അമേരിക്കൻ പാർലമെന്റ് ചേരുന്ന കാപ്പിറ്റോൾ മന്ദിരം കൈയേറാൻ ട്രംപ് അനുകൂലികൾ നടത്തിയ ശ്രമം ലോകരാഷ്ട്രങ്ങളെയാകെ ഞെട്ടിച്ചിരിക്കയാണ്. ലോകപൊലീസ് എന്ന് അഹങ്കരിക്കുന്ന അമേരിക്കയുടെ തല ലോകത്തിന് മുന്നിൽ ലജ്ജയാൽ കുനിയുന്ന സംഭവങ്ങൾക്കാണ് കഴിഞ്ഞ ദിവസം നാം സാക്ഷ്യം വഹിച്ചത്.
സുരക്ഷാസേനയെ മറികടന്ന് ആയിരക്കണക്കിന് കലാപകാരികൾ കാപ്പിറ്റോൾ മന്ദിരത്തിൽ അതിക്രമിച്ച് കടന്ന് നായാട്ട് നടത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഭൂഗർഭ അറയിൽ ഒളിച്ചിരിക്കേണ്ടിവന്നു. അക്രമികൾ സഭയിലെങ്ങും അഴിഞ്ഞാടി. സ്പീക്കർ നാൻസി പെലോസിയുടെ ചേംബർ കൈയേറി മേശപ്പുറത്ത് കാലുകയറ്റിയിരുന്നു. കലാപത്തിൽ ഒരു പൊലീസുകാരനും രണ്ട് സ്ത്രീകളും ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. ലോകത്തിലേറ്റവും ശക്തമായ സുരക്ഷാ സേനയുണ്ടായിട്ടും സ്വന്തം രാജ്യത്തെ പാർലമെന്റ് മന്ദിരം പോലും സംരക്ഷിക്കാൻ കഴിയാത്തവരെന്ന ആരോപണത്തിന് മുന്നിൽ അമേരിക്ക നാണം കെട്ടു. കാപ്പിറ്റോൾ കലാപത്തിന്റെ കോലാഹലങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല.
പക്ഷേ, അതിശക്തമെന്ന് കരുതപ്പെടുന്ന അമേരിക്കൻ പാർലമെന്റ് വേദിയാകുന്ന ആദ്യ ആക്രമണമോ അനിഷ്ട സംഭവമോ അല്ല ഇതെന്നാണ് കാപ്പിറ്റോളിന്റെ ചരിത്രം പറയുന്നത്.
സമാനമല്ലെങ്കിലും വിദേശ ശക്തികളുടേത് ഉൾപ്പെടെ നിരവധി ആക്രമണങ്ങളുടെയും ആക്രമണ ശ്രമങ്ങളുടെയും കഥകൾ കാപ്പിറ്റോളിന് പറയാനുണ്ട്.
ബ്രിട്ടീഷുകാരുടെ അതിക്രമം
1814 ൽ ബ്രിട്ടീഷ് സൈന്യം നിർമ്മാണത്തിലിരുന്ന കാപ്പിറ്റോൾ മന്ദിരം പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിനിധിസഭാ ഹാളിൽ ഫർണിച്ചർ കൂട്ടിയിട്ട് കത്തിക്കുകയും അവിടെയുണ്ടായിരുന്ന പ്രശസ്തമായ മാർബിൾ സ്റ്റാച്യൂ ഓഫ് ലിബർട്ടി തകർക്കുകയും ചെയ്തു.
പ്രസിഡന്റിനെതിരായ വധശ്രമം
1835 ജനുവരി 30 ന് റിച്ചാർഡ് ലോറൻസ് എന്ന ബ്രിട്ടീഷ് കുടിയേറ്റക്കാരൻ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജാക്‌സണെ വധിക്കാൻ ശ്രമിച്ചത് കാപ്പിറ്റോൾ മന്ദിരത്തിൽ വച്ചാണ്. തോക്ക് പ്രവർത്തിക്കാത്തത് കൊണ്ടാണ് അന്ന് ജാക്‌സൺ രക്ഷപ്പെട്ടത്. പിന്നീട് അക്രമി മനോദൗർബല്യമുള്ള ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. താൻ റിച്ചാർഡ് മൂന്നാമൻ രാജാവ് ആണെന്നും അമേരിക്കൻ കോളനികൾ കപ്പം തരാത്തതാണ് ആക്രമിക്കാൻ കാരണമെന്നുമാണ് ഇയാൾ പറഞ്ഞത്.
