station

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലയിൽ എട്ട് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി തുടങ്ങാൻ കെ.എസ്.ഇ.ബി ഒരുങ്ങുന്നു. പട്ടം വൈദ്യുതി ഭവൻ, വിമാനത്താവളം, കോളേജ് ഒഫ് എൻജിനിയറിംഗ് കുളത്തൂർ, പവർഹൗസ്, വിഴിഞ്ഞം, നെയ്യാറ്റിൻകര,ആറ്റിങ്ങൽ നാളികേര വികസന കോർപ്പറേഷൻ, നെടുമങ്ങാട് എന്നിവിടങ്ങളിലാണ് പുതിയ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക.

സംസ്ഥാനത്താകെ 156 ചാർജ്ജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബിയുടേതായി സ്ഥാപിക്കുക. ഇവ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക പിന്തുണയും കെ.എസ്.ഇ.ബി തന്നെ നൽകും. ജില്ലയിലെ ആദ്യത്തെ ചാർജ്ജിംഗ് സ്റ്റേഷൻ നേമത്ത് നേരത്തെ പ്രവർത്തനം തുടങ്ങിയിരുന്നു. നേമത്തെ രണ്ട് ഫില്ലിംഗ് യൂണിറ്രുകളിലായി 20 മുതൽ 60 കിലോവാട്ട് വരെയാണ് ശേഷി. ഇവിടെ ഒരേസമയം മൂന്ന് കാറുകൾ ചാർജ് ചെയ്യാനാവും. 45 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെയാണ് ബാറ്ററി പൂർണമായും ചാർജാകാൻ വേണ്ട സമയം. ഭാഗികമായോ നിശ്ചിത തുകയ്‌ക്കോ ചാർജ് ചെയ്യാം. ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് പോയിന്റുകളും ഈ സ്റ്റേഷനുകളിൽ ലഭ്യമാണ്. ഇതോടൊപ്പം പി.എം.ജിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് എൻജിനിയറിംഗിന് സമീപത്തും ഒരു ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയിലാകെ ഇപ്പോൾ എട്ട് ചാർജ്ജിംഗ് സ്റ്റേഷനുകൾ നിർമ്മാണഘട്ടത്തിലാണ്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്വന്തം സ്ഥലത്ത് കെ.എസ്.ഇ.ബി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നുണ്ട്. 12 കോടിയാണ് ഇതിന് ചെലവിടുക.

കെ.എസ്.ഇ.ബിക്കൊപ്പം അനെർട്ടും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. പി.എം.ജിയിലെ അനെർട്ട് ആസ്ഥാനം, തൈക്കാട് ഗസ്റ്റ്ഹൗസ്, ശംഖുംമുഖം ബീച്ച് റോഡ് എന്നിവിടങ്ങളിലാണ് അനർട്ടിന്റെ ചാർജിംഗ് സ്റ്റേഷനുകൾ. അനെർട്ട് ആസ്ഥാനത്തെ ചാർജിംഗ് സ്റ്റേഷനുകളിൽ ഒരെണ്ണം സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്നതാണ്. ശംഖുംമുഖം, തൈക്കാട് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ചാർജിംഗ് സ്റ്രേഷൻ ഭാവിയിൽ സൗരജോർജ്ജത്തിലേക്ക് മാറ്റാനും അനെർട്ടിന് ആലോചനയുണ്ട്.

അനർട്ട് സ്ഥാപിക്കുന്നത് 15, 60, 22 കിലോവാട്ടിന്റെ ചാർജിംഗ് സ്റ്റേഷനുകളാണ്. ഇതിൽ 60 കിലോവാട്ടിന്റേത് രണ്ട് ചാർജിംഗ് പോയിന്റുകൾ (കോംബോ) ഉള്ളതാണ് . ടാറ്റ ടിഗോർ, മഹീന്ദ്ര ഇ വെരിറ്റോ എന്നീ വാഹനങ്ങൾക്ക് 15 കിലോവാട്ടിന്റെ ചാർജിംഗ് പോയിന്റിൽ നിന്ന് ചാർജ് ചെയ്യാം. വലിയ കാറുകളായ ഹ്യൂണ്ടായ് കോന, ടാറ്റ നെക്സൺ, എം.ജി സെഡ് എസ് എന്നിവ കോംബോ ചാർജിംഗ് പോയിന്റിൽ നിന്ന് ചാർജ് ചെയ്യാം. വാഹനങ്ങളുടെ ബാറ്ററി 20 മിനിട്ട് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. പി.എം.ജിയിലെ ചാർജിംഗ് സ്റ്റേഷനുകളിൽ ഇ റിക്ഷകൾ ചാർജ് ചെയ്യാനും അനുവദിക്കുമെന്ന് അനർട്ട് അധികൃതർ വ്യക്തമാക്കി. അതേസമയം, ഈ ചാർജിംഗ് സ്റ്റേഷനുകളിൽ ഒരിടത്തും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ചാർജ് ചെയ്യാനാകില്ല.

അടുത്ത വർഷം മാർച്ചോടെ 300 ഇലക്ട്രിക് വാഹനങ്ങൾ വിവിധ സർക്കാർ വകുപ്പുകൾക്ക് നൽകാനാണ് അനർട്ട് ശ്രമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നതോടെ ഇത് ആയിരമായി ഉയർത്താമെന്ന പ്രതീക്ഷയിലാണ് അവർ. എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡിന്റെ (ഇ.ഇ.എസ്.എൽ) പദ്ധതിയിലൂടെയാകും അനർട്ട് ഇ വാഹനങ്ങൾ വാങ്ങുക. തുടർന്ന് സർക്കാർ വകുപ്പുകൾക്ക് വാഹനങ്ങൾ വാടകയ്ക്ക് നൽകും. ഓരോ വാഹനങ്ങൾക്കും വാടക വ്യത്യസ്തമായിരിക്കും. വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും ഇൻഷ്വറൻസ് അടക്കമുള്ള ചെലവുകളും അനർട്ടായിരിക്കും വഹിക്കുക. രണ്ടുലക്ഷം ഇരുചക്ര വാഹനങ്ങൾ, ആയിരം ചരക്കുവാഹനങ്ങൾ, 50,000 ത്രീ വീലറുകൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവടയക്കം 2022ഓടെ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം.