള്ള ഒരു പെൺകുട്ടിയായാണ് തിരയുന്നതെന്നാണ് കവിത പറഞ്ഞത്. ഈ പെൺകുട്ടിയെ വേണമെന്ന ആവശ്യം അടുത്തനിമിഷത്തിൽ ഉയരുമെന്ന് തീർച്ചയായിരുന്നു.

'' ഞാൻ ശബരിയോട് പറയാം വന്നു നോക്കാൻ. ഇഷ്‌ടപ്പെട്ടാൽ...""

കവിതയുടെ ഒടുവിലത്തെ വാക്ക് സുമി ആവർത്തിച്ചു. ചോദ്യചിഹ്നമായി.

''ഇഷ്‌ടപ്പെട്ടാൽ? ""

'' ഇവളെ കൊണ്ടുപോവാം. ഒരു ദിവസത്തെ പ്രാക്ടീസ് മതി.""

'' അതിന് ഇവളുടെ സമ്മതം വേണ്ടേ?""

'' അവൾ സമ്മതിക്കും.""

'' ഉറപ്പാണോ?""

കവിത മൂളി.

'' മാജിക് ഷോയിൽ വെട്ടിത്തിളങ്ങിനിൽക്കാൻ ആരാണിഷ്‌ടപ്പെടാത്തത്?""

'' നിങ്ങൾക്ക് വേണ്ടത് വെട്ടിത്തിളങ്ങുന്ന രാജകുമാരിയെ അല്ലല്ലോ....നാടൻ....ശാലീന...?""

ആ മറുചോദ്യത്തിന് തെല്ലു പരിഹാസമുണ്ടായിരുന്നു.

കവിതയുടെ മുഖം കറുത്തു. തീരെ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുമിയിൽ നിന്നുണ്ടായിരിക്കുന്നത്.

''അവൾ സമ്മതിച്ചാലും എന്റെ സമ്മതവും വേണമല്ലോ."" സുമിയുടെ സ്വരം കർക്കശമായി.

'' അവളെന്റെ അടുത്താണല്ലോ നിൽക്കുന്നത്.""

തിരിഞ്ഞുനിൽക്കുകയാണെങ്കിലും ശ്യാമള അവരുടെ സംഭാഷണം കേൾക്കുന്നുണ്ടായിരുന്നു. മുറിയിൽ മറ്റ് ശബ്‌ദമൊന്നും ഇല്ലാത്തതുകൊണ്ട് കൃത്യമായി അതവളുടെ കാതിൽ പതിക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്ക് കയറി പറയുകയോ, സംസാരം തന്നെക്കുറിച്ചാണെങ്കിലും തനിക്കതിൽ പങ്കെടുക്കാൻ അവസരമില്ല, യോഗ്യതയില്ല.

വേലക്കാരി, വേലക്കാരിയുടെ സ്ഥാനത്ത് നിൽക്കണം. സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ട് അവൾ മൗനിയായി. കവിത, പ്രതീക്ഷിക്കാത്ത വാക്കുകളാണ് സുമിയിൽ നിന്നുണ്ടായത്. എങ്കിലും ജാള്യം മറയ്‌ക്കാൻ ശ്രമിച്ചു. പക്ഷേ, അവളുടെ ഉള്ളിൽ വാശിയുണ്ടായി. മത്സരിക്കാനുള്ള വ്യഗ്രതയും. എങ്ങനെയും ശ്യാമളയെ മാജിക് ഷോയിൽ പങ്കെടുപ്പിക്കണം. ശബരി വിചാരിച്ചാൽ സാധിക്കുമോ എന്നറിയില്ല. തന്ത്രപൂർവമുള്ള നീക്കം ആവശ്യമാണ്. സുമി എതിർത്താലും ഈ പെൺകുട്ടിക്ക് താത്പര്യമുണ്ടാകും. പകിട്ടാർന്ന പ്രകടനത്തിന് ആഗ്രഹമുണ്ടാവും. ഒരുവീട്ടുവേലക്കാരിക്ക് കിട്ടാവുന്നതിനേക്കാൾ വലിയസ്ഥാനം. അവളുടെ സ്വപ്നങ്ങളിൽ പോലും കടന്നുവരാത്ത ദൃശ്യം. ഒരു ദേവതയുടെ അല്ലെങ്കിൽ രാജകുമാരിയുടെ വേഷമാണ് അവളെ കാത്തിരിക്കുന്നത്. ശബരി അന്വേഷിക്കുന്നത് ആ വേഷക്കാരിയെയാണ്.