സെനറ്റർമാരുടെ തമ്മിലടി
1856 ൽ കാപ്പിറ്റോളിന് നാണക്കേടുണ്ടാക്കിയ മറ്റൊരു സംഭവം അരങ്ങേറി. സൗത്ത് കരോളിനയിൽ നിന്നുള്ള പ്രതിനിധി പ്രസ്റ്റൺ ബ്രൂക്‌സ്, മസാച്ചുസെറ്റ്‌സ് സെനറ്റർ ചാൾസ് സംനറിനെ ഒരു ചൂരൽ വടിയുപയോഗിച്ച് പൊതിരെ തല്ലുകയായിരുന്നു. അടിമത്തത്തിനെതിരെ സംസാരിച്ചതിനാണ് സംനറിന് തല്ല് കിട്ടിയത്.
സെനറ്റിൽ സ്ഫോടനം
1915 ജൂലായ് നാലിന് എറിക് മ്യൂൻട്‌നർ എന്ന മുൻ ഹാർവാർഡ് പ്രൊഫസർ സെനറ്റിന്റെ റിസപ്ഷൻ മുറിയിൽ മൂന്ന് ഡൈനാമിറ്റുകൾ ഉപയോഗിച്ച് സ്‌ഫോടനം നടത്തി. ആളപായമുണ്ടായില്ല. ഒന്നാംലോക മഹായുദ്ധത്തിൽ ബ്രിട്ടന് സാമ്പത്തിക സഹായം നൽകിയതാണ് പ്രൊഫസറെ പ്രകോപിപ്പിച്ചത്.
വെടിവയ്പ്
1954ൽ നാല് പ്യൂർട്ടോറിക്കൻ പൗരൻമാർ കാപ്പിറ്റോളിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയും അഞ്ച് സഭാംഗങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്യൂർട്ടോറിക്കയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ബോംബ് സ്ഫോടനം
1971 മാർച്ച് ഒന്നിന് വെതർ അണ്ടർ ഗ്രൗണ്ട് എന്ന യുദ്ധവിരുദ്ധ സംഘടന സെനറ്റിലെ ബാത്റൂമിൽ ബോംബ് സ്‌ഫോടനം നടത്തി. ആളപായമുണ്ടായില്ലെങ്കിലും കോടികളുടെ നഷ്ടമുണ്ടായി.
1983 ൽ ആംഡ് റെസിസ്റ്റൻസ് യൂണിറ്റ് എന്ന ഭീകര സംഘടന സെനറ്റ് ചേംബറിന് പുറത്തെ ബെഞ്ചിനടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചു. ലെബനനിലെ പട്ടാള നടപടികളിൽ പ്രതിഷേധിച്ചായിരുന്നു സ്‌ഫോടനം.
പൊലീസുകാരെ വധിച്ചു
1998 ൽ യുജീൻ റസ്സൽ വെസ്റ്റൺ എന്ന അക്രമി കാപ്പിറ്റോളിലേക്ക് അതിക്രമിച്ച് കയറുകയും വെടിവെയ്പിൽ രണ്ട് പൊലീസ് ഓഫീസർമാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ഭീകരരുടെ ലക്ഷ്യം
ലോകത്തെ നടുക്കിയ 2001 സെപ്തംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലെ ലക്ഷ്യങ്ങളിലൊന്നായിരുന്നു കാപ്പിറ്റോളും. ഭീകരർ തട്ടിയെടുത്ത രണ്ടു വിമാനങ്ങൾ ലക്ഷ്യം കണ്ടപ്പോൾ കാപ്പിറ്റോളിനെ ലക്ഷ്യമാക്കിയ മൂന്നാമത്തെ വിമാനം യാത്രക്കാരുടെ ഇടപെടൽ മൂലം പെൻസിൽവാനിയയിൽ ഇടിച്ചിറക്കുകയായിരുന്നു.
കാറോടിച്ചു കയറ്റിയ യുവതി
2013 ഒക്ടോബറിൽ മരിയം കാരി എന്ന 34കാരി സുരക്ഷാ പരിശോധന ലംഘിച്ച് കാപ്പിറ്റോൾ മന്ദിരത്തിനകത്തേക്ക് കാറോടിച്ചു കയറ്റി. സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിൻതുടർന്ന് വെടിവെച്ച് കൊന്നു. സംഭവം വൻ പ്രതിഷേധത്തിനിടയാക്കി.
2016 ൽ ദൈവത്തിന്റെ പ്രവാചകൻ എന്നവകാശപ്പെട്ട ലാറി റസ്സൽ ഡാവ്‌സൺ എന്ന ടെന്നസി സ്വദേശി തോക്ക് ചൂണ്ടി കാപ്പിറ്റോളിലേക്ക് കടക്കാൻ ശ്രമിക്കുകയും പൊലീസ് വെടിവെയ്പിൽ അയാൾക്ക് പരിക്കേൽക്കുകയും ചെയ്തു.