ആരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമൊക്കെ പ്രധാന പങ്കുവഹിക്കുന്ന ഒരു കാര്യമാണ് ഡയറ്റ്. എന്നാൽ ഏത് ഡയറ്റാണ് നിങ്ങൾ പിന്തുടരുന്നത് എന്നതും പ്രധാനമാണ്. എതൊരാൾക്കും പിന്തുടരാൻ പറ്റുന്ന, പഴങ്ങളുടെയും പച്ചക്കറികളുടെയുമൊക്കെ പോഷകങ്ങളടങ്ങിയ ഒരു ഡയറ്റ് പ്ലാനാണ് മെഡിറ്ററേനിയൻ ഡയറ്റ്.
ഇത്തവണയും ഭക്ഷണ ക്രമങ്ങളുടെ പട്ടികയിൽ (മൊത്തത്തിലുള്ള ഡയറ്റ് പ്ലാൻ) ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ് മെഡിറ്ററേനിയൻ ഡയറ്റ്. തുടർച്ചയായ നാലാം വർഷമാണ് അമേരിക്കയുടെ ന്യൂസ് & വേൾഡ് റിപ്പോർട്ടിന്റെ വാർഷിക പട്ടികയിൽ ഇടം നേടുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഡാഷ് ഡയറ്റാണ്. ഫ്ലക്സിറ്റേറിയൻ ഡയറ്റാണ് മൂന്നാം സ്ഥാനത്ത്.
മെഡിറ്ററേനിയൻ ഭക്ഷണമെന്നാൽ മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിലെ പരമ്പരാഗത ഭക്ഷണരീതിയാണ്. മത്സ്യം, മുട്ട, ഒലിവ് എണ്ണ, നട്സ് എന്നിവയെല്ലാം അടങ്ങിയതാണ് മെഡിറ്ററേനിയൻ ഭക്ഷണം. പഴങ്ങൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ മുതലായവ അടങ്ങിയ ഈ ഭക്ഷണക്രമം ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്. ആഴ്ചയിൽ രണ്ടു തവണ മത്സ്യവും മാംസവും, പാലുത്പ്പന്നങ്ങളുടെ ഉപയോഗം, റെഡ്മീറ്റ് മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം.
മെഡിറ്ററേനിയൻ ഡയറ്റിന്റെ അഞ്ച് ഗുണങ്ങൾ ഇതാ:
ഹൃദയാരോഗ്യത്തിന് ഉത്തമം
മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയ രോഗങ്ങൾക്കെതിരെ പോരാടാനും, അപകടസാദ്ധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ(എഡിഎ) റിപ്പോർട്ടുകൾ പറയുന്നു.
പ്രമേഹം നിയന്ത്രിക്കുന്നു
മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണെന്ന് ഡയബറ്റിസ് കെയർ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ടിൽ പറയുന്നു.'മെഡിറ്ററേനിയൻ ഭക്ഷണത്തിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, അപൂരിത ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ന്യൂറോവാസ്‌കുലർ ആരോഗ്യം മെച്ചപ്പെടുത്തുകയും, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, മെറ്റബോളിറ്റുകൾ, വിട്ടുമാറാത്ത വീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കുടലിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണക്രമം ഗുണം ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യുഇജി വീക്ക് ബാഴ്‌സലോണ 2019 ൽ പഠനറിപ്പോർട്ടിൽ മെഡിറ്ററേനിയൻ ഭക്ഷണങ്ങൾ ആരോഗ്യകരമാണെന്ന് വ്യക്തമാക്കുന്നു.
ആരോഗ്യമുള്ള തലച്ചോറിന് ഗുണകരം
പഴങ്ങൾ, പച്ചക്കറികൾ, അണ്ടിപ്പരിപ്പ് എന്നിവ അടങ്ങിയ ഭക്ഷണക്രമം നിങ്ങളുടെ തലച്ചോറിനും ആരോഗ്യകരമാണെന്ന് നിങ്ങൾക്കറിയാമോ? ഈ ഡയറ്റ് തലച്ചോറിന് ഉത്തമമാണെന്ന് ന്യൂറോളജി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
സ്തനാർബുദം തടയുന്നു
ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിലെ പ്രധാന ആശങ്കകളിലൊന്നാണ് സ്തനാർബുദം. മെഡിറ്ററേനിയൻ ഭക്ഷണത്തിലൂടെ സ്തനാർബുദ സാദ്ധ്യത കുറയ്ക്കാൻ കഴിയുമെന്ന് ജമാ ഇന്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.