വയനാട്ടിന്റെ എഴുത്തുകാരി പി. വത്സലയ്ക്കിത് വിശ്രമജീവിതമാണ്. തിരുനെല്ലിയിൽ നിന്നും പ്രചോദനമുൾകൊണ്ട് അക്ഷരങ്ങളുടെ ജീവിതക്കാഴ്ചയൊരുക്കി ആസ്വാദകരെ വിസ്മയിപ്പിച്ച ആ മനസിലെ ഓർമ്മകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു. കൂമൻകൊല്ലിയിൽ വർഷത്തിൽ സ്ഥിരമായി വിളവെടുപ്പിന് വരാറുള്ള കഥാകാരി ഇനി വരുമോ എന്ന് പ്രകൃതി പോലും ചോദിക്കുമ്പോൾ അക്ഷരജീവിതത്തിലൂടെ ഒരു സഞ്ചാരം
പതിനേഴ് നോവലുകൾ, മുന്നൂറിലേറെ ചെറുകഥകൾ, ബാലസാഹിത്യ കൃതികൾ, ജീവചരിത്ര ഗ്രന്ഥങ്ങൾ, യാത്രാവിവരണങ്ങൾ. നാട് നീളെ സാംസ്കാരിക പ്രഭാഷണങ്ങൾ, വിദേശയാത്രകൾ... 83 വയസിനിടയിൽ പി.വത്സല പറഞ്ഞ് തീർത്തതിന്റെ കണക്കാണിത്. ഇനി വയ്യ. വിശ്രമ ജീവിതമാണ്. പഴയതൊന്നും ഒാർത്തെടുക്കാൻ കഴിയാത്ത അവസ്ഥ. വരികൾ മുറിയുന്നു. പേനയെടുത്താൽ എന്തെഴുതണമെന്നറിയുന്നില്ല. ചിലനേരത്ത് ആളുകളെയും ഓർത്തെടുക്കാൻ പറ്റുന്നില്ല. വാക്കുകൾ കൊണ്ട് അമ്മാനമാടിയിരുന്ന കഥാകാരിയെ ഈ അവസ്ഥയിൽ കാണുമ്പോൾ വിശ്വസിക്കാനാകാത്ത പോലെ.
തിരുനെല്ലിയാണ് എല്ലാത്തിനും പ്രചോദനം. എഴുത്തിനായി എവിടെയിരുന്നാലും തിരുനെല്ലിയെ ഒന്നോർത്താൽ മതി. ഭാഷ പ്രവഹിക്കും. പാപനാശിനിയിലെ പാലരുവി പോലെ... ബ്രഹ്മഗിരി മലനിരകളിൽ നിന്ന് കളകളഗാനം പാടിയൊഴുകി കാളിന്ദിയിൽ വന്ന് പതിക്കുന്ന നീരൊഴുക്ക് പോലെ. അത് മനോഹരമായിരിക്കും. 'കേരളകൗമുദി"ക്ക് വേണ്ടി എന്തു ചോദിച്ചാലും നിമിഷ നേരം കൊണ്ട് എഴുതി തരും. എന്നിട്ട് പറയും, ആരെയെങ്കിലും വിട്ട് എടുപ്പിക്കാൻ. അതാണ് പതിവ്. കഴിഞ്ഞ ഒാണക്കാലത്ത് ഒരു കഥയ്ക്കായി പി.വത്സലയെ അറിയിച്ചു. 'ഒാ... തരാമല്ലോ നിനക്കല്ലാതെ പിന്നെ ഞാൻ മറ്റാർക്കാണ് കൊടുക്കുക." അതാണ് ബന്ധം. അതൊരു കുടുംബ ബന്ധമാണ്. വർഷങ്ങൾ പഴക്കമുള്ളത്. കഥക്കായി പല തവണ വിളിച്ചു. 'എഴുതാം, തരാം, ആളെ വിടൂ..." എന്നൊക്കെയായി മറുപടി. പി.വത്സല ഇങ്ങനെയല്ലല്ലോ? നേരിൽ കാണാനായി മകൾ ഡോ. മിനി താമസിക്കുന്ന മുക്കം അഗസ്റ്റ്യമുഴിയിലേക്ക് യാത്ര തിരിച്ചു. അപ്പോഴാണ് അറിഞ്ഞത് ഒാർമ്മകൾക്ക് മങ്ങലേറ്റെന്ന്.