'' കുട്ടിക്ക് താത്പര്യമുണ്ടെങ്കിൽ വരട്ടെ. നിങ്ങളും ഷോ കാണാനുണ്ടാവുമല്ലോ""

കവിത പറഞ്ഞു.

സുമി മറുപടി നൽകുന്നതിനു മുമ്പ് ശ്യാമള കയറിപ്പറഞ്ഞു.

'' എനിക്ക് വയ്യ, ഞാൻ വരില്ല""

കവിതയുടെ മുഖം വാടുകയും പിന്നെ അരിശത്താൽ ചുമക്കുകയും ചെയ്‌തു. അഹങ്കാരി... ഭാവം കണ്ടാൽ ഭൂലോകസുന്ദരിയാണെന്ന് തോന്നും. ഇങ്ങനെയൊരവസരത്തിന് വേണ്ടി പരതിനടക്കുന്ന എത്രയോ പെൺകുട്ടികളുണ്ടാവും. ശബരിക്ക് തിടുക്കത്തിൽ കണ്ടെത്താനായില്ലെന്ന് മാത്രം. ശ്യാമള തീരുമാനമറിയിച്ചുകഴിഞ്ഞു. ഇനിയൊന്നും സംസാരിക്കേണ്ടതില്ലെന്ന് സുമി നിശ്ചയിച്ചു. പറഞ്ഞ് പിണക്കേണ്ട. അകലം വർദ്ധിപ്പിക്കേണ്ട. അനിയത്തിയുടെ വീട്ടിലെ വാടകക്കാരാണല്ലോ.കവിത പുറത്തിറങ്ങി. വൈരാഗ്യത്തോടെ. ഫ്ളാറ്റിന് പുറത്ത് അല്പനേരം ശ്യാമളയെ തനിച്ചുകിട്ടിയാൽ പ്രോഭനത്താൽ ആകർഷണ വലയിൽ വീഴ്‌ത്താൻ കഴിയും. പക്ഷേ, സുമിയുടെ സാമീപ്യമില്ലാതെ അവളെ കിട്ടാനിടയില്ല. ദൗത്യവുമായി ശബരി പോയാലോ? വിശ്വനാഥനുമായി സംസാരിക്കാൻ പറയാം. വേലക്കാരിയുടെ ശാഠ്യത്തിന് ആയുസ് കുറവായിരിക്കും. പണവും പകിട്ടും അവളുടെ മനസ് മാറ്റും. പെട്ടെന്നവൾ തിരുത്തി. മോഹിപ്പിക്കാൻ തക്കപ്രതിഫലമൊന്നും ശബരി നൽകുകയില്ല. ഒരു സ്റ്റേജ് കിട്ടുന്നതുതന്നെ ഭാഗ്യം. അയാൾക്ക് ഒട്ടും സാമ്പത്തിക നേട്ടമുള്ള പരിപാടിയില്ല. പിന്നെ എങ്ങനെയാണ് പങ്കെടുക്കുന്ന കലാകാരിക്ക് പ്രതിഫലം നൽകുന്നത്? അവസരം മോഹിച്ചുനടക്കുന്നവർ മാത്രമേ ശബരിയുടെ ഷോയിൽ പങ്കെടുക്കാൻ തയ്യാറാവുകയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. കവിതയ്‌ക്ക് ലജ്ജ തോന്നി. രണ്ടാം തവണയാണ് സുമിയുടെ മുന്നിൽ തോൽക്കുന്നത്. അപമാനിപ്പെടുന്നത്. ഇനിയവളെ അഭിമുഖീകരിക്കുന്നത് നാണക്കേടാണ്. ജയിക്കണമെങ്കിൽ തലയുയർത്തണമെങ്കിൽ ഒരു വഴിമാത്രം. ശ്യാമള. അവളെ തന്റെ പക്ഷത്ത് കൊണ്ടുവരണം. ആ മാർഗ്ഗത്തെക്കുറിച്ച് മാത്രമായി അവളുടെ ചിന്ത. തലപുകഞ്ഞ ആലോചന. കവിത പോയിക്കഴിഞ്ഞപ്പോൾ ശ്യാമള, സുമിയെ സമീപിച്ചു.

