കൊച്ചി: വൈറ്റില പാലം തുറന്നുകൊടുക്കാൻ കാലതാമസമൊന്നും ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. 2017 ഡിസംബറിൽ തറക്കല്ലിട്ട് ആരംഭിച്ച പാലം പണി പ്രളയവും കൊവിഡും കാരണം വൈകി. എങ്കിലും അനുവദിച്ച സമയത്തെക്കാൾ വേഗം തന്നെ പണികഴിഞ്ഞിട്ടുണ്ട്. വൈറ്റില പാലത്തിന് മാത്രം 15 കോടി ലാഭം ഉണ്ടായി. രണ്ട് പാലത്തിനും കൂടി പണി കഴിഞ്ഞപ്പോൾ കരുതിയതിലും 44 കോടി ലാഭമുണ്ടായി. എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തിൽ ഇ.ശ്രീധരൻ പോലും അഭിനന്ദിച്ചതിനെ സ്വാഗതം ചെയ്യുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം പാലം ഉദ്ഘാടനത്തിന് മുൻപ് തുറന്നുകൊടുത്ത വി ഫോർ കൊച്ചിയെ പാലം ഉദ്‌ഘാടന ചടങ്ങിൽ വീണ്ടും മന്ത്രി രൂക്ഷമായി വിമർശിച്ചു. വല്ലവരുടെയും ചെലവിൽ പ്രശസ്‌തി പിടിച്ചുപറ്റാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കുന്നതെന്ന് ജി.സുധാകരൻ അഭിപ്രായപ്പെട്ടു. പാലം തുറക്കാൻ താമസമുണ്ടായില്ലെന്നും എന്നാൽ തുടക്കം മുതലേ ചിലർ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. പാലത്തിന് ഉയരമില്ല മെട്രോ വരുമ്പോൾ തട്ടുമെന്ന് വരെ ഇവർ പ്രചരിപ്പിച്ചു.'ഇവർക്ക് ധൈര്യമല്ല, നാണമില്ല, പ്രഫഷണൽ ക്രിമിനൽ സംഘമാണ് ആരോപണം ഉന്നയിക്കുന്നവർ. കൊച്ചിയിലുളളത് പ്രൊഫഷണൽ ക്രമിനൽ മാഫിയയാണ്.' മന്ത്രി ആഞ്ഞടിച്ചു.
ഗുണപരിശോധന നടത്തിയാണ് പാലം നിർമ്മാണം പൂർത്തിയാക്കിയത്. പ്രശ്‌നം ഉണ്ടാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥയെ സസ്‌പെൻഡ് ചെയ്യേണ്ടി വന്നു. നാല് പേർ അർദ്ധരാത്രി കാണിക്കുന്ന കോമാളികളിയല്ലിത്. ഏത് സർക്കാരിന്റെ കാലത്തായാലും വി ഫോർ കൊച്ചി ചെയ്‌തത് പോലെ ചെയ്യരുതെന്നും മന്ത്രി പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ആലപ്പുഴയിലെ പാലം ഉദ്‌ഘാടനത്തിന് പ്രധാനമന്ത്രിയ്‌ക്ക് താൽപര്യമുണ്ടെന്ന് അറിയിച്ചു. അതിനാൽ അദ്ദേഹത്തെ കാത്തിരിക്കുകയാണെന്നും ജി.സുധാകരൻ പറഞ്ഞു.