അഞ്ചാം ക്ളാസിൽ നിന്ന് തുടങ്ങിയ വായനശീലം. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ കഥയും കവിതയും എഴുതി തുടങ്ങി. തിരുനെല്ലി എന്ന് ഒാർക്കുമ്പോൾ തന്നെ മനസിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭൂതി. അടിയോരുടെ പെരുമന് (നക്സലൈറ്റ് നേതാവ് എ. വർഗീസ് ) വേണ്ടി തിരുനെല്ലി കാട്ടിൽ വെടി മുഴക്കം തുടങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെയെത്തി പ്രകൃതിയെയും മണ്ണിനെയും ഇവിടെയുള്ള കാടിന്റെ മക്കളായ മനുഷ്യരെയും കുറിച്ച് പഠിച്ച കോഴിക്കോട്ടുകാരി. മലാപ്പറമ്പ് കാനങ്ങോട്ട് ചന്തുവിന്റെയും ഇ.പത്മാവതിയുടെയും മകൾ.
'വയനാട്ടിൽ ആദിവാസികൾ നരക ജീവിതം നയിക്കുന്നു, അവർക്ക് പറയാൻ ഏറെയുണ്ട്. വത്സലക്ക് ആവുമോ അവരെക്കുറിച്ച് പറയാൻ?" സഞ്ചാര സാഹിത്യകാരൻ എസ്.കെ. പൊറ്റക്കാടിന്റെയും എം.ടി. വാസുദേവൻ നായരുടെയും ഇൗ ചോദ്യം ഒരു വെല്ലുവിളി പോലെ ഏറ്റെടുത്തു. പഠനം നടത്താൻ പറ്റിയ ഇടം തിരുനെല്ലിയാണെന്ന് വയനാട്ടിലെ ട്രൈബൽ ഡെവലപ്പ്മെന്റ് ഒാഫീസർ കെ.പാനൂരാണ് പി.വത്സലയോട് പറഞ്ഞത്. പിന്നെ ഒട്ടും ആലോചിച്ചില്ല. കെ.പാനൂരിന്റെ കത്തുമായി തിരുനെല്ലിയിലെ രാഘവൻ മാഷിനെ തേടിയിറങ്ങി. ദുർഘടം പിടിച്ച യാത്ര. ഘോര വനം. എങ്ങും വന്യമൃഗങ്ങൾ. മാനന്തവാടിയിൽ നിന്ന് ഹംസയുടെ ജീപ്പിലായിരുന്നു യാത്ര. ആറ് മാസം പ്രായമായ മൂത്ത മകൾ മിനിയെയും കൊണ്ടാണ് ഭർത്താവ് അപ്പുക്കുട്ടൻ മാസ്റ്റർക്കൊപ്പം ആദ്യത്തെ തിരുനെല്ലി യാത്ര. ബേഗൂർ പാലം പോലും അന്നില്ല. ഏറെ ബുദ്ധിമുട്ടി പുഴ കടന്നാണ് തിരുനെല്ലിയിലെത്തിയത്. എവറസ്റ്റ് കീഴടക്കിയത് പോലെ തോന്നി. ഇന്നത്തെപ്പോലെ വാഹന സൗകര്യമോ റോഡോ യാതൊന്നും ഇല്ലാത്ത കാനനഭൂമി. രാഘവൻ മാസ്റ്ററെ കണ്ടു. കാര്യങ്ങൾ അവതരിപ്പിച്ചു. കുറെ ദിവസത്തേക്ക് കഴിയാനുള്ള ഭക്ഷ്യ വസ്തുക്കളുമായാണ് ആ യാത്ര. തിരുനെല്ലിയുടെ, വയനാടിന്റെ കഥാകാരിയാകാനുള്ള യാത്രയുടെ തുടക്കം. തിരുനെല്ലിയുടെ മണ്ണിനെയും മനുഷ്യരെയും കുറിച്ച് പഠിക്കാൻ മാസത്തിൽ മൂന്നും നാലും തവണകളായി നിരന്തരമായി യാത്ര ചെയ്തു. കാനന മദ്ധ്യത്തിൽ ദിവസങ്ങളോളം താമസിച്ചു. കാടിനെയും കാടിന്റെ മക്കളെയും തൊട്ടറിഞ്ഞു. കാലാവസ്ഥയെക്കുറിച്ച് പഠിക്കാനായി വർഷ കാലത്തും അവിടെയെത്തി. അങ്ങനെ പി.വത്സല തിരുനെല്ലിയുടെ ഹൃദയം കവർന്നു, അവരിൽ ഒരാളായി. 'നെല്ല്" പിറവിയെടുത്തത് അങ്ങനെയാണ്. ലക്ഷണമൊത്ത കൃതി. മണ്ണിന്റെയും പെണ്ണിന്റെയും കഥ പറയാൻ തുടങ്ങിയത് അങ്ങനെയാണ്.
