jack-ma-

ഇരുമ്പുമറ എന്ന പ്രയോഗത്തെ പ്രശസ്തമാക്കിയത് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ ആണ്. രണ്ടാം ലോകമഹായുദ്ധാനന്തരം ലോകരാഷ്ട്രീയ ഭൂപടത്തിലേക്ക് ഉയർന്നുവന്ന കമ്മ്യൂണിസ്‌റ്റ് രാഷ്ട്രങ്ങളെ വിശേഷിപ്പിക്കാനാണ് ചർച്ചിൽ ആ പദപ്രയോഗം നടത്തിയത്. പിന്നീടിങ്ങോട്ട് ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും സ്വാതന്ത്ര്യവാദികളുമെല്ലാം അടിച്ചമർത്തൽ ഭരണകൂടങ്ങളെ വിശേഷിപ്പിക്കാൻ ഈ പദം ഉപയോഗിച്ചു. ചൈനയിലെ ഗവണ്മെന്റിനെ രൂക്ഷമായി വിമർശിച്ചതിന് ശേഷം ജാക്ക് മാ എന്ന,​ ലോകത്തിലെ ശതകോടീശ്വരന്മാരിലൊരാൾ പൊതുഇടത്തിൽ നിന്ന് അപ്രത്യക്ഷനാവുമ്പോൾ 'ഇരുമ്പുമറ' പ്രയോഗം വീണ്ടും പ്രസക്തമാവുന്നു.

ആലിബാബ കമ്പനിയുടെ സ്ഥാപക പങ്കാളികളിൽ ഒരാളാണ് ജാക്ക് മാ. 2020 ഒക്ടോബറിൽ ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് അടക്കമുള്ള നേതാക്കളുടെ സാമ്പത്തിക നിയന്ത്രണ നയത്തെ വിമർശിച്ചതോടെയാണ് ചൈനയിലെ കമ്മ്യൂണിസ്‌റ്റ് ഭരണകൂടം ജാക്ക് മായ്‌ക്കെതിരെ തിരിയുന്നത്. ജാക്ക് മായ്‌ക്ക് ഭൂരിപക്ഷ ഓഹരികളുള്ള ആന്റ് ഗ്രൂപ്പിന്റെ വമ്പൻ ഓഹരിവില്പന പദ്ധതി മരവിപ്പിച്ചു കൊണ്ടായിരുന്നു ആദ്യത്തെ ഇടപെടലുണ്ടായത്.
തുടർന്ന് കുത്തകവിരുദ്ധ നിയമത്തിന്റെ വകുപ്പുകൾ പ്രയോഗിച്ച് ആലിബാബയുടെ പ്രവർത്തനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. വൈകാതെ ആലി ബാബ എന്ന ബഹുരാഷ്ട്ര കുത്തകയ്‌ക്ക് മൂക്കുകയറിട്ടു ഭരണകൂടം. ജാക് മായുടെ ട്വിറ്ററിലെ അവസാനത്തെ പോസ്റ്റ് ഒക്ടോബർ 10ന് ആയിരുന്നു. പിന്നീട് എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അദ്ദേഹം അപ്രത്യക്ഷനായി.
ആലിബാബയെ മാത്രമല്ല ചൈനയിലെ ടെൻസെന്റ്, ജെഡി.കോം പോലെയുള്ള എല്ലാ ഇന്റർനെറ്റ് കമ്പനികളെയും ലക്ഷ്യം വച്ചാണ് കുത്തകവിരുദ്ധ നിയമത്തിന് ഗവണ്മെന്റ് രൂപം കൊടുത്തത്. മായ്‌ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികൾ ചൈനയിലെ മുഴുവൻ ടെക്‌നോളജി കമ്പനികൾക്കുമുള്ള മുന്നറിയിപ്പാണ്. ഈ ടെക്‌നോളജി ഭീമന്മാർ രാജ്യത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സ്ഥിരതയെ ദുർബലപ്പെടുത്തുന്ന ശക്തമായ ഭീഷണിയാണെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്.