'' ചേച്ചീ എനിക്ക് മാജിക്കിനൊന്നും പോവാൻ വയ്യ.""രക്ഷിക്കണമെന്ന മട്ടിലുള്ള അപേക്ഷ, വിലാപം.

''നീയെവിടെയും പോവണ്ട "" സുമി ഉറപ്പുനൽകി.

അമ്പലപ്പറമ്പിലെ ആണുത്സവത്തിൽ നൃത്തം കളിക്കാനും തെരുവ് സർക്കസിൽ അഭ്യാസിയാകാനുമൊക്കെ ചിലർ തന്നെ വിളിച്ചിട്ടുണ്ടെന്ന കാര്യം ശ്യാമള തുറന്നു പറഞ്ഞു. ഡാൻസറിയില്ല. രണ്ട് ദിവസംകൊണ്ട് പഠിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. ഏതെങ്കിലും സിനിമാപാട്ടിനൊത്ത് തുള്ളിയാൽ മതി. മെലിഞ്ഞിട്ടാണെങ്കിലും വടിവൊത്ത മേനി. എങ്ങനെ മുതലെടുക്കാമെന്ന് ആ സംഘാടകർക്കറിയാമായിരുന്നു. പരുപരുത്ത പ്രകൃതമുള്ള ഒരു താടിക്കാരനാണ് വഴിയോരസർക്കസിലേക്ക് വിളിച്ചത്. താൻമുഖം കറുപ്പിച്ചു. അയാൾ ആവശ്യം ആവർത്തിച്ചപ്പോൾ താൻ ക്ഷുഭിതയായി. സാക്ഷിയായി അമ്മയുണ്ടായിരുന്നു. അനുകൂലമായും പ്രതികൂലമായും ഒന്നും പറയാതെ അമ്മ.

വേസ്റ്റ് ബാസ്‌കറ്റ് എടുക്കുന്ന സ്ത്രീകൾ വാതിലിൽ മുട്ടിയപ്പോൾ ശ്യാമള കൂടയുമായി പുറത്തിറങ്ങി, എന്നും സുമിയാണ് അത് ചെയ്യുന്നത്. അല്ലെങ്കിൽ ബെല്ലടിക്കാതിരിക്കാൻ മുൻകൂട്ടി ഇടനാഴിയിൽ വച്ചിരിക്കും. പുതിയ പെണ്ണിനെ വന്ന പെണ്ണുങ്ങൾ സൂക്ഷിച്ചുനോക്കി.

'' എവിടന്നാ?""

വേലക്കാരിയാണെന്ന ബോദ്ധ്യത്തിലായിരുന്നു ആ ചോദ്യം. ശ്യാമള മറുപടി നൽകിയില്ല. അന്നേരം കവിത ലിഫ്ടിനരികിലേക്ക് പോകാനായി ഇടനാഴിയിലെത്തി. ശ്യാമളുടെ അടുത്തെത്തിയ അവൾ മയമില്ലാതെ ചോദിച്ചു.