'തകർച്ച" എന്ന നോവലാണ് ആദ്യം എഴുതിയതെങ്കിലും 1972 ഫെബ്രുവരിയിൽ 'നെല്ല്" പുറത്തിറങ്ങി. മൂന്ന് വർഷത്തെ തുടർച്ചയായ പഠനം. നെല്ല് പല ഭാഷകളിലേക്ക്. പിന്നെ സിനിമയും. പി.വത്സലക്ക് കേരളത്തിന്റെ സാംസ്കാരിക ഭൂമിയിൽ അതോടെ ഇടം പിടിക്കാനായി.
'' എന്തൊരു മഴ! സന്ധ്യക്ക് തുടങ്ങി പുലരുംവരെ തുടർന്നു. കാർമേഘങ്ങൾ കൂട്ടത്തോടെ ആകാശത്തും മദിച്ച് നടന്നു. കുന്നുകളുടെയും വനനിരകളുടെയും വയലുകളുടെയും മുഖങ്ങൾ കറുത്തു. ബ്രഹ്മഗിരിയുടെ ഉച്ചിയിൽ കാവൽ നിന്നിരുന്ന ഒറ്റപ്പെട്ട വൃക്ഷങ്ങൾ രാക്ഷസാകാരം പൂണ്ടു. കാറ്റിന്റെ ബന്ധനങ്ങൾ പൊട്ടിത്തെറിച്ചു. അവ കാർമേഘങ്ങളെ അടിച്ചുടച്ചു തരിപ്പണമാക്കി. വാരിയെറിയപ്പെട്ട ചരൽക്കല്ലുകൾ പോലെ, മഞ്ഞുകട്ടകൾ ചിതറിതെറിച്ചു. പൂവിട്ട് തുടങ്ങിയിരുന്ന വെള്ളരിയും മത്തനും കുമ്പളവള്ളികളുമെല്ലാം അമ്പേ തകർന്നു." 'നെല്ലി"ൽ പി.വത്സല ഉപയോഗിച്ച വാക്കുകൾ മലയാള സാഹിത്യത്തിൽ മറ്റാരും തന്നെ ഉപയോഗിക്കാത്ത തരം വർണ്ണനയായിരുന്നു.
പ്രകൃതിയെ മനോഹരമായ ഭാഷകൊണ്ട് ആവാഹിച്ച പെണ്ണെഴുത്തുകാരി. പക്ഷേ സിനിമയായപ്പോൾ ആ ഭംഗി കൈമോശം വന്നുവെന്ന പരാതി കഥാകാരിക്ക് ഉണ്ടായിരുന്നു. തിരുനെല്ലിയുടെ, വയനാടിന്റെ നോവലുകളായി നാലെണ്ണം വത്സലയുടേതായി ഉണ്ട്. നെല്ലിന് പുറമെ ആഗ്നേയം, അരക്കില്ലം, കൂമൻകൊല്ലി. പിന്നെ ധാരാളം ചെറുകഥകളും. ആഗ്നേയം എഴുതാൻ പ്രേരണ നക്സലൈറ്റ് നേതാവ് എ. വർഗീസിന്റെ അനുഭവമാണ്. തിരുനെല്ലിയുടെ വശ്യമനോഹരമായ പ്രകൃതി ഭംഗിയും ഇവിടെയുള്ള ജീവിതങ്ങളും കഥകളിലേറെയും നിഴലിച്ചു. നെല്ലിൽ ഒരു ഭാഷയുണ്ട്. അപാരമായ സാഹിത്യം. അക്കാലത്ത് തിരുനെല്ലി ക്ഷേത്രം ഇന്ന് കാണുന്നത് പോലെയായിരുന്നില്ല. ഈ വർണ്ണന ഇങ്ങനെയാണ്.