ഭരണകൂടത്തിന്റെ ഇരുമ്പുമറയ്ക്കു മുകളിൽ ബഹുരാഷ്ട്ര ഭീമന്മാർക്ക് നിലനിൽപ്പുണ്ടാവില്ലെന്നുള്ള ശക്തമായ സന്ദേശമാണ് ചൈനയുടേത്. ആഗോളവത്ക്കരണമെന്ന സ്വതന്ത്ര വ്യാപാരനയത്തിന്റെ കാലത്താണ് ഇതു സാദ്ധ്യമാകുന്നത് എന്നത് അമ്പരപ്പിക്കുന്നു. പ്രത്യേകിച്ചും വലതുപക്ഷസ്വതന്ത്ര വ്യാപാര സാമ്പത്തിക നയങ്ങൾക്ക് ചൈന തന്നെ കുടപിടിക്കുകയും മുമ്പിൽ നിന്ന് നയിക്കുകയും ചെയ്യുമ്പോൾ. ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനത്തിന് ഏകാധിപത്യ രാഷ്ട്രീയക്രമമാണ് ഏറ്റവും അനുയോജ്യമെന്നുള്ള ചൈനീസ് നയത്തിന്റെ പൊള്ളത്തരമാണ് ജാക് മായ്‌ക്കെതിരെയുള്ള നടപടികളിൽപ്രതിഫലിപ്പിക്കുന്നത്.
ഒറ്റയാൾ ഭരണവ്യവസ്ഥകളുടെ ഉരുക്കു ചട്ടക്കൂടുകൾ ആത്യന്തികമായി ഇത്തരം ഏറ്റുമുട്ടലുകൾ സൃഷ്ടിക്കും. കാരണം ഇരുമ്പുമറകൾ സ്വതന്ത്രവ്യാപാര സിദ്ധാന്തങ്ങൾക്ക് കീഴടങ്ങില്ല. ചൈനയുടെ രാഷ്ട്രീയവ്യവസ്ഥ കമ്മ്യൂണിസ്‌റ്റ് ഏകാധിപത്യത്തിൽ അടിയുറച്ചതാണ്. എന്നാൽ സാമ്പത്തിക മേഖലയാവട്ടെ സ്വതന്ത്ര കമ്പോള സിദ്ധാന്തത്തിൽ അധിഷ്ഠിതവുമാണ്. രാഷ്ട്രീയ വ്യവസ്ഥിതിയും സാമ്പത്തിക വ്യവസ്ഥിതിയും തമ്മിലുള്ള ഈ വൈരുദ്ധ്യത്തിൽ നിന്നാണ് ചൈനയുടെ രാഷ്ട്രീയ പ്രശ്നങ്ങളും ആഭ്യന്തര അസ്വസ്ഥതകളും പിറവിയെടുക്കുന്നത്. ചൈനയിലെ കേന്ദ്രീകൃത ജനാധിപത്യമെന്ന സങ്കല്പം എപ്പോഴും ജനാധിപത്യ വിരുദ്ധമായിരുന്നു.
1989 ലെ ടിയാങ്‌മെൻ സംഭവം ചൈനയുടെ ജനാധിപത്യ ചരിത്രത്തിന്റെ ചോരപുരണ്ട അദ്ധ്യായമാണ്. 2011ൽ അടിച്ചമർത്തപ്പെട്ട 'മുല്ലപ്പൂ വിപ്ലവവും ജനാധിപത്യരാഹിത്യത്തിന്റെ പരുക്കൻ യാഥാർത്ഥ്യമാണ് വെളിപ്പെടുത്തുന്നത്.

2010ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുമ്പോൾ മനുഷ്യാവകാശ പ്രവർത്തകനായ ലിയു സിയാബോ ചൈനയിൽ തടങ്കൽ ശിക്ഷ അനുഭവിക്കുകയായിരുന്നു! ചൈനയിലെ മതന്യൂനപക്ഷ വിഭാഗമായ ഉയിഗുറുകൾ നേരിടുന്ന മനുഷ്യത്വരഹിതമായ അടിച്ചമർത്തലുകൾ സമകാലിക ചൈനയുടെ വികൃതമുഖം അനാവരണം ചെയ്യുന്നു!
ചൈനയുടെ അനിഷേധ്യ നേതാവെന്ന നിലയിലേക്കുള്ള ഷി ജിൻപിങ്ങിന്റെ വളർച്ചയുടെ അനുരണനം കൂടി ഇവിടെ കാണേണ്ടതുണ്ട്. 2013 ൽ ചൈനയുടെ പ്രസിഡന്റ് പദത്തിലെത്തിയ ഷി, കൂടുതൽ അധികാരങ്ങൾ സ്വായത്തമാക്കുന്നതിൽ പ്രത്യേകശ്രദ്ധ ചെലുത്തി. മാവോ സേ തുങ്ങിനു ശേഷം ഇത്രയധികം അധികാര കേന്ദ്രീകരണം നടത്തിയ മറ്റൊരു നേതാവുണ്ടായിട്ടില്ല. 2018 ൽ ചൈനയുടെ ഭരണഘടനയിൽ ഷിയുടെ രാഷ്ട്രീയ ആശയം എഴുതിച്ചേർത്തു. അതോടെ പാർട്ടി സ്ഥാപകൻ മാവോയുടെ സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു. അതേവർഷം തന്നെ ഒരു വ്യക്തിക്ക് ചൈനയുടെ പ്രസിഡന്റാവാൻ രണ്ടുപ്രാവശ്യമേ സാധിക്കൂയെന്ന ഭരണഘടനാ നിയന്ത്രണം എടുത്തു കളഞ്ഞു. ഫലത്തിൽ ഇത്
ഷിയ്ക്ക് ആജീവനാന്തം പ്രസിഡന്റ് പദവിയിൽ തുടരാനുള്ള അനുമതിയാണ്. 'ഒരു ബെൽറ്റ് ഒരു റോഡ് ' പോലെയുള്ള ബഹുരാഷ്ട്ര പദ്ധതികൾ