'' നിനക്കെന്താ മാജിക് കളിച്ചാൽ?""

ശ്യാമള ഭയത്തോടെ വാതിലടച്ചു.

ഫ്ലാറ്റിനുള്ളിലേക്ക് കയറി ശ്യാമളുടെ പരിഭ്രമം സുമി കണ്ടു. അവൾ വല്ലാതെ വിറയ്ക്കുകയായിരുന്നു. ഭീതിദമായ ഒരു ചിത്രം പോലെ...

'' എന്താ എന്തുപറ്റി?""

ശ്യാമള അപേക്ഷിച്ചു.

'' എനിക്ക് മാജിക്കുകാരിയാവണ്ട""

''നിന്നെ ഞാനയയ്‌ക്കില്ല""

സുമി വാക്കുകൊടുത്തു. ഒപ്പം ആശ്വസിപ്പിക്കാനായി അവളെ തലോടുകയും ചെയ്‌തു.

''ആ ചേച്ചി...""

ശ്യാമളയുടെ മിഴികളിൽ ഭീതി.

''ആ ചേച്ചിയല്ല നിശ്ചയിക്കുന്നത്...ഞാനാണ്. നിനക്കിഷ്‌ടമില്ലാത്തതൊന്നും സംഭവിക്കില്ല. അനുവദിക്കില്ല.""

ശ്യാമളയ്‌ക്ക് ആശ്വാസമായി. സുരക്ഷിതമായ കൈകളിലാണ് താൻ എത്തപ്പെട്ടിരിക്കുന്നത്. അവൾക്ക് ആ തോന്നൽ ‌സൃ‌‌ഷ്‌ടിക്കുമ്പോൾ സുമിയുടെ ചുമലിൽ ഭാരമേറുകയായിരുന്നു. അവ്യക്തമായ ചിത്രം പോലെ കടന്നുവന്ന പറിച്ചെറിയാനാവാത്ത പറ്റിച്ചേർന്ന ഒരു വിരുന്ന്. ഇവളെ നോവിക്കാതെ, പോറലേല്‌പിക്കാതെ കാത്തുസൂക്ഷിക്കണം എന്നത് നിസാരകാര്യമല്ല. അനിയത്തിയുടെ വാടകക്കാരുമായി ഉരസലുണ്ടായിരിക്കുന്നു. വാടകക്കാർ മാത്രമല്ല തൊട്ടടുത്ത താമസക്കാർ. ഈ അപാർട്ട്മെന്റിലെ ഇത്രയും കാലത്തെ സമാധാന ജീവിതം താളം തെറ്റിയിരിക്കുന്നു. ഈ സങ്കീർണതകളിലേക്ക് വിശ്വനാഥന്റെ ശ്രദ്ധ പിടിച്ചുകൊണ്ടുവരാൻ കഴിയുകയില്ലെന്നറിയാം. അയാളുടെ ലോകം മറ്റൊന്നാണ്. മാജിക്കും വേലക്കാരിയും വിഴുങ്ങേണ്ട നിമിഷങ്ങളല്ല അയാളുടേത്. എല്ലാം താൻ തന്നെ കൈകാര്യം ചെയ്യണം. പരിഹരിക്കണം. വരുന്നിടത്ത് കാണാം എന്നതിനപ്പുറം ഒരു ഉപാധിയും തത്ക്കാലമില്ല. കവിത വീണ്ടും വരാൻ സാദ്ധ്യതകുറവാണ്. നാണം കെട്ട് ഇനിയും പടി കയറുമെന്ന് തോന്നുന്നില്ല. മാജിക്കിന് മറ്റൊരു പെൺകുട്ടിയെ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷേ, വാശിയുണ്ടാവും. പകയുണ്ടാവും വാശിയും പകയും ഏതു രൂപത്തിൽ പ്രകടിപ്പിക്കുമെന്നറിയില്ല. അവൾ ക്ഷമയില്ലാതെ സുപർണയെ ഫോണിൽ വിളിച്ചു.