'പുല്ല് മേഞ്ഞ കോവിലിനകത്തു മഞ്ഞ മന്ദാരമാലകൾ ചാർത്തിയ അർദ്ധനിമീതാക്ഷനായ തിരുനെല്ലിപ്പെരുമാൾ. ഒന്നുകൂടി നോക്കി. ആമലകേശ്വരനായ ശിവനല്ല. വിഷ്ണുഭഗവാൻ.അതെങ്ങനെ?ആലോചിച്ച് കൊണ്ട് വലത്തോട്ട് തിരിഞ്ഞു. മറ്റ് വഴികൾ കാണുന്നില്ല. ഇത് പാപനാശിനിയിലേക്ക് തന്നെ....."
വയനാട്ടിലെ ആദിവാസികളുടെ ദേശീയ ഉത്സവമാണ് വള്ളിയൂർക്കാവ് ഉത്സവം. അടിമവേലക്ക് ആദിവാസികളെ ജന്മിമാർ കണ്ടെത്തിയിരുന്നത് ഇൗ ഉത്സവപ്പറമ്പിൽ വച്ചാണ്. ഒരു വർഷത്തെ മിച്ചം വച്ച സമ്പാദ്യവുമായാണ് ആദിവാസികൾ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുക. ജീവിത പ്രാരാബ്ദങ്ങളുടെ കെട്ടഴിക്കാൻ ആദിവാസികളെല്ലാം ഉത്സവപ്പറമ്പിൽ ഒത്തുചേരുന്ന സുദിനം. പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ സമാപനദിവസത്തെ 'നെല്ലി"ൽ വർണ്ണിക്കുന്നത് ഇങ്ങനെയാണ്.
' പാതിരാവ് കഴിഞ്ഞു. അണിഞ്ഞൊരുങ്ങി ആർത്തുചിരിച്ചു നിന്ന ചന്ത ഒന്ന് തളർന്നു. എഴുന്നള്ളത്ത് അവസാനിച്ചു. ഉത്സാഹം കുറഞ്ഞു. നിദ്രയുടെയും ഉത്സാഹക്കുറവിന്റെയും മന്ത്രശക്തി, ചൈതന്യത്തെ ഒട്ടേറെ ആവാഹിച്ചെടുത്തു. വാങ്ങിക്കൂട്ടിയ സാധനങ്ങൾ മാറത്തടക്കി, തലയിൽ ചുമന്ന്, അവർ വിശ്രമിക്കാനിടം തേടി നടന്നു. തുണികൾ, ചേലകൾ, മാലകൾ, മുടിപ്പൂവുകൾ, പിഞ്ഞാണങ്ങൾ, കണ്ണാടി പതിച്ച ഡബ്ബകൾ, തകര വിളക്കുകൾ, കടലാസു പൂക്കൾ, പ്ളാസ്റ്റിക്കിന്റെ പാവകൾ, വെട്ടുകത്തികൾ, വർണ്ണപ്പകിട്ടാർന്ന ചീരങ്ങൾ-ചന്തയിൽ കണ്ടതൊക്കെ, അടിമപ്പണമായിക്കിട്ടിയ തുക തീരുംവരെ അവർ വാങ്ങിക്കൂട്ടി. ആ നിധികൾ പൊത്തിപ്പിടിച്ച് അവർ കിടന്നുറങ്ങി. ഒരു കൊല്ലത്തെ കാത്തിരിപ്പിന്റെ വേവലാതി കെട്ടടങ്ങിയ, അലസമായ മനസുകൾ എല്ലാം മറന്നു വിശ്രമിച്ചു. ഇനി മുന്നൂറ്ററുപത്തിനാല് നീണ്ട ദിവസങ്ങൾ. പട്ടിണിയുടെ, അദ്ധ്വാനത്തിന്റെ, ഇല്ലായ്മയുടെ, വൃത്തികേടിന്റെ ദിനങ്ങൾ. അതോർത്ത് അവർ ഒട്ടും ദു:ഖിച്ചില്ല."
തിരുനെല്ലിയെക്കുറിച്ചും പാപനാശിനിയെ കുറിച്ച് എത്ര പറഞ്ഞാലും തീരില്ല.