ആവിഷ്‌കരിച്ചുകൊണ്ട് ചൈനയെ ലോകനേതൃത്വത്തിലേക്ക് ഷി നയിച്ചു. ഭരണപരാജയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, പ്രത്യേകിച്ചും കൊവിഡ്19
പോലെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ, ഗവണ്മെന്റിനെതിരെ വലിയ ജനവികാരങ്ങൾ സൃഷ്ടിക്കും. ചൈനയ്‌ക്ക് അതിനെ മറികടക്കാനുള്ള ഒരേയൊരു മാർഗം നിശിതമായ അടിച്ചമർത്തൽ മാത്രമാണ്.
ജാക്ക് മായുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഷി ജിൻപിങിനെ വിമർശിച്ച വിവിധ മേഖലകളിലുള്ളവർ വേട്ടയാടപ്പെട്ടിട്ടുണ്ട്. ആജീവനാന്ത തടങ്കൽ മുതൽ വധശിക്ഷ വരെ ഏറ്റുവാങ്ങിയ നിരവധിപ്പേർ ചൈനയുടെ സമീപകാല ചരിത്രത്തിലുണ്ട് ! അംബാങ് ഇൻഷുറൻസ് കമ്പനിയുടെ മേധാവിയായ വൂ ഷിയാഹോയ് പതിനെട്ട് വർഷത്തെ തടങ്കൽ വാസത്തിന് വിധിക്കപ്പെടുന്നത് 2018 ലാണ് ഹുവാറോങ് അസറ്റ് മാനേജ്മന്റ് കമ്പനിയുടെ തലവൻ ലായ് സിയയോമിൻ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടത് ഈ പുതുവർഷത്തിന്റെ ആദ്യ ദിനങ്ങളിലാണ്. ചൈനീസ് സർക്കാരിന്റെ കൊവിഡ് കാലപ്രവർത്തനങ്ങളെ വിമർശിച്ചു ലേഖനമെഴുതിയ, റിയൽ എസ്റ്റേറ്റ് വ്യവസായി റെൻ ഷിക്കിയങ് 2020 മാർച്ചിൽ അപ്രക്ത്യക്ഷനായി. തുടർന്ന് വർഷാവസാനം അദ്ദേഹം പതിനെട്ടുവർഷത്തെ തടങ്കൽ ശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടു. ഇവരെല്ലാവരും ഷിയുടെ പ്രവർത്തനരീതികളെ വിമർശിച്ചവരാണ്.
അയൽരാജ്യങ്ങളുടെ ഭൂപ്രദേശങ്ങളിൽ അവകാശമുന്നയിച്ച് അപ്രതീക്ഷിത നയതന്ത്ര സാഹസങ്ങളിൽ ഇടപെടാറുള്ള രാജ്യമാണ് ചൈന. ഇന്ത്യയുടെ ഡോക‌്ലാം, ഗൾവാൻ മേഖലകളിൽ അടുത്തകാലത്ത് ചൈന നടത്തിയ സൈനിക സാഹസങ്ങൾ ഇതിനുദാഹരണമാണ്. ദക്ഷിണചൈനാ കടലിലും കിഴക്കൻ ചൈനാക്കടലിലുമെല്ലാം ചൈനയുടെ നയം ഇതുതന്നെയാണ്. ചൈനയുടെ രാഷ്ട്രീയഭാവിയ്‌ക്ക് മുകളിൽ അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളുണ്ട്. അടിച്ചമർത്തലിന്റെ ഇരുമ്പുമറകൾ സൃഷ്ടിച്ചു കൊണ്ടുള്ള ഭരണമായിരുന്നു 1990കൾക്ക് മുൻപ് സോവിയറ്റ് യൂണിയനിലും ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിയൻ നൽകുന്ന പാഠം ചൈന ഉൾക്കൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

(ഡോ. സുരേഷ് രംഗരാജൻ ,​ കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം വകുപ്പ് മേധാവിയും എസ്. ഷിനോജ്,​ ഗവേഷക വിദ്യാർത്ഥിയുമാണ്)