'' നിന്റെ വാടകക്കാർ ശല്യക്കാരാണ് കേട്ടോ""

മുഖവുരയില്ലാതെ തന്നെ വിവരം ധരിപ്പിച്ചു.

'' എന്തുപറ്റി?""

അവൾക്ക് ആകാംക്ഷ

സുമിയുടെ വിശദീകരണം അവളെ ഭയപ്പെടുത്തി. മാജിക്കും അറിയാതെ കടന്നുവന്ന വേലക്കാരിയും കവിതയുടെ ഭാവവും എല്ലാം. അവരെക്കുറിച്ച് കൂടുതൽ അന്വേഷിച്ചശേഷം വീട് നൽകിയാൽ മതിയായിരുന്നു. ഇനി ഒഴിപ്പിക്കുക എളുപ്പമല്ല. ഒഴിപ്പിക്കാൻ ശ്രമിക്കുമ്പോൾ ജാലവിദ്യയുടെ ആവരണത്തിൽ അവർ തോല്‌പിച്ചാലോ? അതന്റെ അസ്വസ്ഥതയുടെ പാതി അനിയത്തിക്ക് പകർന്നുകഴിഞ്ഞപ്പോൾ സുമിക്ക് തെല്ലാശ്വാസമായി. എന്നിട്ടും അല്‌പം കൂടി അയയാൻ വേണ്ടി അവൾ ഡെയ്സിയുടെ ഫ്ലാറ്റിലേക്ക് പോവാൻ തീരുമാനിച്ചു. ആ കൂട്ടുകാരിക്ക് ഉപദേശം നൽകാനറിയാം. ആശ്വാസത്തിന്റെ വഴി ചൂണ്ടിക്കാണിക്കാനും. പുറത്തിറങ്ങുമ്പോൾ അവൾ ശ്യാമളയോട് പറഞ്ഞു.

''വാതിലടച്ചേക്ക് ഞാൻ വരുമ്പോൾ ബെല്ലടിക്കാം.""

ഒറ്റയ്‌ക്കാവുന്നതിന്റെ ഭീതി ശ്യാമളയിൽ കണ്ടു. കവിത ഇനിയുമെത്തുമോ എന്ന വേവലാതിയായിരുന്നു അത്. വാതിലടച്ച് അവൾ അകത്തെ കൊളുത്തിടുന്നതിന്റെ ശബ്‌ദം കേൾക്കുന്നതുവരെ സുമി ഇടനാഴിയിൽ കാത്തുനിന്നു. അതിനുശേഷമാണ് ഡെയ്സിയുടെ അടുത്തേക്ക് നടന്നത്. ഡെയ്സി സോഫയിലെ പൊടി ബ്രഷ് ഉപയോഗിച്ച് തുടയ്‌ക്കുകയായിരുന്നു. സുമിയെ ആഹ്ലാദത്തോടെ സ്വീകരച്ചു.

'' വാ...വാ...""

കുശലം നീട്ടാതെ സുമി കാര്യങ്ങൾ വിശദീകരിച്ചു. ശബരിയുടെയും കവിതയുടെയും സ്വഭാവത്തിലെ വൈചിത്ര്യം...മാജിക്കുമായുള്ള ബന്ധം... ശ്യാമള എന്ന വേലക്കാരിയുടെ കടന്നുവരവ്.

‌ഡെയ്സി അത്ഭുതപ്പെട്ടു. യാഥാർത്ഥ്യമാണെന്ന് ബോദ്ധ്യപ്പെടാൻ വിഷമം. എവിടെനിന്നോ ഒരു പെൺകുട്ടി കടന്നുവരികയെന്ന് കേട്ടാൽ

''വല്ല പൊല്ലാപ്പും, ആ പെണ്ണ്....?""

