pm-modi

ന്യൂഡൽഹി: മനുഷ്യകുലത്തെ കൊവിഡിൽ നിന്ന് രക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ പൊതുജന ആരോഗ്യ സമ്പ്രദായത്തെയും സമ്പദ്‌ഘടനയെയും കൊവിഡ് ആക്രമിച്ചപ്പോൾ ഇന്ത്യ ഒന്നല്ല രണ്ട് 'മെയ്‌ഡ് ഇൻ ഇന്ത്യ' വാക്‌സിനുകൾ സംഭാവന ചെയ്‌തെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഈ കൊവിഡ് കാലത്ത് ലോകത്ത് ഏ‌റ്റവും കുറവ് മരണനിരക്കുള‌ളതും ഏ‌റ്റവും കൂടുതൽ രോഗമുക്തി നിരക്കുള‌ളതുമായ രാജ്യമായിരിക്കുകയാണ് ഇന്ത്യ. ഒന്നല്ല രണ്ട് 'മെയ്‌ഡ് ഇൻ ഇന്ത്യ' കൊവിഡ് വാക്‌സിൻ നൽകി മനുഷ്യകുലത്തെ രക്ഷിക്കാൻ നാം തയ്യാറാണ്' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പതിനാറാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി. ഇന്ത്യൻ വംശജരുടെ ലോകമാകെയുള‌ള പ്രവർത്തനങ്ങളെ മോദി പ്രസംഗത്തിൽ അഭിനന്ദിച്ചു.

കഴിഞ്ഞ വർഷം ഏവർക്കും വലിയ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഇത്തവണ പ്രവാസി ഭാരതീയ ദിവസിന്റെ പ്രമേയം 'ആത്മനിർഭർ ഭാരതിനെ പ്രോത്‌സാഹിപ്പിക്കുക' എന്നതാണ്. കിഴക്കൻ അമേരിക്കൻ രാജ്യമായ സുറിനാമിലെ പ്രസിഡന്റ് ചന്ദ്രികപെർസാദ് സന്തോഖിയായിരുന്നു ഈ വർഷത്തെ മുഖ്യാതിഥി.