' രണ്ട് കാടുകൾ കൂടിച്ചേരുന്നേടത്ത് ഒരു ഇരുണ്ട വിടവിൽ നിന്ന് കണ്ണീരു പോലെ തെളിഞ്ഞൊരു കാട്ടരുവി കുതിച്ചിറങ്ങി വരുന്നു. കിഴക്കൻവെയിൽ തട്ടി ചതുപ്പ് തിളങ്ങി. ചോലവെളളം താഴെ ചതുപ്പിൽ അപ്രത്യക്ഷമാവുന്നു.നിലക്കാത്ത ഒരു തരം ഗ്ള,ഗ്ള, ഗ്ള.....ഗ്ള.ചതുപ്പിന്റെ വായിൽ കഴുത്തു ഞെരുങ്ങിയ കാട്ടരുവിയുടെ ഗദ്ഗദം. നടക്കുന്തോറും അകന്നകന്ന് പോകുന്ന അരുവി. അവസാനം കുസൃതിയായ അവളുടെ അടുത്തെത്തി. ഇവളാണ് വളർന്ന് വലുതായി, ബാവലിയായി, തിരുനെല്ലിക്കാരെ അനുഗ്രഹിച്ച് കൊണ്ട് കിഴക്കൻ താഴ്വാരത്തേക്ക് പോകുന്നത്."
പി.വത്സലയുടെ തിരുനെല്ലിയിലെ അവധിക്കാല വസതിയായ കൂമൻകൊല്ലിയിൽ ഇരുന്നാൽ കാളിന്ദിയുടെ ശബ്ദമറിയാം. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ഒരമ്മ പെറ്റമക്കളെപ്പോലെ കാടിറങ്ങി വരുന്നത് കാണാം. എഴുതിയതൊക്കെ ഇവിടെ ഇൗ സൗന്ദര്യം നുകർന്നാണ്. ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നതാകട്ടെ പ്രസിദ്ധമായ ഇരവഴിഞ്ഞിപ്പുഴയുടെ ഒാരത്തും.കോഴിക്കോട് ഗവ. ട്രെയിനിംഗ് സ്കൂളിൽ നിന്ന് 1993ൽ പ്രധാന അദ്ധ്യാപികയായിട്ടാണ് വിരമിച്ചത്.
കോഴിക്കോട് മലാപ്പറമ്പിലെ കാനങ്ങോട് തറവാട്ടിലെ കുട്ടിക്കാലത്തെുറിച്ച് 'കിളിക്കാലം" എന്ന പേരിൽ നോവൽ പകുതിയാക്കി വച്ചിട്ടുണ്ട്. പിന്നെ 'മറുപുറം" എന്ന നോവലിനും ഇത് തന്നെയാണ് അവസ്ഥ. അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ചും എഴുതാൻ പദ്ധതിയിട്ടു. ഇനി ഇതൊന്നും പൂർത്തിയാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പി.വത്സലയുടെ മുന്നൂറോളം കഥകൾ ചേർത്ത് എൻ.ബി.എസ് ഒരു പുസ്തകം ഇറക്കാൻ പോകുകയാണ്. അതേ പോലെ വത്സലയെക്കുറിച്ച് വന്ന ലേഖനങ്ങൾ ചേർത്ത് മറ്റൊരു പുസ്തകവും വരുന്നുണ്ട്. ഡോ: മിനി, അരുൺ മാറോളി എന്നിവരാണ് മക്കൾ. ഡോ: മിനി.മുക്കത്ത് ശാന്തി ക്ളിനിക്ക് നടത്തുന്നു.വെറ്റിറനറി സർജൻ ഡോ: നീനാകുമാറാണ് ഭർത്താവ്.അരുൺ മാറോളി ന്യൂയോർക്കിൽ മോർഗൺ ആന്റ് സ്റ്റാൻലി ഫിനാൻസിയേഴ്സ് ബാങ്ക് വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു.പതിനഞ്ച് വർഷമായി ന്യൂയോർക്കിലാണ്. ഭാര്യ അഡ്വ. കസ്തൂരി വിദ്യാ നമ്പ്യാർ സ്നോഫി മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്നു, ഒരു മകൻ വേദ്.