ഡെയ്സിയുടെ സംശയത്തിന്റെ മുന സുമിയെ മുറിവേല്‌പിച്ചില്ല. ശ്യാമളയിൽ നിന്ന് ഒരു പ്രശ്‌നമുണ്ടാവില്ലെന്ന് അവൾ തീർച്ചയാക്കി കഴിഞ്ഞിരുന്നു.

'' ഇല്ല. അവളൊരു സാധു""

പക്ഷേ, അങ്ങനങ്ങ് ഉറപ്പിക്കാൻ ഡെയ്സിക്കാവുമായിരുന്നില്ല. ഒരുപെണ്ണ്, എവിടെനിന്നാണ് വന്നതെന്നറിയില്ല. യഥാർത്ഥത്തിൽ അവളെവിടെയാണ് എത്തേണ്ടിയിരുന്നതെന്നറിയില്ല. സ്വാഭാവികമായും അന്വേഷണമുണ്ടാവും. അവളുടെ വീട്ടിൽ നിന്നും മാത്രമല്ല, അവളെത്തേണ്ടിയിരുന്ന ലക്ഷ്യത്തിൽ നിന്നും. ചെറിയ കളിയല്ല. തമാശയുമല്ല. പരീക്ഷണ വസ്തുവായി, ജാലക്കാരന്റെ കളിക്കോപ്പായി അവലെ അയച്ചതാണെന്ന് സംശയിക്കാനും വയ്യ, കാരണം ശ്യാമള അവരിൽ നിന്നും അകലാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കളിയിൽപ്പെടാൻ ഒട്ടും താത്പര്യമില്ല. പേടിച്ചരണ്ട് അകന്നുമാറി.

''അവളെ ആരെങ്കിലും അന്വേഷിച്ചുവന്നാൽ എന്ത് സമാധാനം പറയും? ""

ഡെയ്സി ചോദിച്ചു.

'' നമുക്കരികിൽ അവളുണ്ടല്ലോ. മടക്കി അയയ്ക്കേണ്ടതാണെന്ന് ബോദ്ധ്യപ്പെട്ടാൽ അങ്ങനെ ചെയ്യാമല്ലോ""

സുമി പറഞ്ഞു.

'' വിശ്വനെന്തു പറഞ്ഞു?""

''ആദ്യം പറഞ്ഞത് തിരിച്ചയക്കാമെന്നാണ്. പിന്നെ എന്റെ തീരുമാനം അംഗീകരിച്ചു. ""

'' രണ്ട് ദിവസം നോക്കാം.""

ഡെയ്സിക്ക് ആലോചിക്കാൻ സമയം വേണമായിരുന്നു.സുമി സ്വന്തം ഫ്ലാറ്റിലേക്ക് മടങ്ങുമ്പോൾ എതിർഭാഗത്തുനിന്നുവരുന്ന ശബരിയെകണ്ടു. പതിവുപോലെ സൗഹൃദത്തിന്റെ ആഴം പ്രദർശിപ്പിക്കുന്ന മന്ദഹാസമാണ് അയാളിൽ നിന്നുണ്ടായത്. ഒട്ടു പകയില്ലാതെ...നീരസമില്ലാതെ, കഴിഞ്ഞതൊന്നും കറുപ്പായി സൂക്ഷിക്കാതെ...അരികത്തെത്തിയപ്പോൾ അയാൾ അപേക്ഷിച്ചു.

'' കവിത ഒരു കാര്യം പറഞ്ഞില്ലേ, സമ്മതിക്കണം.""

'' ആ കുട്ടിക്ക് താത്പര്യമില്ല""

ഒട്ടും മയമില്ലാത്ത മറുപടിയാണ് സുമിയിൽ നിന്നുണ്ടായത്.

''കുട്ടിയുടെ താത്പര്യം നോക്കുന്നതെന്തിനാണ്? സുമി ഇപ്പോൾ അവളുടെ യജമാനത്തിയാണ്. സുമി പറഞ്ഞാൽ അവളനുസരിക്കണം.""

'' നിങ്ങൾക്ക് വേറൊരു പെൺകുട്ടിയെ കിട്ടില്ലേ?""

അയാൾ പൊട്ടിച്ചിരിച്ചു.

'' തീർച്ച, ഒന്നല്ല...കൂടുതൽ...""

''പിന്നെന്തിനാ അവൾ തന്നെ വേണമെന്ന്...""

''ഒരാളെ കണ്ടാൽ ഇതാണ് വേണ്ടതെന്ന് തോന്നിയാൽ മാറ്റുന്നത് നന്നല്ല, നമ്മൾ ഉദ്ദേശിക്കുന്നതുപോലെ ഒന്നും നടക്കില്ല. ""

പെട്ടെന്നയാൾ വിഷയം മാറ്റി. ശ്യാമളയുടെ കാര്യത്തിൽ ഇനി തർക്കം വേണ്ടെന്നും അയാൾ നിശ്ചയിച്ചു കഴിഞ്ഞുവെന്നുള്ള ഭാവം.

''ഫ്ലാറ്റിലെ ജീവിതം നല്ല സുഖം ""

അവൾ മൂളി

'' അനിയത്തിയോട് പറയൂ, ഞങ്ങൾ സന്തുഷ്ടരാണെന്ന്...""

'' നേരിട്ട് പറ‌ഞ്ഞോളൂ...""

അവൾ, അയാളെ ഒഴിവാക്കി നടക്കാൻ തുനിഞ്ഞു.അപ്പോൾ അവളോടടുത്ത അയാൾ കാതിൽ മന്ത്രിച്ചു. '' ഇത് ഏത് പൂവിന്റെ മണമാണെന്നറിയില്ല""

അവൾ ഞെട്ടലോടെ അയാളെ നോക്കി.

''സുമിയുടെ മണം...""

അയാൾ പിറുപിറുത്തു,

അയാൾ സ്‌പർശിക്കുമോ എന്ന ഭയത്താൽ അവൾ തെന്നിമാറി. മുന്നോട്ട് പോവുമ്പോൾ നെഞ്ചിടിപ്പിന് വേഗതയേറി. വലിയൊരപകടത്തിൽ പെട്ടതുപോലെ. വായ് പിളർന്നു നിൽക്കുന് വന്യമൃഗത്തെപ്പോലെ...വിറയലോടെ ഫ്ലാറ്റിലെത്തിയ അവൾ ബെല്ലടിച്ചു. തിടുക്കത്തിൽ ശ്യാമള വന്നു തുറന്നു. സുമിയുടെ മുഖത്തെ പരിഭ്രമം അവൾ തിരിച്ചറിഞ്ഞു. നെറ്റിയിൽ പടർന്ന വിയർപ്പ് നാരുകൾ കണ്ടു. പക്ഷേ ഒന്നും ചോദിച്ചില്ല, ചേച്ചിയുടെ സ്വകാര്യതയിൽ കയറാൻ തനിക്കവകാശമില്ലെന്ന ബോധത്തോടെ. തനിക്ക് വേണ്ടിയായിരിക്കുമോ ഈ പിടച്ചിൽ? താൻ സൃഷ്‌ടിച്ച പ്രശ്‌നത്തിന്റെ ബാക്കിപത്രം. അവൾ സോഫയിൽ ചാരിയിരിക്കുന്ന സുമിയെ നോക്കി.

'' ചേച്ചീ...""അവൾ മൃദുവായി വിളിച്ചു.

സുമി അവളെ നോക്കി. പക്ഷേ ഇരുവരും ഒന്നും മിണ്ടിയില്ല. പറയാനാവാത്ത എന്തോ ഒരു വീർപ്പുമുട്ടൽ. തെല്ലുനേരം കഴിഞ്ഞ് കിതപ്പടങ്ങിയപ്പോൾ അവൾ ഡെയ്സിയെ ഫോമിൽ വിളിച്ചു. ശബരിയിൽ നിന്നുണ്ടായ അപ്രതീക്ഷിത വാക്കുകൾ അറിയിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

''ആളു കൊള്ളാമല്ലോ""

ഡെയ്സി അമ്പരന്നു.

'' എത്രയും വേഗം അയാളെ പറഞ്ഞുവിടാൻ സുപർണയെ അറിയിക്കണം.""

'' അതെങ്ങനെ? ഒരുവർഷത്തേക്കാണ് എഗ്രിമെന്റ്.""

''എഗ്രിമെന്റ് അവിടിരിക്കട്ടെ. സ്വഭാവദൂഷ്യമുള്ളയാളെ എങ്ങനെ പാർപ്പിക്കും.""

'' ഞാനാരോട് പറയാനാ?"" സുമി നിസഹായയായിരുന്നു. വ്യക്തമായ കാരണമില്ലാതെ കാലാവധിക്കുമുൻപ് വാടകക്കാരനെ മാറ്റാനൊന്നും കഴിയുകയില്ല. സജീവ് തയ്യാറാവുകയില്ല. കൃത്യമായി വാടകലഭിക്കുകയാണെങ്കിൽ ശബരിയോട് ഇറങ്ങിപ്പോവാൻ പറയുകയുമില്ല.

''നീ വിഷമിക്കാതെ ""ഡെയ്സി ആശ്വസിപ്പിച്ചു. പക്ഷേ ആ സാന്ത്വനം തെല്ലുപോലും ഫലം ചെയ്‌തില്ല. വിശ്വനോട് പറയണമെന്ന് നിശ്ചയിച്ചതാണ്. തുടക്കത്തിൽതന്നെ സൂചനകൾ നൽകുന്നതാണ് ബുദ്ധി. പക്ഷേ കിടപ്പറയിൽ ഒരുമിച്ചായപ്പോൾ അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ലെന്നുള്ളതാണ് സത്യം. അയാൾ ഏതോ ചിന്തകളിൽ മുഴുകി കിടക്കുകയായിരുന്നു. കണക്കുകളുടെ മഹാ സമുദ്രം. അവിടെ നിന്ന് മോചിതനായാൽ മാത്രമേ തന്റെ വാക്കുകൾ ശ്രദ്ധിക്കുകയുള്ളൂവെന്നറിയാം. നിരാശയോടെ അവൾ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങുമ്പോഴാണ് അയാൾ അടുത്തേക്ക് നീങ്ങുന്നതും ചുറ്റിപ്പിടിക്കുന്നതും ഒരു സ്വപ്‌നത്തിലെന്നോണം അറിഞ്ഞത്. കണക്കുകൾ ഉപേക്ഷിച്ച് ദാമ്പത്യത്തിന്റെ നനവിലേക്ക്.

''ഉറങ്ങിയില്ലേ? ""

അയാൾ ചോദിച്ചു.

ഇല്ലെന്നവൾ മൂളലിൽ അറിയിച്ചു. അയാളവളുടെ മുടിയിഴകൾ തഴുകി. മുതുകിൽ ചുംബിച്ചു.

'' ഇത് ഏത് പൂവിന്റെ മണമാണെന്നറിയില്ല...""

അയാളുടെ അടക്കിപ്പിടിച്ച സ്വരം മിന്നൽപ്പിണർപോലെ അവളുടെയുള്ളിൽ അതേ വാക്കുകൾ...അതേ ആഴത്തിൽ.

അവളൊന്ന് പിടഞ്ഞു. മേലാസകലം പൊള്ളലേറ്റതായി തോന്നി. അയാളിൽ നിന്നും അകന്ന് മാറിക്കൊണ്ട് അവൾ വിറച്ചു.

(തുടരും)