മരിച്ച് പോയ അമ്മയുടെ ക്രിയ ചെയ്യാൻ തിരുനെല്ലി പാപനാശിനിയിൽ എത്തിയ രാഘവൻ നായരും അമ്പലകുന്ന് വാര്യത്തെ സാവിത്രി വാരസ്യാരും കേവലം കഥാപാത്രങ്ങളായിരുന്നില്ല. ആഗ്നേയത്തിലെ നങ്ങേമ അന്തർജ്ജനം പാലക്കാട്ടെ ചിറ്റൂരിൽ നിന്ന് വയനാട്ടിലേക്ക് കുടിയേറിയതാണ്. മല്ലൻ, മാര, ക്ഷുരകൻ ഗോപാലൻ, തട്ടാൻ ബാപ്പു, കടക്കാരൻ സെയ്ത്, ശങ്കരൻകുട്ടി, പേമ്പി, പൗലോസ്, ബാലൻ നമ്പ്യാർ, അനന്തൻ മാസ്റ്റർ എന്നിവരെയൊക്കെ പലപ്പോഴായി യാത്രയിൽ കണ്ടെത്തിയതാണ്. വത്സലയുടെ സ്ത്രീ കഥാപാത്രങ്ങൾ അതിശക്തരാണ്. അതിൽ നങ്ങേമ ശ്രദ്ധേയമായ കഥാപാത്രം. കഥാപാത്രങ്ങൾക്കൊപ്പം പ്രകൃതി ഭംഗിയും എഴുത്തിൽ വിഷയമായി. വത്സല പ്രകൃതിയെ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ട്. തിരുനെല്ലിയിലെ കൂമൻകൊല്ലി എന്ന വീടും കോഴിക്കോട് മേരിക്കുന്നിലെ അരുൺ എന്ന വീടും മുക്കത്തെ മകൾ മിനിയുടെ വീടും ന്യൂയോർക്കിലെ മകൻ അരുണിന്റെ വീടും കാടിന്റെ പശ്ചാത്തലത്തിൽ തന്നെ എന്നതും മറ്റൊരു കൗതുകം.
അപ്പുക്കുട്ടി മാഷ് നിഴൽ പോലെ ടീച്ചർക്കൊപ്പം ഇപ്പോഴും കൂടെയുണ്ട്. വയസ് തൊണ്ണൂറായി. കഥാകാരി എന്തെഴുതിയാലും അപ്പുക്കുട്ടി മാഷാണ് ആദ്യം വായിക്കുക. അതാണ് പതിവ്. ഇത്രയും കാലത്തെ കൃതികളിലെ ഒാരോ കഥാപാത്രങ്ങളും അപ്പുക്കുട്ടി മാഷിന്റെ മനസിൽ തികട്ടുന്നുണ്ട്. ഒാരോ വരികളും മനഃപാഠം. കൊവിഡ് മാനദണ്ഡങ്ങൾക്കിടയിൽ ആരോഗ്യം അനുവദിച്ചാൽ തിരുനെല്ലിയിലേക്ക് പോകണമെന്നാണ് മാഷ് പറയുന്നത്, കൂമൻകൊല്ലിയിലേക്ക്. 1987ലാണ് തിരുനെല്ലിയിൽ കൂമൻകൊല്ലി എന്ന പേരിൽ വീട് പണിയുന്നത്. കനകം വിളയുന്ന ഒരേക്കർ ഭൂമിയാണ്. തൊടിയിൽ കാപ്പി പഴുത്ത് നിൽക്കുന്നു. കുരുമുളകും മൂപ്പെത്തി തുടങ്ങി. വന്യമൃഗങ്ങൾ കാട് ഇറങ്ങി വരുന്നത് കൂമൻകൊല്ലിയിലൂടെയാണ്. വർഷത്തിൽ സ്ഥിരമായി വിളവെടുപ്പിന് വരാറുള്ള കഥാകാരി ഇനി വരുമോ?പ്രകൃതി പോലും ചോദിക്കുന്നത് അതാണ്. കഥാപാത്രങ്ങളെയൊക്കെ പറ്റുമെങ്കിൽ കാണണം. ആ പ്രകൃതി ഭംഗി ആവോളം ആസ്വദിക്കണം. സജീവമായി നിൽക്കണമെന്നാണ് ഡോക്ടറുടെ നിർദ്ദേശം. പക്ഷേ...